
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ അമേരിക്കൻ പടക്കപ്പലുകളിലെ സൈനികർ പട്ടിണി നേരിടുന്നതായി റിപ്പോർട്ട്. ഇറാനിയൻ തുറമുഖങ്ങളിൽ ഉപരോധം നടപ്പിലാക്കാൻ എത്തിയ യുഎസ് യുദ്ധക്കപ്പലുകളിലെ സൈനികരുടെ കുടുംബാംഗങ്ങളാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
യുഎസ് ടുഡേ പുറത്തുവിട്ട കപ്പലിലെ ഭക്ഷണത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴിവച്ചു. പഴകിയ മാംസവും ചപ്പാത്തിയും മാത്രമുള്ള പ്ലേറ്റുകളും, പുഴുങ്ങിയ ക്യാരറ്റും അടങ്ങിയ ഭക്ഷണമാണ് സൈനികർക്ക് ലഭിക്കുന്നതെന്നാണ് പുറത്തുവന്ന ചിത്രങ്ങളിലൂടെ സൂചിപ്പിക്കുന്നത്.
സൈനികർ പട്ടിണിയിലാണെന്ന വാർത്ത അറിഞ്ഞതോടെ യുഎസിലുള്ള അവരുടെ കുടുംബാംഗങ്ങൾ ഭക്ഷണവും വസ്ത്രങ്ങളും അടങ്ങിയ കൊറിയർ അയക്കാൻ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. യുഎസും ഇസ്രയേലും ഇറാനെ ആക്രമിച്ചതിനെത്തുടർന്ന് 27 സൈനിക പിൻകോഡുകളിലേക്കുള്ള തപാൽ സേവനം യുഎസ് പോസ്റ്റൽ സർവീസ് താൽക്കാലികമായി നിർത്തിവച്ചതിനാലാണ് കൊറിയർ സർവീസുകൾ മുടങ്ങി കിടക്കുന്നത്. നിലവിൽ രണ്ട് ആഴ്ചത്തെ വെടിനിർത്തൽ നിലവിലുണ്ടെങ്കിലും യുദ്ധം എപ്പോൾ അവസാനിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ തപാൽ സേവനം പുനരാരംഭിച്ചിട്ടില്ല.
അതേസമയം, അയച്ച പാക്കേജുകൾ സുരക്ഷിത കേന്ദ്രങ്ങളിൽ സൂക്ഷിച്ചിട്ടുണ്ടെന്നും വിമാന സർവീസുകൾ പുനരാരംഭിച്ചാൽ മാത്രമേ ഇവ കൈമാറാൻ സാധിക്കൂ എന്നും ആർമി വക്താവ് മേജർ ട്രാവിസ് ഷാ അറിയിച്ചു. ജപ്പാനിലെ താവളത്തിൽ നിന്ന് ഇറാൻ അതിർത്തിയിലേക്ക് തിരിച്ച കപ്പലിലെ സൈനികരാണ് ഒരു മാസത്തോളമായി ഭക്ഷണത്തിനുവേണ്ടി പെടാപ്പാടുപെടുന്നത്. സൈനികൾ മുഴുവനും വിശന്ന് വലഞ്ഞ അവസ്ഥയിലാണെന്നും കിട്ടുന്ന ഭക്ഷണം തീരെ രുചിയില്ലാത്തതാണെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു. സംഘർഷാവസ്ഥ തുടരുന്ന പശ്ചാത്തലത്തിൽ സൈനികരുടെ ആരോഗ്യത്തെയും മാനസികാവസ്ഥയെയും കുറിച്ച് വലിയ ആശങ്കയാണ് യുഎസിൽ നിന്നും ഉയരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |