തിരുവനന്തപുരം : വൈദ്യുതി ബോർഡിന്റെ ട്രാൻസ്ഗ്രിഡ് പദ്ധതിയുമായി ബന്ധപ്പെട്ട 261 കോടിയുടെ അഴിമതിയിൽ കിഫ്ബി ചെയർമാനായ മുഖ്യമന്ത്രി പിണറായി വിജയൻ, വൈദ്യുതി മന്ത്രി എം.എം. മണി, കെ.എസ്.ഇ.ബി ചെയർമാൻ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവർണർ ആരിഫ് മുഹമ്മദ്ഖാന് കത്ത് നൽകി.
കോട്ടയം, കോലത്തുനാട് ട്രാൻസ്ഗ്രിഡ് പാക്കേജുകളുടെ കരാറിൽ വൻക്രമക്കേട് നടന്നതായി ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി. 5623 കോടിയുടെ പദ്ധതി കിഫ്ബി വഴിയാണ് നടപ്പാക്കുന്നത്. കോട്ടയം ലൈൻസ് പാക്കേജിന്റെ നടത്തിപ്പിനായി എൽ ആൻഡ് ടി കമ്പനിക്ക് എസ്റ്റിമേറ്റ് തുകയായ 210 കോടിയ്ക്ക് പദ്ധതി അനുവദിക്കുന്നതിന് പകരം 129 കോടി അധികമായി നൽകിയതിലും കോലത്തുനാട് ലൈൻസ് പാക്കേജിന്റെ നടത്തിപ്പിനായി എൽ ആൻഡ് ടി കമ്പനിക്ക് എസ്റ്റിമേറ്റ് തുകയായ 240 കോടിയ്ക്ക് പദ്ധതി അനുവദിക്കുന്നതിന് പകരം 132 കോടി അധികമായി നൽകിയതിലും വൻ അഴിമതിയാണ് നടന്നത്. പദ്ധതി നടത്തിപ്പിനായുള്ള ത്രികക്ഷി കരാറിലെ വ്യവസ്ഥകൾ അട്ടിമറിച്ചു. ആസൂത്രിതമായി നടത്തിയ അഴിമതിക്ക് ഉത്തരവാദികളായവരെ അഴിമതി നിരോധന നിയമം 17 എ (1) അനുസരിച്ച് പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്. .