SignIn
Kerala Kaumudi Online
Tuesday, 14 July 2020 6.31 AM IST

'അവർ രാജ്യദ്രോഹികൾ, മാന്യമായി വസ്ത്രം ധരിക്കാത്തവർ, പാകിസ്ഥാന് ജയ് വിളിക്കാനാണോ അവർക്ക് സ്വാതന്ത്ര്യം വേണ്ടത്?'

jnu-students

കൊച്ചി: ഫീസ് വർദ്ധനയ്‌ക്കെതിരെ സമരം ചെയ്യുന്ന ജെ.എൻ.യു വിദ്യാർത്ഥികൾക്കതിരെ ആഞ്ഞടിച്ച് ബി.ജെ.പി നേതാവ് എ.എൻ രാധാകൃഷ്‌ണൻ. ഏതാനും നാളുകളായി സർവകലാശാലയിലെ വിദ്യാർത്ഥികൾ വാർത്തകളിൽ ഇടം പിടിക്കുന്നത് പഠനപ്രവർത്തനങ്ങളുടെ പേരിലല്ലെന്നും തീവ്രവാദികളെ പിന്തുണയ്ക്കുന്ന കാര്യത്തിലും രാജ്യദ്രോഹം ചെയ്യുന്നതിന്റെ പേരിലുമാണ് അവർക്ക് പ്രശസ്തിയെന്നും രാധാകൃഷ്ണൻ പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബി.ജെ.പി നേതാവ് വിദ്യാർത്ഥികൾക്കെതിരെ ആരോപണങ്ങൾ തൊടുത്തത്. വിദ്യാർത്ഥികൾ ക്യാമ്പസിൽ അഴിഞ്ഞാടുന്നവരാണെന്നും മാന്യമായി വസ്ത്രം ധരിക്കാൻ തയാറാകാത്തവർ ആണെന്നും രാധാകൃഷ്ണൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു. അതേസമയം വിദ്യാർത്ഥികളുടെ കടുത്ത പ്രക്ഷോഭത്തെ തുടർന്ന് ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ഹോസ്‌റ്റൽ ഫീസ് വർദ്ധനവിൽ സർവകലാശാല മാറ്റം വരുത്തിയിട്ടുണ്ട്.

എ.എൻ.രാധാകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

'രാജ്യത്തെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റി എന്നറിയപ്പെടുന്ന ഡൽഹിയിലെ ജെഎൻയു (ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി) കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത് കലാപസമാനമായ ചില രംഗങ്ങൾക്കാണ്. കാലാനുസൃതമായി സർവകലാശാല അധികൃതർ നടപ്പാക്കിയ ഫീസ് വർദ്ധനവ് അന്യായമാണെന്നാരോപിച്ച് അതിനെതിരെ പ്രതിഷേധിക്കാൻ എത്തിയ വിദ്യാർത്ഥികൾ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പങ്കെടുക്കുന്ന ബിരുദദാനച്ചടങ്ങിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചു. കേന്ദ്രമന്ത്രി രമേഷ് പൊഖ്‌റിയാലിനെ മണിക്കൂറുകളോളം ബന്ദിയാക്കി.

ക്യാമ്പസിനുള്ളിൽ അഴിഞ്ഞാടി കണ്ണിൽക്കണ്ടതെല്ലാം അടിച്ചു തകർത്തു. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ കേട്ട കേന്ദ്രമന്ത്രി ഇക്കാര്യം ചർച്ച ചെയ്യാമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷിന് ഉറപ്പുനൽകിയെങ്കിലും അത് ചെവിക്കൊള്ളാനോ ശാന്തരാകാനോ വിദ്യാർത്ഥികൾ തയ്യാറായില്ല. ഒടുവിൽ പോലീസും, അർധസൈനിക വിഭാഗവും സ്ഥലത്തെത്തിയാണ് കേന്ദ്രമന്ത്രിയെ ക്യാംപസിൽ നിന്ന് പുറത്തെത്തിച്ചത്.

എന്തായിരുന്നു ഈ പരിധിവിട്ട പ്രതിഷേധത്തിന് കാരണം ? ഹോസ്റ്റൽ ഫീസ് വർധിപ്പിച്ചെന്നും ഹോസ്റ്റലിൽ എത്തേണ്ട സമയവും ഡ്രസ് കോഡും കർശനമാക്കിയെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. ഒരാൾക്കു താമസിക്കാവുന്ന ഹോസ്റ്റൽ മുറിക്ക് പ്രതിമാസം 20 രൂപയായിരുന്നത് 600 രൂപയാക്കി ഉയർത്തിയതാണ് വിദ്യാർത്ഥികളുടെ എതിർപ്പ് ക്ഷണിച്ചു വരുത്തിയത്. രണ്ടു പേരുടെ മുറിക്കു 10 രൂപയിൽ നിന്ന് 300 രൂപയും ആയി ഉയർത്തി. കൂടാതെ 1700 രൂപ മാസം സർവീസ് ചാർജ് ഏർപ്പെടുത്തി. മുൻപു മെസ് ഫീസ് ഉൾപ്പെടെ ആകെ ചെലവ് 1000-1500 രൂപയേ വരുമായിരുന്നുള്ളൂ. ഹോസ്റ്റലിൽ മെസിലെ നിക്ഷേപം 5500 രൂപയിൽ നിന്നു 12,000 രൂപയാക്കി.

