പത്രം ടീപ്പോയിലേക്ക് ഇട്ടിട്ട് എം.എൽ.എ ശ്രീനിവാസകിടാവ് ചാടിയെഴുന്നേറ്റു.
ആകെ ഉലഞ്ഞിരിക്കുന്നു!
അയാൾ പെട്ടെന്നു ഫോൺ എടുത്ത് അനുജൻ ശേഖരകിടാവിനെ വിളിച്ചു. കാര്യങ്ങൾ ചുരുക്കിപ്പറഞ്ഞു.
പിന്നെ നിർദ്ദേശിച്ചത് ഇങ്ങനെ:
''എത്രയും വേഗം സാധനങ്ങൾ അവിടെ നിന്നു മാറ്റണം."
തുടർന്നു കാൾ മുറിച്ചിട്ട് മുറിക്കുള്ളിലേക്കോടി.
പത്രത്തിൽ വാർത്ത ഇത്രയുമേ വന്നുള്ളുവെങ്കിലും കർണാടക പോലീസ് എല്ലാ വിവരങ്ങളും ചന്ദ്രകലയിൽ നിന്നും പ്രജീഷിൽ നിന്നും ചോർത്തിയെടുത്തിട്ടുണ്ടാവും.
അവർ തന്നെ തേടിയെത്തും. അതിനു മുൻപ് വേണ്ടതു ചെയ്തിരിക്കണം.
എന്നാൽ അയാൾ അനുജനെ വിളിച്ചു പറഞ്ഞ കാര്യങ്ങൾ അത്രയും സൈബർ സെല്ലിലെ ദാസപ്പൻ സി.ഐ അലിയാർക്കു ചോർത്തി കൊടുത്തിരുന്നു.
ആവേശത്തോടെ അലിയാർ പിടഞ്ഞുണർന്നു. ശ്രീനിവാസകിടാവ് എന്ന മൂർഖന്റെ പത്തി ചതയ്ക്കുവാൻ കിട്ടിയിരിക്കുന്ന ഒരവസരമാണിത്!
അലിയാർ വേഗം എസ്.ഐ സുകേശിനെ വിളിച്ചു ചില നിർദ്ദേശങ്ങൾ കൊടുത്തു.
അര മണിക്കൂറിനുശഷം ഇരച്ചെത്തിയ പോലീസ് വാഹനങ്ങൾ കിടാവിന്റെ അമ്യൂസ്മെന്റ് പാർക്കിനു മുന്നിൽ ബ്രേക്കിട്ടു.
സി.ഐ അലിയാർ അടങ്ങുന്ന സംഘം ചാടിയിറങ്ങി.
അത്രയും പോലീസിനെ കണ്ട് വാച്ചർ നെറ്റിചുളിച്ചു.
ഗേറ്റിന്റെ വിക്കറ്റ് ഡോർ തുറന്ന് അയാൾ ഇറങ്ങിവന്നു.
''എന്താണു സാർ?"
അയാൾ അലിയാരോട് ഭവ്യതയിൽ തിരക്കി.
''ഗേറ്റ് തുറക്കെടോ."
''അത്... പിന്നെ... കിടാവ് സാറ് പറയാതെ...."
വാച്ചർ പരുങ്ങി.
അലിയാരുടെ ഭാവം മാറി.
തുറക്കാനല്ലേടാ പറഞ്ഞത്?"
വാച്ചർക്ക് അനുസരിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളു.
അയാൾ ഗേറ്റു തുറന്നു.
പോലീസ് വാഹനങ്ങൾ അകത്തേക്കു ഇരച്ചുകയറി.
പ്രധാന കെട്ടിടത്തിനു മുന്നിൽ അവ നിന്നു.
''ഇതിന്റെ താക്കോലുണ്ടോടാ നിന്റെ കയ്യിൽ?"
അലിയാർ തോളിനു പുറത്തുകൂടി തല തിരിച്ചു നോക്കി.
''ഇല്ല... കിടാവുസാറിന്റെ കയ്യിലാ.."
അലിയാർ അമർത്തി മൂളി. പിന്നെ എസ്.ഐയ്ക്കു നേരെ തിരിഞ്ഞ് കണ്ണുകൊണ്ട് ഒരടയാളം കാണിച്ചു.
സുകേശ് പോലീസുകാർക്ക് നിർദ്ദേശം നൽകി.
വണ്ടിയിൽ നിന്ന് ഒരു കോൺസ്റ്റബിൾ കട്ടിംഗ് പ്ളയറുമായി വന്നു.
രണ്ടടി നീളമുള്ള വലിയ പ്ളയർ.
നിമിഷത്തിനുള്ളിൽ പ്രധാന കെട്ടിടത്തിന്റെ താഴ് മുറിഞ്ഞു വീണു.
