തിരുവനന്തപുരം: രാജ്യാന്തര തലത്തിൽ നടക്കുന്ന വേൾഡ് സ്കിൽ (നൈപുണ്യം) മത്സരങ്ങളുടെ ഭാഗമായുള്ള ഇന്ത്യ സ്കിൽസ് കേരള 2020 മത്സരങ്ങൾ ഡിസംബറിൽ തുടങ്ങുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ. ഐ.ടി മേഖലകളുടെ സാദ്ധ്യതകൾ കൂടി പരിഗണിച്ച് 42 ഇനങ്ങളിൽ മത്സരം സംഘടിപ്പിക്കും.
കേരളത്തിലെ വിദ്യാർത്ഥികളുടെയും യുവാക്കളുടെയും നൈപുണ്യശേഷി വികസിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനുമുള്ള സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് മത്സരങ്ങളുടെ ലക്ഷ്യം.
ജില്ലാതല മത്സരങ്ങൾ ഡിസംബർ 14 മുതൽ 19 വരെയും മേഖലാതല മത്സരങ്ങൾ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലായി 2020 ജനുവരി 10 മുതൽ 15 വരെയും നടക്കും. ഫെബ്രുവരി 15 മുതൽ 17 വരെ കോഴിക്കോട് സ്വപ്നനഗരിയിലാണ് സംസ്ഥാനതല മത്സരങ്ങൾ.
സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിന്റെയും (കെയ്സ്) വ്യാവസായിക പരിശീലന വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മൂന്നാം തവണയാണ് ഇന്ത്യ സ്കിൽസ് കേരള സംഘടിപ്പിക്കുന്നത്.
ചൈനയിലെ ഷാങ്ഹായ് ആണ് 2021 വേൾഡ് സ്കിൽ മത്സരവേദി. ഇന്ത്യ സ്കിൽസ് കേരളയിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനം. രണ്ടാം സ്ഥാനക്കാർക്ക് 50,000 ഉം ഫൈനലിൽ എത്തുന്നവർക്ക് 10,000 ഉം സമ്മാനം ലഭിക്കുമെന്നും മന്ത്റി അറിയിച്ചു.
മത്സര നടത്തിപ്പിനായി തൊഴിൽവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സത്യജിത് രാജന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കും. ഇതിന്റെ വെബ്സൈറ്റ് നിയമസഭാ മീഡിയ റൂമിൽ മന്ത്റി ഉദ്ഘാടനം ചെയ്തു.
വാർത്താ സമ്മേളനത്തിൽ അഡിഷണൽ ചീഫ് സെക്രട്ടറി സത്യജിത് രാജൻ, കെയ്സ് ഡയറക്ടർ എസ്. ചന്ദ്രശേഖർ എന്നിവരും പങ്കെടുത്തു.