
ദുബായ്: യുഎഇയിലെ പ്രവാസികളടക്കമുള്ളവർക്ക് ഈ വർഷത്തെ ഏറ്റവും ദൈർഘ്യം കൂടിയ അവധി മേയ് മാസത്തിൽ ലഭിച്ചേക്കും. ബലിപ്പെരുന്നാളും അറഫ ദിനവും പ്രമാണിച്ച് ആറ് ദിവസത്തെ പൊതുഅവധി ലഭിക്കാനുളള സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഏമിറേറ്റ്സ് അസ്‌ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാനാണ് ഇതേക്കുറിച്ച് വിവരം നൽകിയത്.
മേയ് 27ന് ആണ് ബലിപെരുന്നാളിന് സാദ്ധ്യത. മേയ് 26ന് ആണ് ഹജ്ജ് കർമ്മങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട അറഫാ ദിനം. എന്നാൽ മാസപ്പിറവി കാണുന്നതിന് അനുസരിച്ച് മാത്രമേ തീയതികളിൽ വ്യക്തത വരികയുള്ളൂ. യുഎഇയുടെ തീരുമാനപ്രകാരം ബലിപെരുന്നാളിന് മൂന്ന് ദിവസത്തെ അവധിയും അറഫാ ദിനത്തിന് ഒരു ദിവസത്തെ അവധിയുമാണ് നൽകാറുള്ളത്. ഇങ്ങനെ നോക്കുമ്പോൾ മേയ് 26 മുതൽ 29 വരെ അവധിയായിരിക്കും. ഇതിന് ശേഷം ശനി, ഞായർ (മേയ് 30, 31) കൂടി ചേരുമ്പോൾ തുടർച്ചയായി അറ് ദിവസത്തെ അവധി ലഭിക്കും.
ആറ് ദിവസം തുടർച്ചയായി അവധി ലഭിക്കുന്നത് ചില പ്രവാസികൾക്ക് നാട്ടിലെത്തി ബലിപ്പെരുന്നാൾ ആഘോഷിച്ച് മടങ്ങാൻ സാധിക്കും. അവധിക്കാല യാത്ര പ്ലാൻ ചെയ്യുന്നവർക്കും ഈ അവധി ദിനങ്ങൾ ഗുണകരമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |