തിരുവനന്തപുരം: അട്ടപ്പാടിയിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലെന്ന് സി.പി.ഐ. സി.പി.ഐ സംസ്ഥാന കൗൺസിലിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് മുഖ്യമന്ത്രിയുടെ നിലപാട് തള്ളി സി.പി.ഐ രംഗത്തെത്തിയത്. സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണം വേണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു. മാവോയിസ്റ്റുകളുടെ ആശയത്തിൽ യോജിപ്പില്ല. ആശയത്തിന്റെ പേരിൽ കൊല്ലുന്നത് പ്രാകൃതമാണെന്നും സംസ്ഥാന കൗൺസിൽപ്രമേയം പാസാക്കി.
ഏറ്റുമുട്ടൽ വ്യാജമാണെന്നാണ് തങ്ങൾക്ക് ലഭിച്ച വിവരമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 'അട്ടപ്പാടിയിൽ ഉണ്ടായ സംഭവത്തിൽ ഞങ്ങൾക്ക് കൃത്യമായ വിവരമുണ്ട്. മഞ്ചക്കണ്ടി വനം പുത്തൂർ പഞ്ചായത്തിലാണ്. അവിടുത്തെ പ്രസിഡന്റ് സി.പി.ഐയുടെ മണ്ഡലം കമ്മിറ്റി മെമ്പറാണ്, ഞങ്ങളുടെ പ്രവർത്തകരുമായി അന്വേഷിച്ചപ്പോൾ അവരുടെ അഭിപ്രായം വ്യാജ ഏറ്റുമുട്ടലാണെന്നാണ്. ഇപ്പോൾ അവസാനം കൊല്ലപ്പെട്ട മണിവാസകം അദ്ദേഹം രോഗാതുരനായി നടക്കാൻ വയ്യാത്ത അവസ്ഥയിലാണ്. പക്ഷേ അദ്ദേഹത്തിന്റെ കയ്യില്‍ എ.കെ 47 ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരനെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്നും കാനം ചോദിച്ചു.
സംഭവം നടന്ന സ്ഥലത്തിന്റെ അരക്കിലോമീറ്റർ ആദിവാസി ഊരുകളുണ്ട്. അത്ര കൊടും വനമല്ല. അവിടെ ഒരു ടെന്റിൽ ഭക്ഷണം കഴിച്ചിരുന്നപ്പോള്‍ പൊലീസ് ക്ലോസ് റേഞ്ചിൽ വെടിയുതിര്‍ത്തു എന്നാണ് ഞങ്ങൾക്ക് കിട്ടിയ വിവരം. അങ്ങനെയൊരു നടപടി സ്വീകരിക്കുന്നത്, പൊലീസ് തന്നെ വിധി നടപ്പാക്കുന്നത് വളരെ പ്രാകൃതമായ നടപടിയാണ്.'-അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷം രാഷ്ട്രീയ ഉദ്ദേശത്തോടുകൂടി ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പറയുന്നുണ്ട്. ജുഡീഷ്യല്‍ അന്വേഷണത്തിന് കാലതാമസം എത്രമാത്രമാണെന്ന് എല്ലാവർക്കും അറിയാം. മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച ശേഷം സർക്കാരിന് എന്തുവേണമെന്ന് തീരുമാനിക്കാം. പൊലീസിന്റെ കൈകളിലേക്ക് അമിതാധികാരം വരുന്നത് ശരിയല്ലെന്നും കാനം പറഞ്ഞു.
മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ക്ക് വെടിയുണ്ടയല്ല പരിഹാരം. അവരുടെ രാഷ്ട്രീയ നിലപാടുകളോട് യോജിപ്പില്ല, പക്ഷേ അവരുയർത്തുന്ന ജനങ്ങളുടെ പ്രശ്നങ്ങളോട് ഞങ്ങൾ യോജിക്കുന്നു. അവരിൽ പലരും അവരുടെ രാഷ്ട്രീയം ഉപേക്ഷിച്ച് വരാൻ തയ്യാറാകുന്നുണ്ട്.
തണ്ടർബോൾട്ടൊക്കെ നക്സലേറ്റുകളെ നേരിടാൻകേന്ദ്രത്തിന്റെ സൃഷ്ടിയാണ്. പക്ഷേ കേരളത്തിലെ പൊലീസ് അവരാവശ്യപ്പെട്ടാലും കൂട്ടുനിൽക്കണോ എന്നുള്ളത് ഗൗരവമായി ചിന്തിക്കേണ്ട കാര്യമാണ്.- അദ്ദേഹം പറഞ്ഞു.