ചെന്നൈ: താൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയും അവളുടെ കാമുകനും ഒന്നിച്ച് നിൽക്കുന്ന വീഡിയോയും ചിത്രങ്ങളും വിവാഹത്തലേന്ന് വരന്റെ കൈകളിൽ. തമിഴ്നാട്ടിലെ എം.ജി.ആർ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. കല്യാണത്തിന് മുൻപുള്ള വിവാഹസത്കാര ചടങ്ങിനിടയിലാണ് മൊബൈൽ ഫോൺ വഴി വരന്റെ കൈകളിലേക്ക് താൻ വിവാഹം ചെയ്യാനിരിക്കുന്ന പെൺകുട്ടിയുടെയും അവളുടെ കാമുകന്റെയും ചിത്രങ്ങലും വീഡിയോയും എത്തുന്നത്. ഇവ കണ്ടതോടെ താൻ വിവാഹത്തിൽ നിന്നും പിന്മാറുകയാണെന്ന് വരൻ പെൺകുട്ടിയുടെ വീട്ടുകാരെ അറിയിച്ചു. എന്നാൽ സംഭവത്തിന് പിന്നാലെ വധുവിന്റെ വീട്ടുകാർ പൊലീസിന് പരാതി നൽകിയതോടെയാണ് സംഗതികളുടെ കിടപ്പുവശം എല്ലാവർക്കും മനസിലാകുന്നത്. വധു തന്നെയാണ് ഇഷ്ടമിലാത്ത ആളുമായുള്ള തന്റെ വിവാഹം മുടക്കുന്നതിനായി ചിത്രങ്ങൾ അയക്കാൻ കാമുകനെ ചട്ടം കെട്ടിയത്.
വരന് ചിത്രങ്ങൾ അയച്ചുകിട്ടിയ മൊബൈൽ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ പെൺകുട്ടിയുടെ നേശപാക്കം സ്വദേശിയായ കാമുകനെ പൊലീസ് പിടികൂടുകയായിരുന്നു. വരന് ചിത്രങ്ങൾ അയച്ചുകിട്ടിയ സംഭവത്തിലും വിവാഹം അയാൾ വേണ്ടായെന്ന് വച്ചതിലുമാണ് വധുവിന്റെ ബന്ധുക്കൾ പരാതി നൽകിയത്. വിവാഹം മുടക്കുന്നതിനായി കാമുകി പറഞ്ഞതനുസരിച്ചാണ് താൻ ചിത്രങ്ങൾ അവളുടെ പ്രതിശ്രുത വരന് അയച്ചുനൽകിയതെന്നാണ് കാമുകൻ പൊലീസിനോട് കുറ്റസമ്മതം നടത്തിയിരിക്കുന്നത്. ഇവർ തമ്മിൽ ഏറെ നാളുകളായി പ്രണയത്തിലായിരുന്നുവെന്നും കാമുകൻ പൊലീസിനോട് പറഞ്ഞു. പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തതിനെ തുടർന്നാണ് തങ്ങൾ വിവാഹം മുടക്കാനായി ഇങ്ങനെയൊരു പദ്ധതി ആസൂത്രണം ചെയ്തതെന്നും കാമുകൻ പറയുന്നു. പെൺകുട്ടിയുടെ സമ്മതം തിരക്കാതെയാണ് വീട്ടുകാർ വിവാഹം നിശ്ചയിച്ചത്. പെൺകുട്ടിയെയും കാമുകനെയും താക്കീത് ചെയ്ത ശേഷം പൊലീസ് പറഞ്ഞയക്കുകയായിരുന്നു.