തിരുവനന്തപുരം : കായികാദ്ധ്യാപകരുടെ ചട്ടപ്പടി സമരം പൊളിക്കാൻ നേതാവിനെ സസ്പെൻഡ് ചെയ്ത പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറലിന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിന്ന് വീണ്ടും തിരിച്ചടിയുണ്ടായതോടെ സസ്പെൻഷനും അതിന് പിന്നാലെയുണ്ടായ പകവീട്ടൽ സ്ഥലംമാറ്റലുമൊക്കെ റദ്ദാക്കേണ്ടി വന്നു.
സംസ്ഥാനത്തെ കായികാദ്ധ്യാപകരുടെ സംഘടനാനേതാവും ആറ്റിങ്ങൽ മോഡൽ ബോയ്സ് ഹൈസ്കൂൾ അദ്ധ്യാപകനുമായ സുനിൽ കുമാറിനെയാണ് കഴിഞ്ഞ മാസം വിദ്യാഭ്യാസ ഡയറക്ടർ ജനറൽ സസ്പെൻഡ് ചെയ്തത്. ഡി.ജിയുടെ സർക്കുലറിനെതിരെ മേലധികാരിയുടെ അനുമതിയില്ലാതെ കോടതി സമീപിച്ചു എന്നതായിരുന്നു കുറ്റം. ഖാദർ കമ്മിറ്റി റിപ്പോർട്ട് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മറ്റ് അദ്ധ്യാപക സംഘടനകൾ കോടതിയെ സമീപിച്ചിട്ടും നടപടിയെടുക്കാത്ത വിദ്യാഭ്യാസ വകുപ്പ് കായികാദ്ധ്യാപക നേതാവിനെതിരെ നടപടിയെടുത്ത് പകവീട്ടാനാണെന്ന് ആക്ഷേപമുണ്ടായിരുന്നു.
സുനിൽകുമാർ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ പരാതി നൽകിയതോടെ സസ്പെൻഷൻ റദ്ദാക്കാൻ ഉത്തരവിട്ടു. എന്നാൽ, സസ്പെൻഷൻ റദ്ദാക്കിയ ഉത്തരവ് ഇറങ്ങും മുമ്പേ സുനിൽകുമാറിനെ സസ്പെൻഡ് ചെയ്തു. പോസ്റ്റിൽ മറ്റൊരു കായികാദ്ധ്യാപികയെ നിയമിച്ച് വിദ്യാഭ്യാസ വകുപ്പ് പകവീട്ടി. ഇതിനെതിരെയും സുനിൽകുമാർ ട്രൈബ്യൂണലിനെ സമീപിച്ചപ്പോൾ സസ്പെൻഡ് ചെയ്ത അതേ സ്കൂളിൽ തന്നെ നിയമനം നൽകണമെന്ന് വീണ്ടും വിധിയുണ്ടായി.
വിധി വന്നിട്ടും സുനിൽകുമാറിന് നിയമന ഉത്തരവ് നൽകാൻ വിദ്യാഭ്യാസ വകുപ്പ് മടിക്കുകയായിരുന്നു. എന്നാൽ, ഇന്നലെ ട്രൈബ്യൂണൽ കേസ് വീണ്ടും പരിഗണിച്ചപ്പോൾ അതേ സ്കൂളിൽ പുനർനിയമനം നൽകിയതായുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് സമർപ്പിച്ചു.
ഭരണപക്ഷ അധ്യാപക സംഘടനകളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ഡയറക്ടർ ജനറൽ സുനിൽ കുമാറിനെ സസ്പെൻഡ് ചെയ്തതെന്ന് കായികാദ്ധ്യാപകരുടെ സംഘടന ആരോപിച്ചു.