SignIn
Kerala Kaumudi Online
Thursday, 14 May 2026 10.37 PM IST

കിടപ്പറ പങ്കിടാത്ത ഏതെങ്കിലും ഒരു നടിമാരുണ്ടോ? ആ അഭിമുഖം ചർച്ചയായി, ഡെന്നീസ് ജോസഫ് എന്ന സബ് എഡിറ്റർ

alappy-ashraf

മോഹൻലാലിനെയും മമ്മൂട്ടിയെയും താരരാജക്കൻമാരാക്കിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് തൂലിക ചലിപ്പിച്ച തിരക്കഥാകൃത്താണ് ഡെന്നിസ് ജോസഫ്. 1985ൽ ജേസി സംവിധാനംചെയ്ത 'ഈറൻ സന്ധ്യ' യിലൂടെയാണ് ഡെന്നീസ് ചലച്ചിത്രരംഗത്ത് എത്തിയത്. ഭൂമിയിലെ രാജാക്കന്മാർ, ശ്യാമ, ചെപ്പ്, സംഘം, നായർസാബ്, നമ്പർ 20 മദ്രാസ് മെയിൽ, കിഴക്കൻ പത്രോസ്, വജ്രം, പത്താം നിലയിലെ തീവണ്ടി തുടങ്ങിയ സൂപ്പർ ഹിറ്റുകളും ഡെന്നീസ് ജോസഫിന്റെ തൂലികയിൽ പിറന്നു. ഇപ്പോഴിതാ ഡെന്നീസ് ജോസഫിന്റെ ജീവിതത്തിലെ ചില കാര്യങ്ങൾ തുറന്നുപറയുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്.

ആലപ്പി അഷ്റഫിന്റെ വാക്കുകളിലേക്ക്

'പ്രശസ്ത ചലച്ചിത്ര താരം ജോസ് പ്രകാശിന്റെ ഇളയ സഹോദരിയുടെ പുത്രനാണ് ഡെന്നീസ് ജോസഫ്. അദ്ദേഹം പഠിച്ചതാകട്ടെ, സിനിമയെയും കലയുമായും യാതൊരു ബന്ധവുമില്ലാത്ത ഫാർമസി കോഴ്സാണ്. എന്നാൽ തന്റെ അമ്മാവന്മാരായ ജോസ് പ്രകാശും പ്രേം പ്രകാശും തിരഞ്ഞെടുത്തത് സിനിമാ ജീവിതമായതുകൊണ്ടാവാം ഡെന്നീസും ആ വഴിയിലേക്ക് തിരിഞ്ഞത്. അടുത്ത സുഹൃത്തായിരുന്ന ഗായത്രി അശോകനും അന്തരിച്ച ന്യൂസ് ഫോട്ടോഗ്രാഫർ വിക്ടർ ജോർജും ക്യാമറാമാൻ സണ്ണി ജോസഫുമൊക്കെ സിനിമയിലേക്ക് കടന്നുവരാൻ പ്രചോദനം നൽകിയ സുഹൃത്ത് വലയങ്ങളായിരുന്നു.

ഡെന്നീസ് ജോസഫ് ആദ്യമായി സിനിമയിൽ മേഖലയിൽ പ്രവേശിക്കുന്നത് ഒരു സിനിമാ പ്രസിദ്ധീകരണത്തിന്റെ സബ് എഡിറ്ററായിട്ടായിരുന്നു. സിനിമെയും സിനിമാക്കാരെയും ഹാസ്യ രൂപത്തിൽ ആക്രമിക്കുന്ന കട്ട് കട്ട് എന്ന പ്രസിദ്ധീകരണത്തിന്റെ സബ് എഡിറ്ററായിരുന്നു ഡെന്നീസ് ജോസഫ്. കട്ട് കട്ടിന്റെ ഉടമയായ ഏലിയാസ് ഈരാളിയെക്കുറിച്ച് പരാമർശിക്കാതെ ഡെന്നീസ് ജോസഫിന്റെ സിനിമാ ചരിത്രം പൂർണമാകില്ല. അന്നത്തെ കാലത്ത് ഒന്നരലക്ഷത്തോളം കോപ്പികൾ വിറ്റുകൊണ്ടിരുന്ന പ്രസിദ്ധീകരണമായിരുന്നു കട്ട് കട്ട്.

