ന്യൂഡൽഹി: സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനുകളിൽ മുഖം തിരിച്ചറിയൽ സാങ്കേതിക വിദ്യ (ഫേസ് റെക്കഗ്നീഷൻ സിസ്റ്റം) നടപ്പാക്കാൻ തീരുമാനം. വിമാനത്താവളങ്ങളിലേതിന് സമാനമായ സാങ്കേതികവിദ്യയാണ് നടപ്പാക്കുക. കൃത്രിമബുദ്ധിയാൽ പ്രവർത്തിക്കുന്ന ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ട്രെയിനുകളിലും സ്റ്റേഷനുകളിലും കയറുന്ന കുറ്റവാളികളെ തിരിച്ചറിയാനാകും.
പരീക്ഷണാടിസ്ഥാനത്തിൽ ബംഗളൂരു റെയിൽവേ സ്റ്റേഷനിലാകും പദ്ധതി നടപ്പിലാക്കുക. തുടർന്ന്
ഘട്ടം ഘട്ടമായി ഡൽഹി, മുംബയ് അടക്കമുള്ള പ്രധാന സ്റ്റേഷനുകളിലെല്ലാം സ്ഥാപിക്കും.
ആറുവർഷം മുമ്പുതന്നെ ഈ സാങ്കേതികവിദ്യയെക്കുറിച്ച് ആലോചിച്ചിരുന്നെങ്കിലും സ്റ്റേഷനുകളിൽ അനുകൂല സാഹചര്യമില്ലാത്തതിനാൽ പദ്ധതി നീട്ടിവയ്ക്കുകയായിരുന്നു. മുംബയ് ഭീകരാക്രമണത്തിനുശേഷം സമഗ്രമായ സുരക്ഷാപദ്ധതി റെയിൽവേ സുരക്ഷാ സേന (ആർ.പി.എഫ്) തയ്യാറാക്കിയിരുന്നു. ഇതുപ്രകാരമാണ് മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ ഏർപ്പെടുത്താനുള്ള നിർദ്ദേശം കൊണ്ടുവന്നത്. രാജ്യത്തെ 200 പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷ വർദ്ധിപ്പിക്കണമെന്നാണ് ആർ.പി.എഫ് പറയുന്നത്.
പ്രതിദിനം ലക്ഷക്കണക്കിന് യാത്രക്കാരാണ് ട്രെയിൻമാർഗം യാത്ര ചെയ്യുന്നത്. അതിനാൽ, ഇവരുടെ മറവിൽ
ട്രെയിനുകളിലും സ്റ്റേഷനുകളിലും കുറ്റവാളികൾ കടന്നുകയറാനുള്ള സാദ്ധ്യത ഏറെയാണെന്നും ആർ.പി.എഫ് പറയുന്നു. അതേസമയം, വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നതാണ് ഈ നടപടിയെന്നും വിമർശനം ഉയർന്നിട്ടുണ്ട്.
ഫേസ് റെക്കഗ്നീഷൻ സിസ്റ്റം (എഫ്.ആർ.എസ്)
ഒരു കുറ്റവാളിയെയോ, സംശയിക്കുന്ന വ്യക്തിയെയോ വളരെ വേഗം എഫ്.ആർ.എസ് ഉപയോഗിച്ചു കണ്ടെത്താം.
കുറ്റകൃത്യം തടയാനായി ദേശീയതലത്തിൽ എല്ലാ പൊലീസ് സ്റ്റേഷനുകളെയും സുരക്ഷാ ഏജൻസികളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ്വർക്ക് ആൻഡ് സിസ്റ്റവുമായി (സി.സി.ടി.എൻ.എസ്) ചേർന്നാണ് ഇത് പ്രവർത്തിക്കുക.
താൻ നിരീക്ഷിക്കപ്പെടുന്നുവെന്ന സംശയത്തിന് യാതൊരിടവും കൊടുക്കാത്ത രീതിയിൽ അയാളെ നിരീക്ഷിക്കാനാവും.