തിരുവനന്തപുരം: പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വനപ്രദേശങ്ങളിലും ആദിവാസി മേഖലകളിലും മാവോയിസ്റ്റ് സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. മറ്റ് ജില്ലകളിലേക്ക് ഇവരുടെ പ്രവർത്തനം വ്യാപിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. മാവോയിസ്റ്റുകളെ കീഴടങ്ങാൻ പ്രേരിപ്പിക്കുന്ന പാക്കേജ് അനുസരിച്ച് ആരും കീഴടങ്ങാത്തതിന് പ്രധാനകാരണം ഇവരിൽ ഭൂരിഭാഗവും കേരളത്തിനു പുറത്തുള്ളവരാണെന്നതാണ്. മറ്റ് മാവോയിസ്റ്റുകൾക്ക് വെറുപ്പുണ്ടാകാൻ കാരണമാകുമെന്നതും നിലവിലെ കേസുകളിൽ നിന്ന് മുക്തരാകാൻ കഴിയുമോയെന്ന ആശങ്കയും കീഴടങ്ങലിന് തടസമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. മഞ്ചിക്കണ്ടിയിൽ വെടിയുതിർത്തവർക്ക് നേരെ പൊലീസ് സ്വയരക്ഷാർത്ഥം തിരികെ വെടിവച്ചപ്പോഴാണ് മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതെന്ന് ഇന്നലെ അനൂപ് ജേക്കബിന്റെ ചോദ്യത്തിനുത്തരമായി മുഖ്യമന്ത്രി ആവർത്തിച്ചു.
വാളയാർ കേസ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതലയുണ്ടായിരുന്ന ഡി.വൈ.എസ്.പിയിൽ നിന്നും വീഴ്ച സംബന്ധിച്ച് വിശദീകരണം തേടിയിരുന്നു. എസ്.ഐക്കെതിരെയും സി.ഐക്കെതിരെയും വകുപ്പുതല അച്ചടക്ക നടപടി സ്വീകരിച്ചു. പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും ടി.എ അഹമ്മദ് കബീർ, കെ.എം ഷാജി, പാറയ്ക്കൽ അബ്ദുള്ള, എം.കെ മുനീർ എന്നിവരെ മുഖ്യമന്ത്രി അറിയിച്ചു.