ഇടുക്കി: ശാന്തൻപാറ ഭർത്താവിനെ കൊലപ്പെടുത്തി നാടുവിട്ട ലിജിയെയും കാമുകനെയും വിഷം കഴിച്ച നിലയിൽ ഗുരുതരാവസ്ഥയിൽ മുംബയിലെ ലോഡ്ജിൽ നിന്നും കണ്ടെത്തിയിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന ലിജിയുടെ മകളെ മരണപ്പെട്ട നിലയിലാണ് ലോഡ്ജിൽ നിന്നും കണ്ടെത്തിയത്. കഴിഞ്ഞ 31നാണ് കാമുകനായ വസീം ലിജിയുടെ ഭർത്താവ് റിജോഷിനെ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ചത്. പക്ഷേ പദ്ധതി പൊളിഞ്ഞതോടെ ലിജിയുടെ രണ്ടുവയസുകാരിയായ മകൾ ജുവാനയുമായി ഇവർ നാടുവിടുകയായിരുന്നു. പൊലീസ് പിന്നാലെയുണ്ടെന്ന് മനസിലാക്കിയാണ് ഇവർ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്. റിജോഷിന്റെ മകൾ ജുവാനയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. ഇന്ന് വീട്ടിലെത്തിച്ച് സംസ്കരിക്കും. മൃതദേഹം ആദ്യം മുംബയിൽ തന്നെ സംസ്കരിക്കുന്നതിന് ആലോചിച്ചെങ്കിലും പിന്നീട് നാട്ടിലേക്ക് എത്തിക്കാൻ തീരുമാനിക്കുകയായിരുന്നു.
കുറ്റമൊന്നും ചെയ്യാതെ മരണത്തിന് കീഴടങ്ങേണ്ടി വന്ന ജുവാനയെയോർത്ത് തേങ്ങുകയാണ് ശാന്തൻപാറ. കൊല്ലപ്പെട്ട റിജോഷിന്റെ സഹോദരനും പള്ളി വികാരിയുമായ ഫാ. വിജോഷ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ആരുടേയും കണ്ണുനിറയ്ക്കുന്നതാണ്. കളിപ്പാട്ടവുമായി കുസൃതിച്ചിരിയുമായി നിൽക്കുന്ന ജുവാനയുടെ ഫോട്ടോയും അദ്ദേഹം കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്. ഈശോയേ, പറ്റുമെങ്കിൽ അവളെ ഒരു മാലാഖയാക്കണമെന്നാണ് ദൈവത്തിനോട് അദ്ദേഹം പ്രാർത്ഥിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കളകൾ പറിക്കണ്ട , ഒരു പക്ഷെ നിങ്ങൾ വിളയും കൂടെ പറിക്കാൻ ഇടയാകും എന്ന് പറഞ്ഞിട്ട് , എന്തിനാണീശോ ഈ മാലഖ കുഞ്ഞിനെ കളകളോടൊപ്പം നീ വിട്ടുകൊടുത്തത്.... നല്ല പൂവിനെ നീ പറിച്ചെടുത്തത് ഞങ്ങളുടെ ഹൃദയത്തിൽ നിന്നാണ് ട്ടോ! ഇനി ഒന്നു മാമ്രേ പറയാനുള്ളൂ നിന്നോട്, ചീഞ്ഞളിഞ്ഞ ഞങ്ങളുടെ നിലത്തിൽ നിന്ന് നിന്റെ തോട്ടത്തിലെ നല്ല മണ്ണിലേക്ക് നീ മാറ്റി നട്ട അവൾ പൂക്കുമ്പോൾ ഭൂമിയിലെ ഈ കാട്ടു ചെടികളെ ഓർക്കണേ... നിന്നെയും നിന്റെ പപ്പയേയും ഓർത്ത് ചങ്കുപിടക്കുന്ന ഒരു കുടുംബം താഴെയുണ്ട്. അതിൽ നിന്റെ വല്ല്യചാച്ചനും പിന്നെ ഞങ്ങളുമുണ്ട് ട്ടോ. മോളേ, എന്തൊക്കെ എഴുതിപിടിപ്പിച്ചാലും നിന്റെ മുഖം ഒരു മനസാക്ഷികുത്താണ്. 'ക്ഷമിക്കണേ ദുഷ്ടരായ ഞങ്ങളോട്, അറിഞ്ഞോ അറിയാേെയാ തെറ്റ് ചെയ്തവരോട്,' എന്ന അപേക്ഷയോടെ പെങ്ങളെ അതിരുവിട്ട് സ്നേഹിക്കുന്ന ഒരു ആങ്ങള.
ഒന്നു കൂടെ എന്റെ ഈശോയേ, പറ്റുമെങ്കിൽ അവളെ ഒരു മാലാഖയാക്കണം ബോധമില്ലാത്ത ഞങ്ങളുടെ കുടുംബങ്ങൾക്ക് ഒരു സംരംക്ഷണമായി, ഓർമ്മപ്പെടുത്തലായി, അത്ര മതി.