
തിരുവനന്തപുരം: അമൃത് ഭാരത് എക്സ്പ്രസിന് കേരളത്തിൽ മൂന്ന് പുതിയ സ്റ്റോപ്പുകൾ അനുവദിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് സ്റ്റേഷനുകളിലാണ് സ്റ്റോപ്പ് അനുവദിച്ചത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് സുരേഷ് ഗോപി ഇക്കാര്യം അറിയിച്ചത്.
പോസ്റ്റിന്റെ പൂർണരൂപം
ജനകീയ രഥത്തിന് ഇനി ഉത്തരമലബാറിലും സ്റ്റോപ്പുകൾ!
സാധാരണക്കാരുടെ വന്ദേഭാരത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന അമൃത് ഭാരത് എക്‌സ്പ്രസിന് പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ച വിവരം സന്തോഷപൂർവ്വം പങ്കുവെക്കുന്നു.
കണ്ണൂരിനും കാസർകോടിനും ഇടയിൽ ട്രെയിൻ സ്റ്റോപ്പുകളുടെ അഭാവം മൂലം ഉത്തരമലബാറിലെ യാത്രക്കാർ അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകൾ നേരിട്ട് ബോദ്ധ്യപ്പെട്ടതിനെത്തുടർന്നാണ് കഴിഞ്ഞ ഫെബ്രുവരി മൂന്നിന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിന് ഈ വിഷയത്തിൽ നിവേദനം സമർപ്പിച്ചതും അദേഹവുമായി സംസാരിക്കാന്‍ സാധിച്ചതും. എഴിമല നാവിക അക്കാദമിയിലെ ഉദ്യോഗസ്ഥർ, പെരിങ്ങോം സിആർപിഎഫ് ക്യാമ്പിലെ ജവാന്മാർ, വിദ്യാർത്ഥികൾ, ചികിത്സക്കായി യാത്ര ചെയ്യുന്ന രോഗികൾ എന്നിവർക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും.
നമ്മുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുകയും വളരെ വേഗത്തിൽ നടപടി സ്വീകരിക്കുകയും ചെയ്ത റെയിൽവേ മന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിനും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. വികസനത്തിന്റെ വേഗത ഓരോ സാധാരണക്കാരനിലേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തോടെ നമുക്ക് ഒരുമിച്ച് മുന്നേറാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |