# നിർണായക ലോകകപ്പ് ഫുട്ബാൾ യോഗ്യതാ റൗണ്ട് മത്സരത്തിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടുന്നു
# മത്സരം താജികിസ്ഥാനിലെ ദുഷാൻ ബെയിൽ
# രാത്രി 7.30 മുതൽ സ്റ്റാർ സ്പോർട്സിൽ ലൈവ്
ദുഷാൻബെ : ലോകകപ്പ് ഫുട്ബാൾ ഏഷ്യൻ മേഖലാ യോഗ്യതാ ചാമ്പ്യൻഷിപ്പിന്റെ രണ്ടാം റൗണ്ടിൽ ഇന്ത്യയ്ക്ക് ഇന്ന് അഗ്നിപരീക്ഷ. അയൽക്കാരായ അഫ്ഗാനിസ്ഥാനാണ് എതിരാളികൾ. അഫ്ഗാന്റെ ഹോം മാച്ചാണെങ്കിലും തജികിസ്ഥാനിലെ ദുഷാൻ ബെയിൽ വച്ചാണ് മത്സരം നടക്കുന്നത്.
യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് ഇയിൽ ഇന്ത്യയുടെ നാലാം മത്സരമാണിത്. ഇതുവരെ ഒരു കളിയും ജയിച്ചിട്ടില്ല. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ടു സമനിലകളും ഒരു തോൽവിയുമടക്കം രണ്ടു പോയിന്റുമായി ഇന്ത്യ നാലാം സ്ഥാനത്താണ്. അടുത്ത ലോകകപ്പിന്റെ ആതിഥേയരായ ഖത്തറാണ് ഗ്രൂപ്പിൽ ഒന്നാമത്. നാലുകളികളിൽ മൂന്നു ജയവും ഒരു സമനിലയുമടക്കം 10 പോയിന്റാണ് ഖത്തറിനുള്ളത്.
ഗ്രൂപ്പിൽ ആദ്യ രണ്ട് മത്സരങ്ങളിൽ ഫിനിഷ് ചെയ്യുന്നവർക്കാണ് അടുത്ത റൗണ്ടിലേക്ക് പ്രവേശനം. നിലവിൽ ആറുപോയിന്റുള്ള ഒമാനും മൂന്ന് പോയിന്റുള്ള അഫ്ഗാനുമാണ് ഖത്തറിന് പിന്നിൽ രണ്ടുംമൂന്നും സ്ഥാനങ്ങളിൽ. ഇന്ന് അഫ്ഗാനെ കീഴടക്കാനായാൽ ഇന്ത്യയ്ക്ക് അഞ്ചു പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് ഉയരാം.
ഇന്ത്യയുടെ 3 വെല്ലുവിളികൾ
# ഇന്നത്തെ മത്സരം ജയിച്ചില്ലെങ്കിൽ യോഗ്യതാ ചാമ്പ്യൻഷിപ്പിലെ അടുത്ത റൗണ്ടിലേക്ക് കടക്കാനുള്ള സാദ്ധ്യതകൾ അടയും.
# അഫ്ഗാനിൽ മത്സരങ്ങൾ നടത്താനാകാത്തതിനാൽ വേദിയാകുന്ന തജികിസ്ഥാനിലെ കൊടും തണുപ്പ് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്.
# ആദ്യമായി കൃത്രിമ ടർഫിൽ കളിക്കാൻ ഇറങ്ങുന്നതും തിരിച്ചടിയാണ്.
# സുനിൽഛത്രിയടക്കമുള്ളവരുടെ ഫിനിഷിംഗിലെ പോരായ്മകളും ഇന്ത്യയെ അലട്ടുന്നുണ്ട്.
''പ്രതികൂല സാഹചര്യങ്ങളിൽ അഫ്ഗാനിസ്ഥാനെതിരെ വിജയിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഈ കളി ഞങ്ങൾക്ക് ജയിച്ചേ മതിയാകൂ. അതുകൊണ്ടു തന്നെ സർവകഴിവും പുറത്തെടുക്കാൻ കുട്ടികൾ തയ്യാറാണ്.
ഇഗോർറ്റിമാച്ച്
ഇന്ത്യൻ കോച്ച്
''പന്തടക്കത്തിലും പാസിംഗിലുമെല്ലാം മുന്നിലാണെങ്കിലും ഗോളടിക്കുന്ന കാര്യം വരുമ്പോൾ പതറുന്നതാണ് ഇതുവരെ ഒരു ജയംപോലും നേടാൻ കഴിയാത്തതിന് കാണം. ഗോളടിച്ചാലല്ലേ ഫുട്ബാളിൽ ജയിക്കാനാകൂ.
സുനിൽ ഛെത്രി
ഇന്ത്യൻ ക്യാപ്ടൻ
106 ഫിഫ റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം
149 ഫിഫ റാങ്കിംഗിൽ അഫ്ഗാനിസ്ഥാൻ
3 മലയാളികൾ
മൂന്ന് മലയാളി താരങ്ങൾ ഇന്ന് ഇന്ത്യൻ നിരയിൽ ഇറങ്ങിയേക്കും. പ്രതിരോധത്തിൽ വെറ്ററൻ താരം അനസ് എടത്തൊടിക, മിഡ്ഫീൽഡിൽ ആഷിഖ് കുരുണിയൻ, മുന്നേറ്റത്തിൽ സഹൽ അബ്ദുൽ സമദ് എന്നിവരാണ് ടീമിലുള്ളത്.
കാര്യവട്ടത്തെ മത്സരം
ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ അവസാനമായി ഏറ്റുമുട്ടിയത് 2016 ലെ സാഫ് കപ്പ് ഫൈനലിൽ കാര്യവട്ടം സ്പോർട്സ് ഹബിൽ വച്ചാണ്. അന്ന് എക്സ്ട്രാ ടൈമിലെ സുനിൽ ഛെത്രിയുടെ ഗോളിലൂടെ 2-1 ന് ഇന്ത്യ കപ്പടിച്ചു.
യോഗ്യതാ റൗണ്ടിൽ ഇന്ത്യ ഇതുവരെ
Vs ഒമാൻ
1-2 തോൽവി
Vs ഖത്തർ
0-0 സമനില
Vs ബംഗ്ളാദേശ്
1-1 സമനില
ഇനിയുള്ള മത്സരങ്ങൾ
Vs അഫ്ഗാൻ
ഇന്ന്
Vs ഒമാൻ
നവംബർ 19
Vs ഖത്തർ
മാർച്ച് 26
Vs ബംഗ്ളാദേശ്
ജൂൺ 4
Vs അഫ്ഗാൻ
ജൂൺ 9