കൊല്ലം: വിസ തട്ടിപ്പുവീരനെ തട്ടിപ്പിന് ഇരയായവർ ഓടിച്ചിട്ട് പിടികൂടി പൊലീസിന് കൈമാറി. കുളത്തൂപ്പുഴ ഡിപ്പോ ജംഗ്ഷന് സമീപം മൂലയിൽ വീട്ടിൽ സജിൻ ഷറഫുദ്ദീനാണ് (43) പിടിയിലായത്. ആർ.എസ്.പി നേതാവിന്റെ മകനായ സജിൻ എം.പിമാരായ എൻ.കെ. പ്രേമചന്ദ്രന്റെയും പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും പേരിലാണ് തട്ടിപ്പ് നടത്തിയത്.
മാസങ്ങളായി ഒളിവിലായിരുന്ന സജിൻ മടങ്ങിയെത്തിയെന്നറിഞ്ഞ് ഇന്നലെ രാവിലെ 7.30 ഓടെ വീട് വളഞ്ഞു. നാട്ടുകാരും സംഘടിച്ചു. പലതവണ കതകിൽ തട്ടിവിളിച്ചിട്ടും വാതിൽ തുറന്നില്ല. കുളത്തൂപ്പുഴ പൊലീസ് എത്തിയതോടെ സജിൻ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങിയോടി. നാട്ടുകാർ പിന്തുടർന്ന് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. കുളത്തൂപ്പുഴ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം സ്വദേശികളായ 15 യുവാക്കളിൽ നിന്നു ലക്ഷങ്ങൾ വാങ്ങി സന്ദർശക വിസയിൽ ഒമാനിലെത്തിച്ചശേഷം കടന്നുകളഞ്ഞു. കുഞ്ഞാലിക്കുട്ടിക്കും എൻ.കെ. പ്രേമചന്ദ്രനും ഒമാനിൽ കമ്പനിയുണ്ടെന്നും അവിടെ ജോലി വാങ്ങിനൽകാമെന്നും പറഞ്ഞാണ് യുവാക്കളെ കൊണ്ടുപോയത്. ഇരു നേതാക്കൾക്കും ഒപ്പം നിൽക്കുന്ന ഫോട്ടോയും കാണിച്ചിരുന്നു. ജോലിയും ആഹാരവുമില്ലാതെ മാസങ്ങളോളം ഒമാനിൽ ഒറ്റപ്പെട്ടുപോയ യുവാക്കളെ മലയാളി സംഘടനകൾ ഇടപെട്ടാണ് നാട്ടിലെത്തിച്ചത്. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലാണ് ഈ തട്ടിപ്പുമായി ബന്ധപ്പെട്ട കേസ്. ഇതിനുപുറമേ കുളത്തൂപ്പുഴ, അഞ്ചൽ കുളി, തൃശൂർ സ്റ്റേഷനുകളിലും സജിനെതിരെ വിസ തട്ടിപ്പ് കേസുണ്ട്. പലയിടങ്ങളിലും പല പേരുകളിലാണ് സജിൻ പരിചയപ്പെടുത്തിയിരുന്നത്. യുവാക്കളെ ഒമാനിലെത്തിച്ചശേഷം ചില സുഹൃത്തുക്കളുടെ സഹായത്തോടെ ഇന്റർവ്യു നാടകങ്ങളും നടത്തിയിരുന്നതായി കുളത്തൂപ്പുഴ പൊലീസ് പറഞ്ഞു. 2016ലാണ് സജിനെതിരെ ആദ്യം പരാതി ലഭിച്ചത്. മട്ടന്നൂർ കോടതിയിൽ ചെക്ക് കേസിലും പ്രതിയാണ്. പുനലൂർ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.