SignIn
Kerala Kaumudi Online
Sunday, 17 May 2026 5.48 PM IST

ഹോർമുസ് തുറക്കാൻ ഫ്രാൻസും; മറ്റ് രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ഇമ്മാനുവൽ മാക്രോൺ

emmanuel-macron

സിയോൾ: പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിൽ ഹോർമുസ് കടലിടുക്ക് തുറക്കാൻ മറ്റ് രാജ്യങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ ആഗ്രഹിക്കുന്നുവെന്ന് ദക്ഷിണ കൊറിയ സന്ദർശനത്തിനിടെയാണ് മാക്രോൺ വെളിപ്പെടുത്തിയത്. ഹോർമുസ് തുറക്കുന്നതിന് സമാധാനപരമായ ദൗത്യം ആസൂത്രണം ചെയ്യുന്നതിനായി ഫ്രാൻസ് മറ്റ് രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘർഷം അവസാനിപ്പിക്കാൻ സമഗ്രമായ ചർച്ചകൾ നടത്തുമെന്നും മാക്രോൺ വ്യക്തമാക്കി.

അതേസമയം,​ ഹോർമുസ് കടലിടുക്കിൽ കടക്കുന്നതിനോ പുറത്തുപോകുന്നതിനോ ശ്രമിക്കുന്ന എല്ലാ കപ്പലുകളും തടയുമെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്. ആണവ വികസന പദ്ധതികളിൽ നിന്നും ഇറാൻ പിന്മാറാൻ വിസമ്മതിച്ചതോടെയാണ് കടുത്ത നടപടിയിലേക്ക് കടക്കാൻ പ്രസിഡന്റ് ട്രംപ് ഉത്തരവിട്ടത്. ഇന്ന് രാവിലെ 10 മണിമുതലാകും ഉപരോധം ഉണ്ടാകുക. പാകിസ്ഥാനിൽ നടന്ന ഇറാൻ-അമേരിക്ക സമാധാന ചർച്ച പരാജയപ്പെട്ടതോടെയാണ് ഇറാനുമേൽ കൂടുതൽ പിടിമുറുക്കുന്നതിന്റെ ഭാഗമായുള്ള കപ്പൽ ഉപരോധം പ്രഖ്യാപിച്ചത്. ഇറാൻ തുറമുഖത്തിൽ പ്രവേശിക്കുന്നതോ മടങ്ങുന്നതോ ആയ എല്ലാ കപ്പലുകൾക്കും ഇത് ബാധകമാണ്. സൗഹൃദരാജ്യങ്ങൾക്കും ഒഴിവില്ല. അതേസമയം അമേരിക്കൻ ഉത്തരവിനെ ഇറാൻ പരിഹസിച്ചു.

21 മണിക്കൂർ നീണ്ട ഇസ്ളാമാബാദിലെ ചർച്ചകളിൽ മിക്ക കാര്യങ്ങളിലും ഇറാനും അമേരിക്കയും തമ്മിൽ ധാരണ ആയെങ്കിലും ആണവ പദ്ധതിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അവർ വിസമ്മതിച്ചു എന്ന് ട്രംപ് ഇറാനെ കുറ്റപ്പെടുത്തി. 'ലോകത്തിലെ ഏറ്റവും മികച്ച നാവികസേനയായ യുഎസ് നാവികസേന, ഹോർമുസ് കടലിടുക്കിൽ പ്രവേശിക്കാനോ, പുറത്തുപോകാനോ ശ്രമിക്കുന്ന എല്ലാ കപ്പലുകളെയും തടയുന്ന പ്രക്രിയ ആരംഭിക്കും' ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. 'നമുക്ക് നേരെയോ, സമാധാനപരമായ കപ്പലുകൾക്ക് നേരെയോ വെടിയുതിർക്കുന്ന ഏതൊരു ഇറാൻകാരനെയും നരകത്തിലേക്ക് തള്ളിവിടും' ട്രംപ് ഭീഷണി മുഴക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: HORMUZ, FRANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360