ഇത് കൂടാതെ ഹോസ്റ്റലിൽ എത്തിച്ചേരേണ്ട സമയം രാത്രി 12.30 ആക്കി നിശ്ചയിച്ചതും, ഡൈനിങ് ഹാളിൽ മാന്യമായി വസ്ത്രം ധരിച്ചെത്തണമെന്ന നിർദ്ദേശിച്ചതുമാണ് വിദ്യാർത്ഥികൾ പ്രതിഷേധത്തിന് കാരണമായി പറയുന്നത്. എന്നാൽ ജീവിതച്ചെലവ് ഏറ്റവുമുയർന്ന രാജ്യതലസ്ഥാനത്ത്‌ മറ്റു കോളേജുകളിൽ പത്ത്‌ വർഷം മുൻപ് ഉണ്ടായിരുന്ന ഫീസ് പോലും ഇതിലുമെത്രയോ ഉയർന്നതായിരുന്നു എന്നതാണ് സത്യം. 10 രൂപയ്ക്കോ 20 രൂപയ്ക്കോ ഹോസ്റ്റൽ മുറി വാടകയ്ക്ക് കിട്ടുക എന്നത് ഈ രാജ്യത്ത് മറ്റെവിടെയെങ്കിലും കേട്ടുകേൾവിയുള്ള കാര്യമാണോ ?

കഴിഞ്ഞ കുറച്ചുകാലമായി ജെഎൻയു വാർത്തകളിൽ ഇടം പിടിക്കുന്നത് വിദ്യാർത്ഥികളുടെ പഠനപ്രവർത്തനങ്ങളുടെ പേരിലല്ല മറിച്ച് ചില പാഠ്യേതരപ്രവർത്തനങ്ങളുടെ പേരിലാണ്. രാജ്യദ്രോഹവും, തീവ്രവാദികളെ പിന്തുണയ്ക്കലും വരെ ഈ 'പാഠ്യേതര' പ്രവർത്തങ്ങളിൽ പെടും എന്നതാണ് ഇതിലെ ശ്രദ്ധേയമായ വസ്തുത. ഇന്ത്യൻ ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്നറിയപ്പെടുന്ന പാർലമെന്റ് മന്ദിരം ആക്രമിച്ചു തകർക്കാൻ ആസൂത്രണം ചെയ്ത കുറ്റത്തിന് തൂക്കിലേറ്റപ്പെട്ട 'അഫ്‌സൽ ഗുരു' എന്ന തീവ്രവാദിക്ക് ജെഎൻയുവിലെ വിദ്യാർത്ഥി നേതാവ് കന്നയ്യകുമാറിന്റെ നേതൃത്വത്തിൽ അനുസ്മരണം ഒരുക്കിയ സംഭവമാണ് മാധ്യമങ്ങളിൽ ആദ്യം വാർത്തയായത്.

അന്ന് ആ അനുസ്മരണയോഗം തടഞ്ഞവരെ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയും 'ആസാദി' (സ്വാതന്ത്ര്യം) വേണമെന്നാവശ്യപ്പെട്ടുമാണ് കന്നയ്യ കുമാറും സംഘവും എതിരിട്ടത്. കേട്ടപാതി കേൾക്കാത്തപാതി സീതാറാം യെച്ചൂരിയും, അരവിന്ദ് കെജ്‌രിവാളും, രാഹുൽ ഗാന്ധിയുമടങ്ങുന്ന വിശാല മോദി വിരുദ്ധ ചേരി ഉടനടി ചാടി വീണ് വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചെങ്കിലും സംഭവത്തിലെ ദേശീയവിരുദ്ധത മാധ്യമങ്ങൾ ചർച്ചയാക്കിയതോടെ യെച്ചൂരി ഒഴികെയുള്ളവർ സ്ഥലം കാലിയാക്കി.

ജെഎൻയുവിലെ വിദ്യാർത്ഥികൾക്ക് എന്തിനുള്ള 'ആസാദി'(സ്വാതന്ത്ര്യം) ആണ് വേണ്ടത് ? പാക്കിസ്ഥാന് വേണ്ടി ജയ് വിളിക്കാനോ ? ഇന്ത്യൻ പാർലമെന്റ് ബോംബ് വെച്ച് തകർക്കാൻ ശ്രമിച്ചവനെ പ്രകീർത്തിക്കാനോ ? കേന്ദ്രമന്ത്രിയെയും, ഉപരാഷ്ട്രപതിയെയും അക്രമിക്കാനോ ? ഇതിൽ ഏത് കാര്യത്തിനുള്ള ആസാദി ലഭിക്കാനാണ് രാജ്യത്തെ ഏറ്റവും മികച്ച പഠനകേന്ദ്രത്തിൽ കിടന്ന് ഇവർ അഴിഞ്ഞാടുന്നത് ? രാത്രി 12.30 ന് പോലും ഹോസ്റ്റലിൽ കയറാൻ ഒരുക്കമല്ലാതെയും, മാന്യമായി ഡൈനിങ് ഹാളിൽ വസ്ത്രം ധരിച്ചെത്താൻ തയ്യാറാകാതെയും ഇക്കൂട്ടർ പോരാടുന്നത് എന്ത് സ്വാതന്ത്ര്യത്തിനാണ് ?

രാജ്യത്തെ ഏറ്റവും മികച്ച കലാലയത്തിൽ ചേർന്ന് തുച്ഛമായ ഫീസ് പോലും അടയ്ക്കാൻ തയ്യാറാകാതെ, അർദ്ധരാത്രി പോലും ഹോസ്റ്റലിൽ കയറാതെ തന്നിഷ്ടപ്രകാരം നടക്കാൻ മുറവിളി കൂട്ടുന്ന ഇവരുടെ ലക്‌ഷ്യം സ്വാതന്ത്ര്യമല്ല അരാജകത്വമാണ്. അങ്ങനെ അരാജകത്വം വരുക വഴി താന്തോന്നിത്തം കാട്ടി നടക്കാനും, ഭരണകൂടത്തിന്റെ നെഞ്ചത്ത് കയറാനും, പാക്കിസ്ഥാനും, ചൈനയ്ക്കും വിടുപണി ചെയ്യാനുമുള്ള ലൈസൻസാണ് ഇക്കൂട്ടർക്ക് വേണ്ടത്.

ജെഎൻയുവിലെ വിദ്യാർത്ഥികൾ ആസാദിയുടെ അപ്പോസ്തലന്മാരായി വാഴ്ത്തുന്ന കന്നയ്യകുമാറും, സീതാ റാം യെച്ചൂരിയും അവരുടെ വാഗ്ദത്ത ഭൂമിയായി കാണുന്ന ചൈനയിലെ ടിയാന്മെൻ സ്‌ക്വയറിൽ ഒരു പറ്റം വിദ്യാർത്ഥികൾ 'ആസാദി' ആവശ്യപ്പെട്ട് സർക്കാരിനെതിരെ 1989ൽ പ്രക്ഷോഭം നടത്തുകയുണ്ടായി. ആ പ്രക്ഷോഭത്തിന്റെ കഥ വിവരിക്കാൻ അവരിൽ ഒരാൾ പോലും പിന്നീട് ജീവനോടെ ശേഷിച്ചിട്ടില്ല.

ഇവിടെ ഇന്ത്യയിൽ രാജ്യ തലസ്ഥാനത്ത്‌, കേന്ദ്രസർക്കാരിന്റെ മൂക്കിന് കീഴിൽ ഇത്രയൊക്കെ അക്രമം ജെഎൻയുവിലെ വിദ്യാർത്ഥികൾ കാണിച്ചിട്ടും, അവരെ കേൾക്കാൻ കേന്ദ്രമന്ത്രി തയ്യാറായെങ്കിൽ, അവരിലാർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെങ്കിൽ അതിനർത്ഥം ഇന്ത്യയിൽ ഇന്നും ജനാധിപത്യം പുലരുന്നു എന്ന് തന്നെയാണ്. തീർച്ചയായും ജനാധിപത്യ മൂല്യങ്ങളെ മാനിക്കുന്ന, ഉയർത്തിപ്പിടിക്കുന്ന ഒരു സർക്കാർ ഇവിടെ ഉണ്ടെന്നതിന് മറ്റൊരു തെളിവ് ആവശ്യമില്ല. ആ സത്യം മനസ്സിലാക്കുന്ന ആരും ജെഎൻയുവിലെ വിദ്യാർത്ഥികൾ അരാജകത്വം കാംക്ഷിച്ചു നടത്തുന്ന ഈ പേക്കൂത്തുകളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയേ ഉള്ളൂ.'

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: JNU CAMPUS, JNU STRIKE, STUDENTS, BJP, KERALA, INDIA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.