SignIn
Kerala Kaumudi Online
Saturday, 16 May 2026 10.14 AM IST

1000 രൂപയില്‍ കുറഞ്ഞ തുകയ്ക്ക് പെട്രോള്‍ വില്‍ക്കില്ല? പ്രതികരണവുമായി എണ്ണക്കമ്പനി

fuel

1000 രൂപയില്‍ കുറവ് നിരക്കില്‍ പെട്രോള്‍ ലഭിക്കില്ലെന്ന പ്രചാരണത്തില്‍ പ്രതികരണവുമായി എണ്ണക്കമ്പനി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴിലുള്ള പെട്രോള്‍ പമ്പുകളില്‍ 1000 രൂപയില്‍ കുറഞ്ഞ തുകയ്ക്ക് ഇന്ധനം നല്‍കില്ലെന്നാണ് പ്രചരിച്ച റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് വാസ്തവവിരുദ്ധമാണെന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം. അത്തരത്തില്‍ ഒരു നിയന്ത്രണവും തങ്ങളുടെ ഒരു പമ്പിലും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.

പശ്ചിമേഷ്യയില്‍ യുദ്ധ പ്രതിസന്ധി തുടരുന്നത് ഇന്ധന വിതരണത്തെ പ്രതികൂലമായി ബാധിച്ചുവെന്നും ഇതാണ് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള കാരണമെന്നുമാണ് പ്രചരിച്ചത്. പശ്ചിമേഷ്യന്‍ യുദ്ധം തുടങ്ങിയതോടെ രാജ്യത്തേക്കുള്ള ഇന്ധന വരവ് കുറഞ്ഞിരുന്നു. ഹോര്‍മൂസ് കടലിടുക്കില്‍ കൂടിയുള്ള എണ്ണക്കപ്പലുകളുടെ വരവ് കുറഞ്ഞതാണ് കാരണം.

റിലയന്‍സും ബ്രിട്ടീഷ് കമ്പനിയായ ബിപിയും ചേര്‍ന്നുള്ള ജിയോബിപിക്ക് രാജ്യത്തുടനീളം 2,000ത്തിലധികം പെട്രോള്‍ പമ്പുകളുണ്ട്. എണ്ണ വില്‍പനയ്ക്ക് ജിയോബിപി നിയന്ത്രണം കൊണ്ടുവന്നാല്‍ അത് സാധാരണക്കാരെ വലിയ രീതിയില്‍ ബാധിക്കും. അതേസമയം, എണ്ണ വില്‍പന നിയന്ത്രിക്കാന്‍ ഏകീകൃത നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടില്ലെന്നും പ്രാദേശികമായ ചില നിയന്ത്രണങ്ങളുടെ പേരിലാകും വാര്‍ത്ത പ്രചരിച്ചതെന്നും കമ്പനി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

രാജ്യത്തെ ഒരു കമ്പനികളും ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് ഔദ്യോഗിക വിവരം. റഷ്യയില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങിയും ഗള്‍ഫ് ഇതര രാജ്യങ്ങളില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി വര്‍ദ്ധിപ്പിച്ചുമാണ് ഇന്ത്യ നിലവില്‍ പ്രതിസന്ധിയെ തരണം ചെയ്യുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS, FUEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360