സിനിമയിലെ അണിയറ രഹസ്യങ്ങളും വിവാദങ്ങളും കൈകാര്യം ചെയ്യാൻ അന്ന് എൽപ്പിച്ചിരുന്നത് ഡെന്നീസ് ജോസഫിനെയായിരുന്നു. അന്ന് നടി ഖദീജയുടെ ഒരു അഭിമുഖം കട്ട് കട്ടിൽ പ്രസിദ്ധീകരിച്ചിരുന്നു. ആ അഭിമുഖത്തിലൂടെ ഖദീജ ഉയർത്തിയ ഒരു വെല്ലുവിളിയുണ്ടായിരുന്നു. നിർമ്മാതാവിന്റെയും സംവിധായകരുടെയും കിടപ്പറ പങ്കിടാത്ത ഏതെങ്കിലും ഒരു നടിയുണ്ടെങ്കിൽ പറയട്ടേ, ഞാൻ വെല്ലുവിളിക്കുന്നു എന്നായിരുന്നു. ഇത് വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും കാരണമായി.

മലയാള സിനിമയിൽ വളരെ അധികം ശ്രദ്ധിക്കപ്പെടേണ്ട നിർമാതാവായിരുന്നു ഏലിയാസ് ഈരാളി. നിർഭാഗ്യമെന്ന് പറയട്ടെ അത്രത്തോളം ശ്രദ്ധയോ പ്രാധാന്യമോ മലയാള സിനിമ അദ്ദേഹത്തിന് നൽകിയിട്ടില്ല. കമലഹാസനെ നായകനാക്കി മലയാള സിനിമ നിർമിച്ചിട്ടുള്ള വ്യക്തിയാണ് ഈരാളി. നിരവധി സിനിമകൾ നിർമ്മിച്ചുവെങ്കിലും ഒന്നും തന്നെ ഹിറ്റ് ലിസ്റ്റിൽ ഇടംപിടിച്ചില്ല. അവസാനം മലയാള സിനിമയുടെ നെടും തൂണായി നിന്നിരുന്ന സമയത്ത് തന്റെ പഴയ മുതലാളിയായ ഈരാളിയെ സഹായിക്കാനായി ഡെന്നീസ് ജോസഫ് ചെന്നു.

അന്ന് രണ്ട് കഥകളാണ് ഡെന്നീസ് ഈരാളിയോട് പറഞ്ഞത്. അതിൽ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടത് 'അഥർവം' എന്ന കഥയായിരുന്നു. അത് പിന്നീട് അദ്ദേഹത്തിന്റെ നിർമാണത്തിൽ സിനിമയായി എങ്കിലും വലിയ വിജയം നേടിയില്ല. ഈരാളി വേണ്ടെന്ന് വച്ച ആദ്യ കഥയാണ് പിന്നീട് 'കോട്ടയം കുഞ്ഞച്ചൻ' എന്ന പേരിൽ തിയേറ്ററുകളിൽ എത്തി വലിയ വിജയം നേടിയത്. സഹായിക്കാൻ ആളുണ്ടായിട്ടും ഈരാളിയെ ഭാഗ്യം തുണച്ചില്ല. ഇന്ന് ഈരാളിയുടെ മകൻ വിഷ്ണുവും സിനിമയിൽ സജീവമാണ്. വന്ന വഴി മറക്കാത്ത വ്യക്തിയാണ് ഡെന്നീസ് എന്നതിന് ഉദാഹരണമാണ് ഈരാളി ഡെന്നീസ് സൗഹൃദം'- അഷ്റഫ് പറഞ്ഞു.

Add as a preferred source on Google
TAGS: CINEMA, VIRAL, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY