തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സിറ്റി ഡിപ്പോയിൽ കൺസഷന് അപേക്ഷിച്ച 34 വിദ്യാർത്ഥികളിൽ നിന്നും അമിത തുക ഈടാക്കിയതായി വിജിലൻസ് വിഭാഗം കണ്ടെത്തി. കുറ്രക്കാരായ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ കഴിഞ്ഞ സെപ്തംബർ 24ന് കുറ്റപത്രം തയ്യാറാക്കി ഗതാഗത വകുപ്പിനും കെ.എസ്.ആർ.ടി.സി എം.ഡിക്കും നൽകിയെങ്കിലും ഇതുവരെ ശിക്ഷാനടപടി സ്വീകരിച്ചിട്ടില്ല.
കഴിഞ്ഞ വർഷം ജനുവരി മുതൽ ജൂൺ വരെ നടന്ന ക്രമക്കേട് കെ.എസ്.ആർ.ടി.സി അധികൃതർ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. നിയമസഭയിൽ മുസ്ലിം ലീഗ് അംഗം പി.കെ. അബ്ദുറബ്ബ് ഇക്കാര്യം ഉന്നയിച്ചതിനു ശേഷമായിരുന്നു വിജിലൻസ് അന്വേഷണം . നിയമവിരുദ്ധമായി വിദ്യാർത്ഥികളിൽ നിന്നും പിഴ എന്ന പേരിൽ 500 രൂപ വീതം ഈടാക്കിയതായി തെളിഞ്ഞു. സിറ്റി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജി.രവീന്ദ്രനും സിറ്റി എ.ടി.ഒയായിരുന്ന എസ്.മുഹമ്മദ് ബഷീറുമാണ് കുറ്റക്കാർ..പിഴ ഒടുക്കിയവരിൽ 13 പേർ പ്ളസ് ടു വിദ്യാർത്ഥികളും മറ്റുള്ളവർ ബിരുദ വിദ്യാർത്ഥികളുമാണ്.