SignIn
Kerala Kaumudi Online
Tuesday, 12 May 2026 5.26 AM IST

രാപകൽ കൊടുംചൂട് : ഉഷ്ണതരംഗത്തിന് സമാനം, വേനൽമഴ കുറഞ്ഞു

Increase Font Size Decrease Font Size Print Page

heatwave

തിരുവനന്തപുരം: ശരീരത്തെ പൊള്ളിക്കും വിധം പകൽ തീവെയിൽ. തണുപ്പ് ലവലേശം അനുഭവപ്പെടാത്ത രാത്രി താപനില. പുല‌ർച്ചെ പോലും വിയർത്തൊലിക്കുന്ന സ്ഥിതി. എ.സിക്കും ഫാനിനും തണുപ്പിക്കാനാവാത്ത കടുത്ത ചൂട്. ലോകത്തെ മികച്ച കാലാവസ്ഥയുള്ള ഭൂപ്രദേശമെന്ന പെരുമ നഷ്ടപ്പെടുന്നവിധം അസാധാരണ കാലാവസ്ഥാ വ്യതിയാനത്തിന്റെ പിടിയിലാണ് കേരളം.

പകലും രാത്രിയും വീശിയിരുന്ന കാറ്റിൽ വന്ന കുറവും വേനൽമഴ ശക്തമല്ലാത്തതുമാണ് കാരണം. ഉഷ്ണതരംഗം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അതിന് സമാനമാണ് പകൽചൂട്. പകൽ വെയിലേറ്റ് തിളയ്ക്കുന്ന കെട്ടിടങ്ങൾ രാത്രിയിലും തണുക്കാത്തതു കാരണം വീടുകളിൽ ഇരിക്കാനാവുന്നില്ല. പാലക്കാട്ടാണ് ഏറ്റവുമധികം ചൂട്. ഈ മാസം മൂന്ന് ദിവസങ്ങളിൽ 40 ഡിഗ്രിയിലെത്തി.

രാപകൽ വ്യത്യാസമില്ലാതെ ഫാനും എ.സിയും പ്രവർത്തിക്കുന്നതോടെ വൈദ്യുതി ഉപഭോഗം കുതിച്ചുയർന്നു. കഴിഞ്ഞ വർഷത്തെക്കാൾ പ്രതിദിനം എട്ട് ദശലക്ഷം യൂണിറ്റ് കൂടുതലാണ് ഉപഭോഗം. ഇതുമൂലം ചിലയിടങ്ങളിൽ അപ്രഖ്യാപിത ലോഡ് ഷെഡിംഗും വേണ്ടിവരുന്നു.

മാർച്ച് ഒന്നുമുതൽ ഏപ്രിൽ 19വരെ 95.6 മി.മീറ്റർ വേനൽമഴയാണ് ലഭിക്കേണ്ടത്. കിട്ടിയത് 59 മി.മീറ്റർ. 38%ത്തിന്റെ കുറവ്. ഏറ്റവും കുറവ് പാലക്കാട്ട്- 63%. അധികമഴ ലഭിച്ചത് കോഴിക്കോട്ട് മാത്രം- 22%. അതിനിടെ,​ ചില ജില്ലകളിൽ ഇന്നലെ വേനൽമഴ ലഭിച്ചത് നേരിയ ആശ്വാസമായി.

കടൽക്കാറ്റിൽ കുറവ്,​ 'ഹീറ്റ് ഡോം'

1.പകൽ ചൂടുപിടിക്കുന്ന കര രാത്രിയിലും തണുക്കാത്തതും കടൽക്കാറ്റ് കരയിലേക്ക് വീശുന്നത് കുറഞ്ഞതുമാണ് രാത്രിയിലെ ഉയർന്ന ചൂടിനുകാരണം. വടക്കൻ കർണാടകത്തിനും മഹാരാഷ്ട്രയ്ക്കും മുകളിൽ പ്രതിചക്രവാതം (ആന്റിസൈക്ലോൺ) നിലനിൽക്കുന്നതും കേരളത്തിൽ ചൂട് കൂട്ടുന്നു.

2.ചൂട് മനുഷ്യശരീരത്തിൽ അസഹ്യമായ തോതിൽ അനുഭവപ്പെടുന്നത് 'ഹീറ്റ് ഡോം' പ്രതിഭാസം കാരണമെന്ന് കാലാവസ്ഥ വിദഗ്ദ്ധർ. അന്തരീക്ഷത്തിലെ ഉയർന്ന മർദ്ദമുള്ള ഒരു പ്രദേശം കുടപോലെ ചൂടുള്ള വായുവിനെ പ്രത്യേക സ്ഥലത്ത് തളച്ചിടുന്നതാണിത്. അന്തരീക്ഷ താപനില 38 ഡിഗ്രി ആണെങ്കിലും ഇതുകാരണം 40 ഡിഗ്രി എന്നതരത്തിലാകും ശരീരത്തിൽ ചൂട് അനുഭവപ്പെടുക

ആശുപത്രികളിൽ ഹീറ്റ്
സ്‌ട്രോക്ക് ക്ലിനിക്ക്

ചൂടുമൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരിടാൻ സർക്കാർ ആശുപത്രികളിൽ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകൾ ആരംഭിച്ചു. സൂര്യാഘാതം, സൂര്യാതപം എന്നിവ ബാധിക്കുന്നവർക്ക് ചികിത്സ, നിർജലീകരണം തടയാനുള്ള ക്രമീകരണമടക്കം ക്ലിനിക്കുകളിലുണ്ട്. ഇതിനായി

കൂളിംഗ് ഉപകരണങ്ങൾ, മരുന്നുകൾ, ഒ.ആർ.എസ്, ഐസ് പാക്കുകൾ എന്നിവ സജ്ജമാക്കി.

തുടർച്ചയായി സൂര്യപ്രകാശം

ഏൽക്കരുത്

കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കരുത്. ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം. നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും കൈയിൽ കരുതുക.
മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയവ പകൽ ഒഴിവാക്കണം.
പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കണം
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. സംഭാരം ഉപയോഗിക്കാം. അസ്വസ്ഥത അനുഭവപ്പെട്ടാൽ ഉടൻ വിശ്രമിക്കുക, വൈദ്യസഹായം തേടുക.

(ദുരന്തനിവാരണ

അതോറിറ്റി നിർദ്ദേശം)

''അടുത്ത ദിവസങ്ങളിലുണ്ടാകുന്ന നേരിയ മഴ താപനിലയിൽ ചെറിയ കുറവ് വരുത്താനിടയുണ്ട്. എന്നാൽ, ചൂടേറിയ കാലാവസ്ഥയിൽ വലിയ മാറ്റം പ്രതീക്ഷിക്കാനാവില്ല

-നിത കെ.ഗോപാൽ,​ ഡയറക്ടർ,

കാലാവസ്ഥ നിരീക്ഷണ കേന്ദ്രം, തിരുവനന്തപുരം

TAGS: HEAT WAVES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA