SignIn
Kerala Kaumudi Online
Wednesday, 20 May 2026 10.20 PM IST

നിതിൻ രാജിന്റെ മരണം; കോളേജ് അധികൃതർക്കെതിരെ  കർശന  നടപടിയെടുക്കാൻ നിർദേശിച്ച് ഗവർണർ

nithin-raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് കാരണക്കാരായ കോളേജ് അധികൃതർക്കെതിരെ കർശന നടപടിയെടുക്കാൻ നിർദേശിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ആരോഗ്യ സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനാണ് ചാൻസിലർ കൂടിയായ ഗവർണർ നിർദേശം നൽകിയത്.

വിസി മോഹനൻ കുന്നുമ്മൽ ഗവർണറുമായി കൂടിക്കാഴ്ച നടത്തി പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ആരോഗ്യ സർവകലാശാല അന്വേഷണസമിതി നാളെ കോളേജിൽ തെളിവെടുപ്പ് നടത്തും. വിദ്യാർത്ഥികളുടെ മൊഴി എടുക്കുമെന്നാണ് റിപ്പോർട്ട്. സർവകലാശാല ഗവേർണിംഗ് കൗൺസിൽ അംഗം മേജർ ജനറൽ അജിത് നീലകണ്ഠൻ ആണ് അന്വേഷണ തലവൻ.

തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ നിതിൻ രാജ് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. വെള്ളിയാഴ്ച കോളേജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിലാണ് നിതിനെ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

അതേസമയം, നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ അദ്ധ്യാപകൻ ഡോ. എസ്.കെ. റാമിനെ പുറത്താക്കാൻ കോളേജ് മാനേജ്മെന്റ് യോഗത്തിൽ തീരുമാനിച്ചു. ഓറൽ പതോളജി വിഭാഗം മേധാവിയായ റാമിനെ നടപടിക്രമം പൂർത്തിയാക്കി വൈകാതെ പുറത്താക്കും. തീരുമാനം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

റാം നടത്തിയ ജാതി അധിക്ഷേപമടക്കം നിതിനെ മരണത്തിലേക്ക് തള്ളിവിട്ടുവെന്നാണ് ആരോപണം. നിതിന്റെ മരണത്തിനുമുൻപും റാമിനെതിരെ നിരവധി പരാതികളുയർന്നിരുന്നു. മരണത്തിനു പിന്നാലെ നിതിന്റെ സഹപാഠികളടക്കം റാമിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. റാമിനൊപ്പം ആരോപണവിധേയയായ അസോ. പ്രൊഫസർ ഡോ. സംഗീത നമ്പ്യാർക്കെതിരെ അന്വേഷണത്തിനുശേഷം കൂടുതൽ നടപടികൾ സ്വീകരിച്ചാൽ മതിയെന്നാണ് മാനേജ്‌മെന്റ് യോഗത്തിലെ ധാരണ. ഇരുവരും സസ്‌പെൻഷനിലാണ്. ജാതി അധിക്ഷേപം, ആത്മഹത്യാപ്രേരണ അടക്കം കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തതിന് പിന്നാലെ ഇരുവരും ഒളിവിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NITHINRAJ, DEATH CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA