ഭക്ഷ്യോത്പന്നങ്ങളുടെ വിലവർദ്ധന തിരിച്ചടി
ന്യൂഡൽഹി: റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ പരിഷ്കരിക്കാൻ പ്രധാന മാനദണ്ഡമാക്കുന്ന ഉപഭോക്തൃവില സൂചിക അടിസ്ഥാനമാക്കിയുള്ള (റീട്ടെയിൽ) നാണയപ്പെരുപ്പം ഒക്ടോബറിൽ 4.62 ശതമാനത്തിലേക്ക് കുതിച്ചുയർന്നു. റീട്ടെയിൽ നാണയപ്പെരുപ്പം റിസർവ് ബാങ്കിന്റെ 'നിയന്ത്രണ രേഖ"യായ നാല് ശതമാനത്തിനുമേലേക്ക് കുതിച്ച പശ്ചാത്തലത്തിൽ അടുത്ത ധനനയ നിർണയ യോഗങ്ങളിൽ പലിശനിരക്ക് കുറയ്ക്കാനുള്ള സാദ്ധ്യത മങ്ങി.
സെപ്തംബറിൽ 3.99 ശതമാനവും കഴിഞ്ഞവർഷം ഒക്ടോബറിൽ 3.38 ശതമാനവുമായിരുന്നു നാണയപ്പെരുപ്പം. 2018 ജൂലായ്ക്ക് ശേഷം ആദ്യമായാണ് റീട്ടെയിൽ നാണയപ്പെരുപ്പം നാല് ശതമാനത്തിന് മുകളിലെത്തുന്നത്. കഴിഞ്ഞ ഒന്നരവർഷത്തോളം ഇത് നാല് ശതമാനത്തിന് താഴെയായിരുന്നത് പരിഗണിച്ച്, തുടർച്ചയായ അഞ്ച് ധനനയ നിർണയ യോഗങ്ങളിൽ റിസർവ് ബാങ്ക് പലിശഭാരം കുറച്ചിരുന്നു.
റിസർവ് ബാങ്ക് ഏറ്രവും കരുതലോടെ വീക്ഷിക്കുന്ന ഭക്ഷ്യോത്പന്ന വിലനിലവാരം ഉയർന്നതാണ് ഒക്ടോബറിലെ പ്രധാന തിരിച്ചടി. സെപ്തംബറിലെ 5.1 ശതമാനത്തിൽ നിന്ന് 7.89 ശതമാനത്തിലേക്കാണ് കഴിഞ്ഞമാസം ഇതുയർന്നത്. ഗ്രാമീണ മേഖലയിലെ നാണയപ്പെരുപ്പം 3.24 ശതമാനത്തിൽ നിന്ന് 4.29 ശതമാനത്തിലേക്കും നാഗരിക നാണയപ്പെരുപ്പം 4.78 ശതമാനത്തിൽ നിന്ന് 5.11 ശതമാനത്തിലേക്കും വർദ്ധിച്ചു. 15.4 ശതമാനത്തിൽ നിന്ന് 26 ശതമാനത്തിലേക്കാണ് ഒക്ടോബറിൽ പച്ചക്കറി വിലനിലവാരം കുതിച്ചുയർന്നത്.
ആശങ്കപ്പെടുത്തുന്ന കുതിപ്പ്
റിസർവ് ബാങ്ക് മുഖ്യ പലിശനിരക്ക് പരിഷ്കരണത്തിന് പ്രധാന മാനദണ്ഡമാക്കുന്നത് റീട്ടെയിൽ നാണയപ്പെരുപ്പമാണ്. ഇതു നാല് ശതമാനത്തിൽ നിയന്ത്രിക്കുകയാണ് ലക്ഷ്യം. ഇതു ഒരുവർഷത്തിലേറെയായി നാല് ശതമാനത്തിന് താഴെ തുടർന്നതിനാൽ തുടർച്ചയായി അഞ്ചുവട്ടം റിസർവ് ബാങ്ക് റിപ്പോനിരക്ക് താഴ്ത്തിയിരുന്നു. സമീപഭാവിയിലെങ്ങും ഇനി പലിശ കുറയില്ലെന്ന സൂചനയാണ് ഒക്ടോബറിലെ നാണയപ്പെരുപ്പത്തിന്റെ കുതിപ്പ് വ്യക്തമാക്കുന്നത്.
26%
സെപ്തംബറിലെ 15.4 ശതമാനത്തിൽ നിന്ന് 26 ശതമാനത്തിലേക്ക് ഒക്ടോബറിൽ പച്ചക്കറി വിലനിലവാരം കുതിച്ചുയർന്നു.