ഭുവനേശ്വർ: ഇന്ത്യയെ വളർച്ചയുടെ പുതിയ ഉയരങ്ങളിലെത്തിക്കാൻ രാജ്യത്തെ യുവശക്തിക്ക് കഴിയുമെന്ന് ലോക്സഭ സ്പീക്കർ ഓം ബിർള പറഞ്ഞു.
കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജിയുടെ 15-ാം വാർഷിക ബിരുദദാന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോളതലത്തിൽ വികസനം ത്വരിതപ്പെടുത്തുന്നതിൽ സാങ്കേതികവിദ്യ നിർണായകപങ്ക് വഹിക്കുന്നുണ്ട്. ഇന്ത്യയിൽ നിന്നുള്ള ഐ ടി വിദഗ്ധർ ലോകമെമ്പാടുമുള്ള കമ്പനികളിൽ സുപ്രധാനസ്ഥാനങ്ങൾ അലങ്കരിക്കുകയാണ്. വിദ്യാസമ്പന്നരായ യുവജനങ്ങൾക്ക് രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കാൻ കഴിയുമെന്ന ഉത്തമവിശ്വാസമുണ്ട്. മുപ്പതിനായിരത്തോളം ആദിവാസി വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കുന്ന കലിംഗ സ്ഥാപകൻ പ്രൊഫ.അച്യുത് സാമന്തയോട് രാജ്യം ഏറെ കടപ്പെട്ടിരിക്കുന്നുവെന്നും ഓം ബിർള പറഞ്ഞു.
ചടങ്ങിൽ ഒഡിഷ നിയമസഭാ സ്പീക്കർ ഡോ.സൂര്യനാരായണ പട്രോ, അപരാജിത സാരംഗി എം.പി തുടങിയവരും സംബന്ധിച്ചു. കലിംഗ ചാൻസലർ പ്രൊഫ.വേദ് പ്രകാശ് അദ്ധ്യക്ഷനായിരുന്നു. പ്രൊ ചാൻസലർ പ്രൊഫ.എസ്.കെ.ആചാര്യ, വൈസ് ചാൻസലർ ഡോ.ഋഷികേശ് മൊഹന്തി തുടങ്ങിയവർ സംസാരിച്ചു.