
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം ട്വന്റി-20 ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ ട്രോഫിയുമായി ക്ഷേത്രദർശനം നടത്തിയതിനെച്ചൊല്ലി വിവാദം പുകയുന്നു. മുൻ ഇന്ത്യൻ താരവും തൃണമൂൽ കോൺഗ്രസ് എംപിയുമായ കീർത്തി ആസാദിന്റെ വിമർശനത്തിന് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ മറുപടി നൽകിയതോടെയാണ് വാക്‌പോര് മുറുകിയത്. താരങ്ങളെ തരംതാഴ്ത്തരുതെന്നും ജനാധിപത്യ രാജ്യത്ത് എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്നും കീർത്തി ആസാദ് പ്രതികരിച്ചു.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ മൂന്നാം ട്വന്റി-20 ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. വിജയത്തിന് പിന്നാലെ നായകൻ സൂര്യകുമാർ യാദവ്, പരിശീലകൻ ഗൗതം ഗംഭീർ, ഐസിസി ചെയർമാൻ ജയ് ഷാ എന്നിവർ സ്റ്റേഡിയത്തിന് സമീപമുള്ള ഹനുമാൻ ക്ഷേത്രത്തിൽ ട്രോഫിയുമായി ദർശനം നടത്തിയിരുന്നു.
ഇതിനെതിരെയാണ് 1983-ലെ ലോകകപ്പ് ജേതാവായ കീർത്തി ആസാദ് രംഗത്തെത്തിയത്. കായികതാരങ്ങൾക്കോ കായിക വിനോദത്തിനോ പ്രത്യേക ജാതിയോ മതമോ ഇല്ലെന്നും, ടീം ഇന്ത്യയുടെ വിജയം 140 കോടി ജനങ്ങളുടേതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ആസാദിന്റെ വിമർശനം മറുപടി അർഹിക്കുന്നില്ലെന്നായിരുന്നു ഗംഭീറിന്റെ നിലപാട്. ഇത്തരം പ്രസ്താവനകൾ താരങ്ങളുടെ കഠിനാധ്വാനത്തെ വിലകുറച്ചു കാണിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
'ഇത്തരം പ്രസ്താവനകൾ നമ്മുടെ നേട്ടത്തിന്റെ മാറ്റു കുറയ്ക്കും. ദക്ഷിണാഫ്രിക്കയിലെ തോൽവിക്ക് ശേഷം വലിയ സമ്മർദ്ദത്തിലൂടെയാണ് താരങ്ങൾ കടന്നുപോയത്. അത്തരമൊരു വിജയത്തിന് ശേഷം ഇത്തരം കാര്യങ്ങൾ പറയുന്നത് സ്വന്തം ടീമിനെയും താരങ്ങളെയും തരംതാഴ്ത്തുന്നതിന് തുല്യമാണ്.'- ഇന്ത്യൻ പരിശീലകൻ ഗംഭീർ പറഞ്ഞു.
ഗംഭീറിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ആസാദ് വീണ്ടും പ്രതികരിച്ചത്. 'താരങ്ങളെ തരംതാഴ്ത്താൻ പാടില്ല എന്നത് ശരിയാണ്. എന്നാൽ താരങ്ങൾ സ്വന്തം നിലവാരവും തരംതാഴ്ത്തരുത്. നമ്മുടെ രാജ്യം എല്ലാ മതസ്ഥരും ഒത്തുവാഴുന്ന ഒന്നാണ്, എല്ലാവരെയും ബഹുമാനിക്കണം, ഒരു കായികതാരമോ കായിക വിനോദമോ ഏതെങ്കിലും മതത്തിലോ ജാതിയിലോ പെടുന്നതല്ല, ടീം ഇന്ത്യ രാജ്യത്തെ വിജയിപ്പിച്ചു. ഇത് ഇന്ത്യയിലെ ജനങ്ങൾക്ക് അഭിമാനമുള്ള കാര്യമാണ്.' ആസാദ് കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |