കൊച്ചി: ടെലഗ്രാമിൽ അശ്ലീല ദൃശ്യങ്ങൾ പോസ്റ്റ് ചെയ്യുന്നവരെ കണ്ടെത്താനാവുമെന്ന് ഹൈക്കോടതി. ചിത്രങ്ങളും ദൃശ്യങ്ങളും ആദ്യം പോസ്റ്റ് ചെയ്യുന്നവരെ കണ്ടെത്താൻ സാങ്കേതിക വിദ്യയുണ്ടെന്ന് വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി വാക്കാൽ പരാമർശിച്ചു. പോസ്റ്റുകളുടെ പ്രഭവ കേന്ദ്രം തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് കേന്ദ്രം അറിയിച്ചപ്പോഴാണ് വാട്സാപ്പിന്റെ കാര്യത്തിൽ സാദ്ധ്യമാണെന്ന് ഐ.ഐ.ടി വിദഗ്ധൻ ചെന്നൈ ഹൈക്കോടതിയിൽ വ്യക്തമാക്കിയതായി ചീഫ് ജസ്റ്റിസ് എസ്.മണികുമാർ ചൂണ്ടിക്കാട്ടിയത്.
തടയാൻ കഴിയില്ലെന്ന് പറയുന്നത് പ്രോത്സാഹിപ്പിക്കലാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ ടെലഗ്രാം നിരോധിക്കണമെന്ന ഹർജിയിൽ കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിശദീകരണം തേടി. രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകണം. വിവിധ മന്ത്രാലയങ്ങൾ ഇക്കാര്യത്തിൽ നടപടിയിലേക്ക് കടന്നിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
ടെലഗ്രാം രാജ്യത്ത് നിരോധിക്കണമെന്നാവശ്യപ്പെട്ട് ബാംഗ്ളൂർ ലോ സ്കൂളിലെ വിദ്യാർഥിനിയും കോഴിക്കോട് തിരുവമ്പാടി സ്വദേശിയുമായ അഥീന സോളമനാണ് കോടതിയെ സമീപിച്ചത്. കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഒളിക്യാമറ ഉപയോഗിച്ചു പകർത്തുന്ന ദൃശ്യങ്ങളുമാണ് ടെലഗ്രാമിലെ ഉള്ളടക്കമെന്നും ഇത് സദാചാര വിരുദ്ധത പ്രോത്സാഹിപ്പിക്കുന്നതാണെന്നുമാണ് ഹർജിയിലെ ആരോപണം.
2013 ൽ റഷ്യയിൽ ആരംഭിച്ച ടെലഗ്രാം ആപ്ലിക്കേഷന് കേരളത്തിൽ മാത്രം 13 ലക്ഷം യൂസർമാരുണ്ട്.. രാജ്യത്തെ നിയമങ്ങൾക്ക് വിരുദ്ധമായാണ് ആപ്ലിക്കേഷന്റെ പ്രവർത്തനമെന്നും സർക്കാരിന് നിയന്ത്രണമില്ലെന്നും അന്വേഷണ ഏജൻസികൾക്ക് എത്തിപ്പിടിക്കാൻ കഴിയുന്നില്ലെന്നും ഹർജിയിൽ പറയുന്നു. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ, വാർത്താ വിതരണ മന്ത്രാലയം, സംസ്ഥാന പൊലീസ് മേധാവി, സൈബർ ഡോം എന്നിവരാണ് കേസിലെ എതിർകക്ഷികൾ.