
വടക്കഞ്ചേരി: രണ്ടാംവിള കൊയ്ത്ത് പൂര്‍ത്തിയായതോടെ നെല്‍പ്പാടങ്ങളില്‍ ലഭിക്കുന്ന വൈക്കോലിന് ആവശ്യം കൂടി. കൊയ്ത്തുയന്ത്രങ്ങള്‍ നെല്‍ കൊയ്യുന്നതിന് ശേഷം പാടശേഖരങ്ങളില്‍ കിടക്കുന്ന ഉണങ്ങിയ വൈക്കോല്‍ മൂന്നടി വലിപ്പത്തിലുള്ള റോളുകളാക്കി മാറ്റി വിപണിയില്‍ എത്തിക്കുകയാണ്.
ഒരു റോള്‍ വൈക്കോലിന് 50 മുതല്‍ 70 രൂപ വരെ വില ലഭിക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് ഇത് അധിക വരുമാന മാര്‍ഗമാണ്. ക്ഷീരകര്‍ഷകരും വൈക്കോല്‍ കച്ചവടക്കാരും നേരിട്ട് പാടങ്ങളിലെത്തി വാങ്ങുന്നതാണ് പതിവ്. മുന്‍പ് ഒന്നാംവിളക്കാലത്ത് വൈക്കോല്‍ ക്ഷാമം ഉണ്ടായപ്പോള്‍ സംഭരിച്ചിരുന്ന വ്യാപാരികള്‍ ഒരു റോള്‍ക്ക് 250 മുതല്‍ 300 രൂപ വരെ വില ഈടാക്കിയിരുന്നു.
മറ്റു ജില്ലകളിലേക്ക് വില്‍പ്പന നടത്തുന്നതിനായി ചില വ്യാപാരികള്‍ നെല്‍പ്പാടങ്ങളില്‍ നിന്നുതന്നെ വൈക്കോല്‍ മൊത്തമായി വാങ്ങുകയാണ്. അവര്‍ തന്നെ ട്രാക്ടറുകള്‍ ഉപയോഗിച്ച് റോളാക്കി മാറ്റി കൊണ്ടുപോകുന്നു. ഏക്കറിന് 1700 മുതല്‍ 2000 രൂപ വരെയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഒരു ഏക്കറില്‍ നിന്നായി മൂന്നടി വലിപ്പത്തിലുള്ള 40 മുതല്‍ 55 വരെ വൈക്കോല്‍ റോളുകള്‍ ലഭിക്കും. ഇതിനു പുറമെ രണ്ട് അടി വലിപ്പത്തിലുള്ള മെഷീനുകള്‍ ഉപയോഗിച്ചാല്‍ 75 മുതല്‍ 90 വരെ റോളുകള്‍ ലഭ്യമാകുന്നുണ്ട്.
റോള്‍ സംവിധാനം കര്‍ഷകര്‍ക്ക് വെല്ലുവിളി
ഒന്നാംവിള കാലത്ത് മഴ കാരണം വൈക്കോല്‍ ചീഞ്ഞുപോകുന്നതിനാല്‍ ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യം നിലനിന്നിരുന്നു. ഇതാണ് രണ്ടാംവിള വൈക്കോലിന് ആവശ്യകത വര്‍ദ്ധിക്കാന്‍ പ്രധാന കാരണം. എന്നാല്‍ റോള്‍ സംവിധാനം വന്നതോടെ സംഭരണം കര്‍ഷകര്‍ക്ക് വെല്ലുവിളിയായി മാറിയിട്ടുണ്ട്. ഒരു റോള്‍ കെട്ടുന്നതിനായി ട്രാക്ടര്‍ ഉടമകള്‍ 40 രൂപയാണ് ഈടാക്കുന്നത്.
സംഭരണം വെല്ലുവിളി
പ്രത്യേക ഷെഡുകള്‍ ഇല്ലാത്തവര്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍, ടാര്‍പ്പായ, പഴയ ഫ്ളക്സുകള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് വൈക്കോല്‍ സൂക്ഷിക്കുന്നത്. കൂനയാക്കി പുരമേഞ്ഞ രീതിയില്‍ സൂക്ഷിക്കാന്‍ കഴിയാത്തത് വലിയ പ്രശ്നമാണ്. മഴയോ ഈര്‍പ്പമോ തട്ടിയാല്‍ റോള്‍ ചെയ്ത വൈക്കോല്‍ വേഗത്തില്‍ നശിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |