കൊച്ചി : പൊളിക്കാൻ വിറ്റ കാർ ട്രാഫിക് നിയമം ലംഘിച്ച് ഒാടുന്നതു മൂലം പിഴ ചുമത്തി നോട്ടീസ് വരുന്നെന്നാരോപിച്ച് എറണാകുളം വല്ലാർപാടം സ്വദേശി മണി ബി. പിള്ള നൽകിയ ഹർജിയിൽ വാഹനം പിടിച്ചെടുക്കാൻ ഹൈക്കോടതി പൊലീസിന് നിർദ്ദേശം നൽകി.
2015 ജൂലായ് 27 നുണ്ടായ ഒരപകടത്തിൽ തകർന്ന ഷെവർലേ കാർ ബംഗളൂരു സ്വദേശി ഫസുലിന് സ്ക്രാപ്പായി വിറ്റിരുന്നു. ടാറ്റ എ.ഐ.ജി ജനറൽ ഇൻഷ്വറൻസ് കമ്പനി അപകട നഷ്ടപരിഹാരത്തുക നൽകിയെന്നും ഇൻഷ്വറൻസ് കമ്പനിയാണ് സ്ക്രാപ്പായി കാർ വാങ്ങാൻ ആളെ ഏർപ്പാടാക്കിയതെന്നും ഹർജിയിൽ പറയുന്നു. 48,000 രൂപയ്ക്കാണ് കാർ വിറ്റത്. ആർ.ടി ഒാഫീസിൽ സറണ്ടർ ചെയ്യാനെന്ന പേരിൽ വാഹനത്തിന്റെ ആർ.സി ബുക്ക് ഫസുൽ കൈപ്പറ്റിയെങ്കിലും രജിസ്ട്രേഷൻ രേഖകളിൽ നിന്ന് മണിയുടെ പേര് മാറ്റിയിരുന്നില്ല. 2017 ൽ അമിതവേഗത്തിൽ വാഹനമോടിച്ചതിന് 400 രൂപ പിഴ ചുമത്തി മോട്ടോർ വാഹനവകുപ്പിന്റെ നോട്ടീസ് ലഭിക്കുമ്പോഴാണ് കാർ ഇപ്പോഴും ഒാടുന്നുണ്ടെന്ന് ഹർജിക്കാരൻ അറിഞ്ഞത്. തുടർന്ന് വാഹനത്തിന്റെ ദുരുപയോഗം തടയാനും തന്റെ പേര് രേഖകളിൽ നിന്ന് നീക്കാനും 2017 മേയ് മൂന്നിന് എറണാകുളം ആർ.ടി.ഒയ്ക്ക്
നിവേദനം നൽകി. വാഹനത്തിന്റെ ദുരുപയോഗം തടയാൻ എറണാകുളം സെൻട്രൽ പൊലീസിലും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. അമിതവേഗം ചൂണ്ടിക്കാട്ടി പിഴ ചുമത്തി ഏഴു നോട്ടീസുകൾ കൂടി മോട്ടോർ വാഹനവകുപ്പിൽ നിന്ന് ലഭിച്ചു. ഇൗ സാഹചര്യത്തിൽ വണ്ടി പിടിച്ചെടുക്കണമെന്നും രജിസ്ട്രേഷൻ രേഖകളിൽ നിന്ന് തന്റെ പേര് നീക്കണമെന്നും ആവശ്യപ്പെട്ടാണ് മണി ഹൈക്കോടതിയെ സമീപിച്ചത്. മോട്ടോർവാഹന വകുപ്പ് ചുമത്തിയ പിഴത്തുക വാഹനം വാങ്ങിയ ഫസുലിൽ നിന്ന് ഇൗടാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഹർജി പരിഗണിച്ച സിംഗിൾ ബെഞ്ച് കാർ പിടിച്ചെടുക്കാൻ എറണാകുളം സെൻട്രൽ പൊലീസിനാണ് നിർദ്ദേശം നൽകിയത്. പിടിച്ചെടുത്ത കാർ കോടതിയുടെ ഉത്തരവില്ലാതെ വിട്ടുകൊടുക്കരുതെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു.