ഉന്തിലും തള്ളിലും മൂന്നുപേർക്ക് പരിക്ക്
ആലപ്പുഴ: എ.എ. അസീസ് എം.എൽ.എയുടെ നേതൃത്വത്തിൽ ആർ.എസ്.പി പ്രവർത്തകർ നടത്തിയ കളക്ടറേറ്റ് മാർച്ച് ഗൗരവത്തോടെ കാണാതിരുന്ന പൊലീസ് പുലിവാൽ പിടിച്ചു. കളക്ടറേറ്റ് കവാടത്തിൽ മാർച്ച് തടയാൻ പൊലീസ് ഇല്ലെന്നുകണ്ടപ്പോൾ, കളക്ടറുടെ മുറിയിലേക്ക് പാഞ്ഞടുത്ത പ്രവർത്തകരെ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാർ ഒരുവിധം പുറത്താക്കുകയായിരുന്നു. ഉന്തിലും തള്ളിലും ജില്ലാ സെക്രട്ടറി സണ്ണിക്കുട്ടി, ഓഫീസ് സെക്രട്ടറി അബ്ദുൾ സലാം എന്നിവർക്ക് പരിക്കേറ്റു. മുൻകൂട്ടി അറിയിച്ചിട്ടും മാർച്ച് തടയാൻ പൊലീസ് സ്ഥലത്തില്ലാതിരുന്നത് ഗുരുതര വീഴ്ചയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അസീസ് ആരോപിച്ചു.
ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. കളക്ടറേറ്റിലെ പ്രധാന കവാടത്തിനു മുന്നിൽ ബാരിക്കേഡ് ഉപയോഗിച്ചോ ഗേറ്റ് അടച്ചിട്ടോ ആണ് സാധാരണഗതിയിൽ പൊലീസ് മാർച്ച് തടയുന്നത്. എന്നാൽ ആർ.എസ്.പി മാർച്ച് തടയാൻ പൊലീസ് ഇടപെട്ടില്ല. തുറന്നുകിടന്ന ഗേറ്റിലൂടെ പ്രവർത്തകർ മുദ്രാവാക്യം മുഴക്കി അകത്തേക്ക് ഓടിക്കയറുകയായിരുന്നു. മഫ്തിയിൽ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരൻ ഓഫീസ് സെക്രട്ടറി അബ്ദുൾ സലാമിനെ തടയാൻ ശ്രമിച്ചു. വെട്ടിച്ച് മുന്നോട്ട് നീങ്ങിയ സലാമിനെ പൊലീസുകാരൻ വലിച്ച് താഴെയിട്ടു. ഇതിനിടയിൽ മറ്റ് പ്രവർത്തകർ കളക്ടറുടെ ചേംബറിനടുത്തേക്ക് ഓടിയെങ്കിലും അവിടെ കാവലുണ്ടായിരുന്ന പൊലീസുകാർ ഇരുമ്പ് ഗ്രില്ല് അടച്ച് തടയാൻ ശ്രമിച്ചു. ഇതിനിടെ ഗ്രില്ലിന്റെ ചില ഭാഗങ്ങൾ തകർന്നു വീണു. തുടർന്ന് കൂടുതൽ പൊലീസെത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഇവരെ ജാമ്യത്തിൽ വിട്ടു.