ന്യൂഡൽഹി: കേരളത്തിലെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷപദത്തിലേക്ക് വനിത എത്തുമെന്ന് സൂചന. ശോഭ സുരേന്ദ്രനെ സംസ്ഥാന അദ്ധ്യക്ഷയായി നിയമിക്കുമെന്നാണ് പാർട്ടിവൃത്തങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ. ഇതു സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഉന്നത പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
ശ്രീധരൻ പിള്ള മിസോറാം ഗവർണറായി മാറിപ്പോയ ഒഴിവിൽ നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ എന്നിവരുടെ പേരുകളും ശോഭ സുരേന്ദ്രനൊപ്പം കേന്ദ്രനേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. സുരേഷ് ഗോപിയുമായി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. സംസ്ഥാന അദ്ധ്യക്ഷനാവാനുള്ള താത്പര്യക്കുറവ് സുരേഷ് ഗോപി അമിത് ഷായെ അറിയിച്ചെന്നാണ് സൂചനകൾ.
കെ. സുരേന്ദ്രനെ അദ്ധ്യനാക്കുന്നതിൽ കേന്ദ്രത്തിന് താത്പര്യക്കുറവില്ല. എന്നാൽ അദ്ധ്യക്ഷപദത്തിൽ ഒരു വനിത എത്തുന്നത് സംസ്ഥാനത്തു പാർട്ടിക്ക് ഗുണം ചെയ്യും എന്ന വിലയിരുത്തലാണ് ശോഭാ സുരേന്ദ്രന് അനുകൂലമാകുന്നത്. തമിഴ്നാട്ടില് തമിളിശൈ സൗന്ദര്യരാജനാണ് സംസ്ഥാന അദ്ധ്യക്ഷപദത്തിൽ ഉണ്ടായിരുന്നത്. അവർ തെലങ്കാന ഗവർണർ ആയതോടെ അദ്ധ്യക്ഷപദത്തിൽ എവിടെയും വനിതകളില്ല. ഈ സാഹചര്യവും കേന്ദ്ര നേതൃത്വം പരിഗണിക്കുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രൻ ആറ്റിങ്ങലിൽ കാഴ്ചവച്ച മികച്ചപ്രകടനവും അവർക്കുള്ള പിന്തുണ വർദ്ധിപ്പിക്കുന്നു.
സിനിമാ ചിത്രീകരണത്തിന്റെ തിരക്കിലായിരുന്ന സുരേഷ് ഗോപിയെ അടിയന്തരമായി ഡൽഹിക്കു വിളിപ്പിച്ചാണ് അമിത് ഷാ കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാന അദ്ധ്യക്ഷ പദം അല്ലെങ്കിൽകേന്ദ്ര മന്ത്രി സ്ഥാനം എന്നീ വാഗ്ദാനങ്ങളാണ് ഷാ മുന്നോട്ടുവച്ചതെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാന അദ്ധ്യക്ഷപദം ഏറ്റെടുക്കാനുള്ള വിമുഖത അപ്പോൾ തന്നെ സുരേഷ് ഗോപി അദ്ദേഹത്തെ അറിയിച്ചു.
സുരേഷ് ഗോപി വിമുഖത അറിയിച്ച സാഹചര്യത്തിലാണ് കെ.സുരേന്ദ്രന്റെയും ശോഭാ സുരേന്ദ്രന്റെയും പേര് സജീവമായ ചർച്ചയായത്. സംസ്ഥാന ആർ.എസ്.എസിന്റെ വിവിധ നേതാക്കള് ഇവരിൽ രണ്ടു പേർക്കു വേണ്ടിയും രംഗത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം സുരേന്ദ്രൻ അദ്ധ്യക്ഷൻ ആവുന്നതിൽ പി.കെ .കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന് അതൃപ്തിയുണ്ട്. വി.മുരളീധരൻ കേന്ദ്രമന്ത്രിയാവുകയും മുരളിപക്ഷത്തുള്ള സുരേന്ദ്രൻ അധ്യക്ഷനാവുകയും ചെയ്യുന്നത് പാർട്ടിയെ ആ വിഭാഗത്തിന്റെ കൈപ്പിടിയിൽ എത്തിക്കും എന്ന ആശങ്കയാണ് അവർ മുന്നോട്ടുവയ്ക്കുന്നത്. ശോഭാ സുരേന്ദ്രനെ അദ്ധ്യക്ഷയാക്കുന്നതിനോട് സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ശ്രീധരൻ പിള്ളയ്ക്കും താത്പര്യമാണെന്നാണ് സൂചന.
മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി, അയോദ്ധ്യ വിധിയിലൂടെയുണ്ടാവുന്ന സവിശേഷ സാഹചര്യം എന്നിവയുടെ തിരക്ക് ഒഴിഞ്ഞതിനു ശേഷമേ സംസ്ഥാന അദ്ധ്യക്ഷപദം സംബന്ധിച്ച് കേന്ദ്ര നേതൃത്വം അന്തിമ തീരുമാനമെടുക്കൂ എന്നാണ് അറിയുന്നത്.