SignIn
Kerala Kaumudi Online
Tuesday, 12 November 2019 9.52 AM IST

അയോദ്ധ്യ വിധി ഇന്ന്, അയോദ്ധ്യയിലേക്കുള്ള റോഡുകൾ അടച്ചു സംസ്ഥാനങ്ങൾക്കും ജാഗ്രതാ നിർദ്ദേശം

ayodhya-case

ന്യൂഡൽഹി: അയോദ്ധ്യയിലെ ബാബ്റി മസ്ജിദ് - രാമജന്മഭൂമി തർക്ക കേസിൽ രാജ്യം കാത്തിരിക്കുന്ന വിധി സുപ്രീംകോടതി ഇന്ന് പ്രഖ്യാപിക്കും. രാവിലെ 10.30ന് ചീഫ്ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ ബെഞ്ച് വിധി പ്രസ്താവം തുടങ്ങും. സുരക്ഷാ സാഹചര്യങ്ങൾ നേരിട്ട് വിലയിരുത്തിയ ശേഷമാണ് ചീഫ്ജസ്റ്റിസ് കോടതി അവധി ദിവസമായ ഇന്ന് ഒന്നാം നമ്പർ കോടതിയിൽ അസാധാരണ സിറ്റിംഗ് നടത്തുന്നത്.

മാർച്ച് 8 മുതൽ ജൂലായ് 31വരെ ഫൈസാബാദിൽ നടന്ന മദ്ധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് സുപ്രീംകോടതി അന്തിമവാദത്തിലേക്ക് കടന്നത്. ആഗസ്റ്റ് ആറിന് തുടങ്ങി 40 ദിവസം നീണ്ട വാദം ഒക്ടോബർ 16നാണ് പൂർത്തിയായത്.

വിധിയെക്കുറിച്ച് അനാവശ്യ പ്രസ്താവനകൾ ഒഴിവാക്കാൻ കരുതലോടെ പ്രവർത്തിക്കണമെന്നും വിധി വന്നാൽ മതസൗഹാർദ്ദവും ഐക്യവും നിലനിറുത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭാംഗങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. ബി.ജെ.പി നേതാക്കൾക്കും പ്രവർത്തകർക്കും സമാന നിർദ്ദേശം കേന്ദ്രനേതൃത്വം നൽകി.

സുരക്ഷ വിലയിരുത്തി ചീഫ് ജസ്റ്റിസ്

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഉത്തർപ്രദേശ് ചീഫ് സെക്രട്ടറി രാജേന്ദ്രകുമാർ തിവാരിയെയും ഡി.ജി.പി ഓംപ്രകാശ് സിംഗിനെയും ഇന്നലെ ചേംബറിൽ വിളിച്ചുവരുത്തി സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തി. പ്രശ്‌ന സാദ്ധ്യതയുള്ള മേഖലകളിൽ കനത്ത സുരക്ഷ വേണമെന്ന് ചീഫ് ജസ്‌റ്റിസ് നിർദ്ദേശിച്ചു. തർക്ക സ്ഥലത്തേക്കുള്ള എല്ലാ റോഡുകളും അടച്ചിട്ടുണ്ട്. വിധി പറയുന്ന അഞ്ചംഗ ബെഞ്ചിൽ അംഗമായ ജസ്‌റ്റിസ് അശോക് ഭൂഷണിന്റെ യു.പി അശോക് നഗറിലെ വസതിക്കും കാവലേർപ്പെടുത്തി.

പ്രശ്നസാദ്ധ്യതാ മേഖലകളിൽ ആവശ്യമായ സുരക്ഷയൊരുക്കാനും അനിഷ്ട സംഭവങ്ങളൊഴിവാക്കാനും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നൽകി.

അയോദ്ധ്യയിൽ കനത്ത സുരക്ഷ

അയോദ്ധ്യയിൽ 4000 അർദ്ധസൈനികരെ കേന്ദ്രം വിന്യസിച്ചു. ക്രമസമാധാനം ഉറപ്പാക്കാൻ 12,000 പൊലീസുകാരെ യു.പി സർക്കാരും നിയോഗിച്ചിട്ടുണ്ട്. അയോദ്ധ്യയിൽ ഡിസംബർ അവസാനം വരെ നിരോധനാ‌ജ്ഞ നിലവിലുണ്ട്. സോഷ്യൽ മീഡിയയെ നിരീക്ഷിക്കാൻ 16000 സന്നദ്ധപ്രവർത്തകരുണ്ട്. അധിക്ഷേപകരവും പ്രകോപനകരവുമായ പോസ്റ്റുകൾ ഇടുന്നവർക്കെതിരെ ദേശസുരക്ഷാ നിയമപ്രകാരം നടപടിയുണ്ടാകും.

ചുവപ്പ്, മഞ്ഞ, പച്ച, നീല എന്നിങ്ങനെ അയോദ്ധ്യയെ നാലു മേഖലകളായി തിരിച്ചാണ് സുരക്ഷാ ക്രമീകരണങ്ങൾ. തർക്ക മന്ദിരം ഉൾപ്പെടുന്ന പ്രദേശമാണ് ചുവപ്പ്. കേന്ദ്ര പാരാമിലിട്ടറി സൈനികർക്കാണ് സുരക്ഷാ ചുമതല. തീവ്രവാദവിരുദ്ധ സേന, ദേശീയ അന്വേഷണ ഏജൻസി അടക്കമുള്ള വിഭാഗങ്ങളും സംസ്ഥാനത്തുണ്ട്. എട്ട് താത്കാലിക ജയിലുകളും സ്ഥാപിച്ചു. സൈനികർക്ക് താമസമൊരുക്കാൻ നിരവധി സ്കൂളുകളും തയ്യാറാക്കി.

ഭരണഘടനാ ബെഞ്ച്

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ. ബോബ്‌ഡെ, ഡി.വൈ. ചന്ദ്രചൂഢ്, അശോക്ഭൂഷൺ, എസ്.എ. നസീർ.

 വിധി പറയുന്നത്

തർക്കമുള്ള 2.77 ഏക്കർ ഭൂമി സുന്നി വഖഫ് ബോർഡിനും നിർമോഹി അഖാഡയ്ക്കും രാം ലല്ലയ്ക്കുമായി വിഭജിച്ച അലഹബാദ് ഹൈക്കോടതിയുടെ 2010-ലെ വിധിക്കെതിരെയുള്ള 14 അപ്പീലുകളിൽ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, AYODHYA CASE
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.