ആൻഫീൽഡ്: ഫുട്ബാൾ ലോകം ആകാംഷയോടെ കാത്തിരുന്ന പ്രിമിയർ ലീഗ് പോരാട്ടത്തിൽ ലിവർപൂൾ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് മാഞ്ചസ്റ്രർ സിറ്റിയെ കീഴടക്കി. ഫാബിഞ്ഞോ, മുഹമ്മദ് സല, സാദിയോ മാനെ എന്നിവരാണ് ലിവർപൂളിനായി സ്കോർ ചെയ്തത്. ബെർണാഡോ സിൽവയുടെ വകയായിരുന്നു സിറ്റിയുടെ ആശ്വാസ ഗോൾ. ജയത്തോടെ പ്രിമയർ ലീഗിൽ തോൽവി അറിയാതെ ലിവർ മുന്നേറുകയാണ്. 12 മത്സരങ്ങളിൽ നിന്ന് 11 ജയവും 1 സമനിലയുമുൾപ്പെടെ 34 പോയിന്റുമായി അവർ ഏറെ മുന്നിലാണ്. രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള ലസ്റ്രർ സിറ്രിക്കും ചെൽസിക്കും 26 പോയിന്റ് വീതമാണുള്ളത്. ഇവരെക്കാൾ 8 പോയിന്റിന്റെ ലീഡ് നേടാനായത് ലിവറിന്റെ ആത്മവിശ്വാസം കൂട്ടുന്നു. 25 പോയിന്റുമായി നാലാം സ്ഥാനത്താണ് മാഞ്ചസ്റ്രർ സിറ്രി.
നിലവിലെ പ്രിമിയർ ലീഗ് ചാമ്പ്യൻമാരായ സിറ്രിയും ചാമ്പ്യൻസ് ലീഗ് ചാമ്പ്യൻമാരായ ലിവർപൂളം തമ്മിലുള്ള പോരാട്ടം തുടക്കം മുതൽ വാശിയേറിയതായിരുന്നു.
ആറാം മിനിട്ടിൽ തന്നെ ലിവർപൂൾ ലീഡ് നേടി. ഫാബിഞ്ഞോയുടെ തകപ്പൻ ലോംഗ് റേഞ്ചറിലൂടെയാണ് ലിവർ ആദ്യ ഗോൾ നേടിയത്. സിറ്റി താരം ഇൽകെയ് ഗുണ്ടോഗന്റെ പിഴവിൽ നിന്ന് ഫാബിഞ്ഞോയാണ് ലിവർപൂളിന്റെ ആദ്യഗോൾ നേടിയത്. ബോക്സിലേക്ക് വന്ന പന്ത് ക്ലിയർ ചെയ്യുന്നതിൽ ഗുണ്ടോഗന് പിഴയ്ക്കുകയായിരുന്നു. ലക്ഷ്യം തെറ്റിയ ഷോട്ട് പിടിച്ചെടുത്ത ഫാബിഞ്ഞോ 25 വാരയകലെ നിന്ന് തൊടുത്ത ഷോട്ടിന് സിറ്രി ഗോളി ബ്രാവോയ്ക്ക് മറുപടിയുണ്ടായിരുന്നില്ല.
ഇതിനു തൊട്ടുമുമ്പ് സിറ്റിക്ക് അർഹതപ്പെട്ട പെനാൽറ്റി റഫറി നിഷേധിച്ചിരുന്നു. ബോക്സിനുള്ളിൽ ലിവർപൂൾ താരം അലക്സാൻഡർ അർനോൾഡിന്റെ കൈയിൽ പന്ത് കൊണ്ടെങ്കിലും റഫറി ഹാൻഡ് ബാൾ അനുവദിച്ചില്ല..
ഏഴ് മിനിട്ടിനുള്ളിൽ ലിവർപൂൾ ലീഡുയർത്തി. സലയാണ് ഗോൾ നേടിയത്.
അലക്സാണ്ടർ അർനോൾഡിൽ അർണോൾഡിൽ നിന്നു ലഭിച്ച പന്ത് സ്വീകരിച്ച് ഇടതു വിങ്ങിൽ നിന്ന് ആൻഡി റോബർട്സൺ നൽകിയ ക്രോസ് ഒരു ബുള്ളറ്റ് ഹെഡറിലൂടെ സല ഗോളിലേക്ക് തിരിച്ചുവിടുകയായിരുന്നു. ആദ്യ പകുതിയിൽ ഈ ലീഡ് നിലനിർത്തിയ ലിവർപൂൾ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മൂന്നാം ഗോളും നേടി.
ഇടവേള കഴിഞ്ഞ് ആറാം മിനിറ്റിലായിരുന്നു അവരുടെ മൂന്നാം ഗോൾ. ജോർദാൻ ഹെർണാണ്ടസ് നൽകിയ ക്രോസിൽ ഡൈവിങ് ഹെഡറിലൂടെ സാദിയോ മാനെ ഗോളാക്കി.
മൂന്നു ഗോളുകൾക്കു പിന്നിലായ ശേഷവും തിരിച്ചുവരവിന് കിണഞ്ഞുപൊരുതിയ സിറ്റി ഒടുവിൽ 78ാം മിനിറ്റിലാണ് ആശ്വാസ ഗോൾ കണ്ടെത്തിയത്. സിൽവയിലൂടെ ഒരു ഗോൾ മടക്കിയെങ്കിലും മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള സമയം അപ്പോഴേക്കും അവസാനിച്ചിരുന്നു.
മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സീസണിലെ നാലാം ജയം സ്വന്തമാക്കി. ബ്രൈറ്റൺ ഹോവ്സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് യുണൈറ്റഡ് തോൽപിച്ചത്. 17ാം മിനിറ്റിൽ ആന്ദ്രെ പെരേരയിലൂടെ മുന്നിലെത്തിയ അവർക്ക് 19ാം മിനിറ്റിൽ ബ്രൈറ്റൺ താരത്തിന്റെ സെൽഫ് ഗോൾ യുണൈറ്റഡിന് നേട്ടമായി.
66ാം മിനിറ്റിൽ മാർക്കസ് റാഷ്ഫോർഡ് മൂന്നാം ഗോളും നേടി പട്ടിക തികച്ചു.