വാച്ചർ സെൽഫോൺ എടുത്ത് കിടാവിനെ വിളിക്കാൻ ഭാവിച്ചു.
ആ ക്ഷണം അയാളുടെ തോളിൽ ഒരു കൈ അമർന്നു.
വാച്ചർ നടുങ്ങി.
സി.ഐ അലിയാർ!
''അങ്ങനെയിപ്പം നീ ആരെയും വിളിച്ച് ഒണ്ടാക്കണ്ടാ."
അലിയാർ ഫോർ വാങ്ങി തന്റെ പോക്കറ്റിലിട്ടു.
താഴറുത്ത വാതിൽ തള്ളിത്തുറന്ന് പോലീസ് സംഘം അകത്തുകടന്നു.
ആ നേരത്താണ് ചില ആളുകളേയും കൂട്ടി ശേഖരകിടാവിന്റെ വരവ്. മുറ്റത്ത് പോലീസ് വാഹനങ്ങൾ കണ്ടതും അയാൾ വണ്ടി തിരിച്ച് പാഞ്ഞുപോയി..
നിമിഷത്തിനുള്ളിൽ അലിയാരുടെ പോക്കറ്റിൽ കിടന്ന വാച്ചറുടെ ഫോൺ ശബ്ദിച്ചു.
അയാൾ എടുത്തു നോക്കി.
''എം.എൽ.എ സ്പീക്കിംഗ്.."
കാൾ അറ്റന്റു ചെയ്ത് അലിയാർ ഫോൺ കാതിൽ വച്ചു.
''അവനവിടെ വന്നോടാ. ആ അലിയാർ?"
കിടാവിന്റെ അലർച്ച.
അലിയാർ മിണ്ടിയില്ല.
''നിന്റെ അണ്ണാക്കിലെന്താടാ..." പിന്നെ കേട്ടത് പുഴുത്ത തെറി.
''കൊള്ളാം. ഒരു ജനസേവകന് പറ്റിയ ഭാഷ. ഭയങ്കര സംസ്കാരം. ശബ്ദതാരാവലിയിൽ ചേർക്കുവാൻ പറ്റിയ മനോഹരമായ വാക്കുകൾ..."
അലിയാർ ചിരിച്ചു.
അപ്പുറത്ത് ഒരു ഞെട്ടൽ ഉണ്ടായെന്ന് അലിയാർ അറിഞ്ഞു.
ശേഷം ചോദ്യം കേട്ടു:
''നീ ആരാ?"
''നേരത്തെ ചോദിച്ചില്ലേ... ആ അലിയാർ തന്നെ."
''എടാ... എന്റെ പാർക്കിന്റെ ഗേറ്റുകടന്നു നീ. പക്ഷേ എന്റെ ഏതെങ്കിലും ബിൽഡിംഗിൽ പ്രവേശിച്ചാലുണ്ടല്ലോ..."
അതേ ശബ്ദത്തിൽ അലിയാരും സംസാരിച്ചു.
പ്രവേശിച്ചാൽ താൻ എന്തു ചെയ്യും? എന്റെ മുഖം ഷേവുചെയ്യുമോ. അതോ ഷൂസ് തുടച്ചുതരുമോ?"
''അലിയാരേ..."
''അതേടോ. അലിയാർ തന്നെ. തന്റെ ഈ പരിഭ്രമം കാണുമ്പോൾത്തന്നെ എനിക്ക് ഊഹിക്കാൻ കഴിയും. ഇവിടെയെന്തോ നിധിയുണ്ടെന്ന്. താനല്ല തന്റെ ചത്തുപോയ പിതാവു വന്നാലും അത് ഞാൻ പൊക്കും. തന്നെ പൊതുജനത്തിന്റെ മുന്നിൽ തുണിയുരിഞ്ഞു നിർത്തും. അതിന് ഈ പാർക്കു മുഴുവൻ ബോംബുവച്ചു പൊട്ടിക്കേണ്ടി വന്നാൽ അതിനും മടിക്കില്ല ഞാൻ...."
അലിയാർ ശ്വാസം വലിച്ചുവിട്ടു.
''തന്റെ കൗണ്ട് ഡൗൺ തുടങ്ങിക്കഴിഞ്ഞു. ഗയിം അവസാന ഘട്ടത്തിൽ... തനിക്ക് നേരിൽ തടയാമെങ്കിൽ അങ്ങനെയാവാം. അല്ലെങ്കിൽ എന്റെ മേലാപ്പീസറന്മാർ വഴി ഒന്നു ശ്രമിച്ചു നോക്ക്. നല്ല ബാപ്പയ്ക്കും ഉമ്മയ്ക്കും ജനിച്ചവനാടാ ഞാൻ."
പറഞ്ഞതും അലിയാർ കാൾ മുറിച്ചു. ശേഷം കനത്ത ചുവടുകളോടെ കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചു.
(തുടരും)