SignIn
Kerala Kaumudi Online
Sunday, 17 May 2026 6.13 PM IST

ഫിൻ അലന്റെ ഔട്ട് അമ്പയറിന്റെ പിഴവ്, തേർഡ് അമ്പയർ കൂടുതൽ ആംഗിളുകൾ പരിശോധിക്കാൻ തയ്യാറായില്ല

rovman-powell-

കൊൽക്കത്ത: ഐപിഎലിൽ തുടർച്ചയായ രണ്ടാം ദിനവും അവസാന പന്തിലേക്ക് നീണ്ട ആവേശം നിറഞ്ഞ മത്സരത്തിലാണ് ലഖ്നൗ സൂപ്പർ ജയന്റ്സ് ഉജ്ജ്വല വിജയം സ്വന്തമാക്കിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉയർത്തിയ 182 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ലഖ്നൗവിന് വേണ്ടി യുവതാരം മുകുൾ ചൗധരി നടത്തിയ തകർപ്പൻ പ്രകടനമാണ് അവിശ്വസനീയ വിജയത്തിലേക്ക് ടീമിനെ എത്തിച്ചത്. ഒരു വിക്കറ്റിനായിരുന്നു ലഖ്നൗവിന്റെ ജയം. വിജയിക്കാൻ അവസാന രണ്ട് പന്തിൽ ഏഴ് റൺസ് വേണമെന്നിരിക്കെ സ്‌ട്രൈക്കിലുണ്ടായിരുന്ന മുകുൾ ചൗധരി അഞ്ചാം പന്ത് സിക്സടിക്കുകയായിരുന്നു.അവസാന രണ്ട് ഓവറിൽ 30 റൺസ് വേണമെന്നിരിക്കെയായിരുന്നു മുകുൾ കൊൽക്കത്തയുടെ കൈകളിൽ നിന്ന് വിജയം തട്ടിയെടുത്തത്.

എന്നാൽ മത്സരം ലഖ്നൗ ജയിച്ചെങ്കിലും കെകെആർ താരം ഫിൻ അലന്റെ പുറത്താകലിനെച്ചൊല്ലിയുള്ള തർക്കങ്ങളാണ് ഇപ്പോൾ പുകയന്നത്. ബൗണ്ടറി ലൈനിൽ ദിഗ്‌വേഷ് രതിയെടുത്ത ക്യാച്ചിൽ ഫീൽഡറുടെ കാൽ ബൗണ്ടറി ലൈനിൽ സ്പർശിച്ചിരുന്നുവെന്നാണ് കെകെആർ ക്യാമ്പിന്റെ ആരോപണം. എന്നാൽ തേർഡ് അമ്പയർ കൂടുതൽ ആംഗിളുകൾ പരിശോധിക്കാൻ തയ്യാറാകാതെ ഔട്ട് വിധിക്കുകയായിരുന്നു.

കെകെആർ താരം റോവ്മാൻ പവൽ മത്സരശേഷം അമ്പയർമാരുടെ തീരുമാനത്തെ രൂക്ഷമായിട്ടായിരുന്നു വിമർശിച്ചത്. 'അത് വലിയ പിഴവാണ്. ഇതിലും നിസാരമായ കാര്യങ്ങൾക്ക് പോലും അമ്പയർമാർ തേർഡ് അമ്പയറുടെ സഹായം തേടാറുണ്ട്. കൂടുതൽ ക്യാമറ ആംഗിളുകൾ പരിശോധിക്കണമായിരുന്നു. ആ സിക്സർ ലഭിച്ചിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നാകുമായിരുന്നു.' -റോവ്മാൻ പറഞ്ഞു.

എങ്കിലും തോൽവിക്ക് കാരണം അത് മാത്രമല്ലെന്നും എതിർ ടീമിലെ യുവതാരത്തിന്റെ ബാറ്റിംഗ് മികച്ചതായിരുന്നുവെന്ന് പറയാനും അദ്ദേഹം മറന്നില്ല. ഈ തോൽവിയോടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾക്കും മങ്ങലേറ്റു. കളിച്ച മൂന്ന് മത്സരങ്ങളിലും തോൽവിയറിഞ്ഞ കെകെആറിന്റെ ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. നിലവിൽ പോയിന്റ് പട്ടികയിൽ ഏറെ പിന്നിലാണ് ടീം. സ്വന്തം തട്ടകമായ ഈഡൻ ഗാർഡൻസിൽ ആരാധകർക്ക് മുന്നിൽ ജയിക്കാനാവാത്തതിൽ നിരാശയുണ്ടെന്നും റോവ്മാൻ പവൽ കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, SPORTS, LATESTNEWS, FINN ALEN, CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360