ന്യൂഡൽഹി: ജമ്മുകാശ്മീരിൻറെ പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ട കടുത്ത നിയന്ത്രണങ്ങൾ തുടരുന്നതിനിടെ ജമ്മുകാശ്മീർ,ലഡാക്ക് കേന്ദ്രഭരണപ്രദേശങ്ങൾ നിലവിൽ വന്നു. സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കുന്ന ജമ്മുകാശ്മീർ പുനസംഘടനാ നിയമം ഇന്നലെ അർദ്ധരാത്രി മുതലാണ് പ്രാബല്യത്തിലായത്. ഭരണഘടനയുടെ 370–ാം അനുച്ഛേദപ്രകാരം ജമ്മുകാശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കി രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിച്ചുള്ള പുനസംഘടനാ ബിൽ ആഗസ്ത് ആറിനാണ് പാർലമെൻറ് പാസാക്കിയത്. സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31 മുതൽ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളും നിലവിൽ വരുമെന്നാണ് ബില്ല് വ്യവസ്ഥ ചെയ്തത്.
ഇതോടെ രാജ്യത്തെ ആകെ സംസ്ഥാനങ്ങളുടെ എണ്ണം 28 ആയി കുറഞ്ഞു. കേന്ദ്രഭരണ പ്രദേശങ്ങളുടെ എണ്ണം ഒൻപതായി ഉയർന്നു. ജമ്മുകാശ്മീരിന്റെ ആദ്യ ലെഫ്. ഗവർണറായി കേന്ദ്ര എക്സ്പെൻഡിച്ചർ സെക്രട്ടറി ഗിരിഷ് ചന്ദ്ര മുർമുവും ലഡാക്കിന്റെ ആദ്യ ലെഫ്.ഗവർണറായി മുൻ കേന്ദ്ര മുഖ്യവിവരാവകാശ കമ്മിഷണർ രാധകൃഷ്ണ മാതൂറും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
'വലിയ നേട്ടം, ലളിതമായ ആഘോഷം'
....................
വലിയ നേട്ടമെന്ന് വിശേഷിപ്പിച്ചാണ് മോദി സർക്കാർ ജമ്മുകാശ്മീരിനെ വിഭജിച്ചതെങ്കിലും വലിയ ആഘോഷപരിപാടികളൊന്നും സംഘടിപ്പിച്ചിട്ടില്ല. ലെഫ്. ഗവർണർമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് ലളിതമായാണ് സംഘടിപ്പിക്കുന്നത്. ജമ്മു–കാശ്മീർ ഹൈക്കോടതി ചീഫ്ജസ്റ്റിസ് ഗീതാ മിത്തൽ ആദ്യം ലഡാക്കിൽ മാതൂറിനും പിന്നീട് ശ്രീനഗറിലെത്തി മുർമുവിനും സത്യവാചകം ചൊല്ലികൊടുക്കും. രണ്ടിടത്തെയും പ്രധാന സർക്കാർ ഓഫീസുകളിൽ സർദാർ പട്ടേലിന്റെ ചിത്രം സ്ഥാപിക്കണമെന്ന് കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. പ്രശ്നസാധ്യത കണക്കിലെടുത്ത് ജമ്മുകാശ്മീരിലും ഡൽഹിയിലും സുരക്ഷ ശക്തമാക്കി.
നേതാക്കൾ വീട്ടുതടങ്കലിൽ തന്നെ
..............................
ഡൽഹി പോലെ നിയമസഭയും മുഖ്യമന്ത്രിയുമുള്ള കേന്ദ്രഭരണപ്രദേശമാണ് ജമ്മുകാശ്മീർ. നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം 107ൽ നിന്ന് 114 ആയി ഉയർന്നിട്ടുണ്ട്. ചണ്ഡിഗഡ് പോലെ നിയമസഭയില്ലാത്ത, ലെഫ്റ്റനൻറ് ഗവർണർക്ക് കീഴിലുള്ള കേന്ദ്രഭരണപ്രദേശമാണ് ലഡാക്ക്. രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കപ്പെട്ടുവെങ്കിലും ജമ്മുകാശ്മീരിലെ സർക്കാർ ഉദ്യോഗസ്ഥർ നിലവിലെ തസ്തികകളിൽ തൽക്കാലം തുടരും. ജമ്മുകാശ്മീർ ഹൈക്കോടതി തന്നെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി പ്രവർത്തിക്കും. പുതിയ ചീഫ്സെക്രട്ടറിമാരുടെ കാര്യത്തിൽ ധാരണയായിട്ടില്ല. ജമ്മുകാശ്മീരിലെ ക്രമസമാധാന ചുമതലയും പൊലീസിന്റെ നിയന്ത്രണവും കേന്ദ്രത്തിനായിരിക്കും.
സംസ്ഥാനത്തിൻറെ പ്രത്യേക പദവി റദ്ദാക്കിയതുമുതൽ കടുത്ത നിയന്ത്രണങ്ങളാണ് കാശ്മീരിൽ ഏർപ്പെടുത്തിയിട്ടുള്ളത്. മൂന്ന് മുൻമുഖ്യമന്ത്രിമാരടക്കം മിക്ക രാഷ്ട്രീയ നേതാക്കളും വീട്ടുതടങ്കലിലാണ്. ലാൻഡ്ലൈൻ കണക്ഷനും പോസ്റ്റ്പെയിഡ് മൊബൈലുകളും പുനഃസ്ഥാപിച്ചെങ്കിലും പ്രീപെയ്ഡും ഇന്റർനെറ്റും അനുവദിച്ചിട്ടില്ല.