
ടെഹ്‌റാന്‍: അമേരിക്കയും ഇസ്രയേലും നടത്തുന്ന സംയുക്ത ആക്രമണത്തില്‍ ഇറാന്‍ നേരിടുന്നത് കടുത്ത പ്രതിസന്ധി. രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ നാശനഷ്ടമുണ്ടാകുന്നതിന് പുറമേ സാമ്പത്തിക അടിത്തറ കൂടുതല്‍ അപകടത്തിലേക്കെന്നാണ് സൂചന. ഇറാനി റിയാലിന്റെ മൂല്യം കുത്തനെ ഇടിയുകയാണെന്നും രാജ്യത്ത് അവശ്യസാധനങ്ങളുടേയും മരുന്നിന്റെയും വില ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്യുന്നുവെന്നാണ് വിവരം. രാജ്യത്തെ ബാങ്കുകള്‍ വന്‍ തകര്‍ച്ചയാണ് അഭിമുഖീകരിക്കുന്നത്.
സാമ്പത്തികമായി ഉണ്ടാകുന്ന തിരിച്ചടി മറികടക്കാന്‍ യുദ്ധം അവസാനിച്ചാല്‍ പോലും വര്‍ഷങ്ങളെടുക്കുന്ന പ്രക്രിയയായി മാറുമെന്നാണ് അഭിപ്രായം. യുദ്ധം ആരംഭിച്ചതോടെ ഭക്ഷണസാധനങ്ങള്‍, മരുന്ന് തുടങ്ങി എല്ലാ അടിസ്ഥാന സേവനങ്ങള്‍ക്കും വില മൂന്നിരട്ടിയില്‍ അധികമായി ഉയര്‍ന്നിട്ടുണ്ട്. ടോസ്റ്റ് ബ്രെഡിന്റെ വിലയില്‍ പോലും വലിയ വര്‍ദ്ധനവുണ്ട്. രാജ്യതലസ്ഥാനമായ ടെഹ്‌റാനിലെ എല്ലാ ഹോട്ടലുകളിലും കഫേകളിലും വില വര്‍ദ്ധനവ് 25 ശതമാനം വരെയാണ്.
യുദ്ധത്തിന് തൊട്ട് മുമ്പ് 30 ലക്ഷം റിയാല്‍ ആയിരുന്നു ക്യാന്‍സര്‍ മരുന്നിന്റെ വിലയെങ്കില്‍ ഇന്ന് അത് 18 കോടി റിയാലായി മാറിയിട്ടുണ്ട്. ഇത് രോഗികള്‍ക്ക് മേല്‍ അമിത ഭാരം അടിച്ചേല്‍പ്പിക്കുന്നുണ്ട്. യുദ്ധം കാരണം പല സ്ഥലങ്ങളിലും മരുന്നുകളുടെ ലഭ്യതയും നന്നേ കുറവാണ് എന്നതാണ് മറ്റൊരു വെല്ലുവിളി. സാമ്പത്തിക തകര്‍ച്ച യുദ്ധകാലത്തെ പ്രതിഭാസം മാത്രമല്ല വര്‍ഷങ്ങളായുള്ള ഉപരോധങ്ങളുടെയും ഭരണപരമായ പരാജയങ്ങളുടെയും സംയുക്ത ഫലമാണ് ഇറാന്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.
റിയാലിന്റെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കുന്നത് നേരിടാന്‍ കേന്ദ്ര ബാങ്കിന് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പുറത്തിറക്കേണ്ടി വന്നു. നാണയപ്പെരുപ്പം രൂക്ഷമായതോടെ മാര്‍ച്ച് പകുതിയോടെ ഒരു കോടി റിയാലിന്റെ പുതിയ നോട്ട് പുറത്തിറക്കി. ഇതിന് തൊട്ടു മുന്‍പത്തെ മാസമാണ് 50 ലക്ഷത്തിന്റെ നോട്ട് പുറത്തിറക്കിയത്. രാജ്യത്തെ ബാങ്കിംഗ് മേഖലയ്ക്ക് പുറമേ നിര്‍മാണ മേഖലയും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഒരിടത്തും കാര്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. ഒരു ലക്ഷത്തില്‍പ്പരം യുവാക്കള്‍ക്കാണ് യുദ്ധത്തിന് പിന്നാലെ ഇറാനില്‍ ജോലി നഷ്ടപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |