SignIn
Kerala Kaumudi Online
Wednesday, 27 January 2021 5.55 AM IST

സർക്കാരിന് കാശ് വേണം, അരലക്ഷം വ്യാപാരികൾക്ക് വർഷങ്ങൾക്ക് മുമ്പുള്ള വാറ്റ് നികുതിയുടെ പേരിൽ നോട്ടീസ്

traders-

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാർ പഴയ വാറ്റ് നികുതിയുടെ പേരിൽ കേരളത്തിലെ അരലക്ഷത്തോളം വ്യാപാരികൾക്ക് കോടിക്കണക്കിന് രൂപയുടെ പ്രീ അസസ്‌‌മെന്റ് നോട്ടീസ് നൽകിയത് വിവാദമാകുന്നു. ജി.എസ്.ടി വരുന്നതുവരെ നിലനിന്നിരുന്ന വാറ്റ് നികുതിയുടെ പേരിലാണ് ലക്ഷങ്ങളും കോടികളും അടയ്ക്കാനായി നോട്ടീസും സമൻസും അയച്ചത്. വാറ്റ് നികുതി നിലനിന്നിരുന്ന കാലത്തെ ഒരുവർഷത്തിൽ 500 കോടിയുടെ നികുതി വെട്ടിപ്പ് നടന്നു എന്ന് അനുമാനിച്ചാണ് ഇത്രയധികംപേർക്ക് ഇപ്പോൾ നോട്ടീസ് അയച്ചിരിക്കുന്നത്.

2017ൽ ജി.എസ്.ടി വരുന്നതുവരെ നിലനിന്നിരുന്ന വാറ്റ് നികുതിയിൽ വ്യാപാരികൾ നൽകുന്ന കണക്കുകളാണ് സർക്കാർ സ്വീകരിച്ചിരുന്നത്. സ്വയം നിർണയിച്ചാണ് ഇത് വ്യാപാരികൾ നൽകിയിരുന്നത്. എന്നാൽ, പരിശോധനയിൽ ഇവർ‌ നൽകിയ കണക്കുകളിൽ ക്രമക്കേട് ഉണ്ടെന്ന് കണ്ടെത്തുകയോ കേന്ദ്രസർക്കാർ ഓഡിറ്റിലോ നികുതി വകുപ്പിന്റെ ആഭ്യന്തര ഓ‌ഡിറ്റിലോ ക്രമരഹിതമായി എന്തെങ്കിലും കണ്ടെത്തുകയോ ചെയ്യുമ്പോഴാണ് വാറ്റിന് നികുതി നിയമത്തിലെ 25(1) വകുപ്പ് പ്രകാരം വീണ്ടും പ്രീ അസസ്‌‌മെന്റ് നോട്ടീസ് നൽകാറുള്ളത്. വ്യാപാരികൾ നൽകുന്നവയിലെ ഓരോ കണക്കും എടുത്തുകാട്ടി എവിടെയാണ് പൊരുത്തക്കേടുള്ളതെന്ന് പ്രീ അസസ്മെന്റ് നോട്ടീസിൽ വ്യക്തമാക്കാറുണ്ട്. ഇതിന് വ്യാപാരികൾക്ക് മറുപടി നൽകാനും അവസരമുണ്ട്. മറുപടി തൃപ്തികരമല്ലെങ്കിൽ വീണ്ടും അസസ്‌‌മെന്റ് നോട്ടീസ് നൽകും. തുടർന്ന് ആവശ്യപ്പെട്ട തുകയും പിഴയും ഒടുക്കണം. അല്ലെങ്കിൽ ബന്ധപ്പെട്ട് വ്യാപാരിക്കെതിരെ റവന്യു റിക്കവറി നടപടി സ്വീകരിക്കും. അസസ്‌‌മെന്റിനെതിരെ അപ്പീൽ നൽകാനും അവസരമുണ്ട്. അങ്ങനെവരുമ്പോൾ അടയ്ക്കാനായി ആവശ്യപ്പെട്ട നോട്ടീസ് തുകയുടെ 20 ശതമാനം വ്യാപാരികൾ കെട്ടിവയ്ക്കണം. അത് തിരിച്ചുകിട്ടണമെങ്കിലും വർഷങ്ങളുടെ നിയമ പോരാട്ടം വേണ്ടിവരും. ഇതുകൂടി കണക്കിലെടുത്താണ് വർഷങ്ങൾക്ക് മുമ്പുള്ള വാറ്റ് നികുതിയുടെ പേരിൽ നോട്ടീസ് നൽകിയിരിക്കുന്നത്. അപ്പീൽ നൽകാൻ തയാറായാൽ 20 ശതമാനം കെട്ടിവയ്ക്കണമെന്നതിനാൽ അതിന്റെ പേരിലും നല്ലൊരു തുക സർക്കാരിന് തത്കാലത്തേക്കെങ്കിലും ഖജനാവിലെത്തും. അതുകൂടി കണക്കിലെടുത്താണ് ഇത്രയധികംപേർക്ക് നോട്ടീസ് അയയ്ക്കാൻ തീരുമാനിച്ചതെന്നാണ് ആക്ഷേപം.

വാറ്റ് നികുതിയുടെ അസസ്‌‌മെന്റിന് അ‌‌ഞ്ചു വർഷത്തെ കാലാവധിയെ ഉള്ളൂ എന്നതിനാലാണ് 2013-14 വർഷത്തെ വാറ്റ് നികുതിയുമായി ബന്ധപ്പെട്ട് വ്യാപാരികൾക്ക് ഇപ്പോൾ ജി.എസ്.ടി വകുപ്പ് നോട്ടീസ് നൽകുന്നത്. അടുത്ത വർഷം മാർച്ച് 31 നുള്ളിൽ അടയ്ക്കണമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോഴത് ഡിസംബർ 31 നകം നൽകണമെന്നാണ് നിർദ്ദേശം. മുൻകാലങ്ങളിൽ പ്രീ അസസ്‌‌മെന്റ് നോട്ടീസ് നൽകുമ്പോൾ വിശദമായ കാരണം അതിലുണ്ടാകുമായിരുന്നു. ഒരു വ്യാപാരിയുടെ ടിൻ, പിൻ നമ്പറുകൾ തെറ്റായി മറ്റാരെങ്കിലും ഉപയോഗിച്ചാലോ മറ്റെന്തെങ്കിലും സാങ്കേതിക പിഴവ് ഉണ്ടായാലോ സെൽഫ് അസസ്‌‌മെന്റിൽ തെറ്റ് വന്നതായി കാണിക്കും. ഇപ്പോൾ തുക മാത്രം കാണിക്കുന്നതുകൊണ്ട് വ്യാപാരിക്ക് എവിടെയാണ് തെറ്റിയതെന്ന് കണ്ടെത്താനാവില്ല. അഞ്ചു വർഷം മുമ്പുള്ള കണക്കുകളും ബില്ലുകളും കണ്ടെത്താനും ബുദ്ധിമുട്ടാകും. മാത്രമല്ല, യാതൊരു മുന്നൊരുക്കമില്ലാതെയാണ് ഇപ്പോൾ പ്രീ അസസ്‌‌മെന്റ് നോട്ടീസ് അയച്ചിരിക്കുന്നതെന്നാണ് ആക്ഷേപം. 2013-14ലെ അസസ്‌‌മെന്റ് തൊട്ടടുത്ത വർഷമൊന്നും ഉദ്യോഗസ്ഥർ നടത്താതെയിരുന്നതിനാൽ അതിന്റെ ഉത്തരവാദിത്വവും വ്യാപാരികളിൽ വന്നു ചേർന്നു. ഇനി തങ്ങൾ നിരപരാധികളാണെന്ന് തെളിയിക്കേണ്ട ബാദ്ധ്യതയും വ്യാപാരിക്കായി.

അതിനാൽ, സ്വാഭാവികമായും ടാക്സ് പ്രാക്ടീഷണർമാരെയും അഭിഭാഷകരെയും ചാർട്ടേഡ‌് അക്കൗണ്ടന്റുമാരെയും സമീപിക്കേണ്ട സ്ഥിതിയിലാണ് വ്യാപാരികൾ. റിട്ടയർ ചെയ്ത ശേഷം ടാക്സ് പ്രാക്ടീഷണർമാരായി സേവനം തുടങ്ങിയവർക്കും ഇതൊരവസരമായി. സർക്കാരിനാണെങ്കിൽ 20 ശതമാനം അപ്പീൽ കെട്ടിവയ്ക്കൽ തുകയായി കുറച്ചുകാലത്തേക്കെങ്കിലും കിട്ടുമല്ലോ എന്ന നേട്ടമുണ്ട്. ഇതുകൂടാതെ ലീഗൽ ബെനിഫിറ്ര് ഫീ എന്ന നിലയിൽ ആവശ്യപ്പെട്ട തുകയുടെ ഒരു ശതമാനം സ്റ്രാമ്പ് ഡ്യൂട്ടിയായും സർക്കാരിന് കിട്ടും.

കഴി‌ഞ്ഞ പ്രളയകാലത്ത് മാത്രം 8000 കോടി രൂപയുടെ നഷ്ടം സംഭവിച്ച തങ്ങൾക്ക് സർക്കാരിൽ നിന്ന് ഒരു നയാപൈസ പോലും കിട്ടിയിട്ടില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. സർക്കാർ നൽകിയ പ്രീ അസസ്‌‌മെന്റ് നോട്ടീസിനെതിരെ സമര മാർഗങ്ങളുമായി മുന്നോട്ട് പോകാനാണ് വ്യാപാരി സംഘടനകളുടെ തീരുമാനം. മുമ്പുള്ള പ്രീ അസസ്‌‌മെന്റ് നോട്ടീസിന് മറുപടി നൽകി നടപടികൾ ഉപേക്ഷിച്ച കേസുകളിലും ഇപ്പോൾ വീണ്ടും നോട്ടീസ് അയച്ചതും വിവാദമായി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VAT, TAX, GST, KERALA, GOVERNMENT
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.