അള മുട്ടിയാൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയും ഒരു കാംബ്രിഡ്ജ് അനലിറ്റിക്ക ആകുമെന്നും അപ്പോൾ കേരള പൊലീസിനെ ഭരിക്കുന്ന നമ്മുടെ മുഖ്യമന്ത്രി മറ്റൊരു ഫേസ്ബുക്ക് മുതലാളി മാർക്ക് സക്കർബർഗ് ആകുമെന്നുമുള്ള ശങ്കകൾ പ്രതിപക്ഷത്ത് നിന്നുയർന്നു തുടങ്ങിയിരിക്കുന്നു. പൊലീസ് സേവനങ്ങളുടെ മൊബൈൽ ആപ്ലിക്കേഷനുണ്ടാക്കാൻ പൊലീസിന്റെ ഡേറ്റാ ശേഖരം ഊരാളുങ്കലിന് കൊടുക്കുന്നുവെന്ന ആക്ഷേപമാണ് ശങ്കകൾക്കാധാരം. നിയമസഭ കടലാസ് രഹിത ഇ -സഭ ആകാൻ തയ്യാറെടുക്കുന്ന ഐ.ടി വിപ്ലവകാലത്ത് ഇത്തരം ആശങ്കകൾ പങ്കുവയ്ക്കാൻ പ്രതിപക്ഷമൊരുങ്ങിയതിൽ തെറ്റില്ല. നാടോടുമ്പോൾ നടുവേ ഓടണമെന്നാണ് പ്രമാണം.
ഫേസ്ബുക്കിലെ ഇന്ത്യക്കാരുടെ അക്കൗണ്ടുകൾ കാംബ്രിഡ്ജ് അനലിറ്റിക്ക ചോർത്തിയെന്ന് ഫേസ്ബുക്ക് തന്നെ സമ്മതിച്ചതോർക്കുമ്പോൾ, കേരള പൊലീസിന്റെ ഡേറ്റാ ബേസ് ഊരാളുങ്കലിനെ ഏല്പിക്കാനുള്ള സർക്കാരിന്റെ തീരുമാനം ഹൈറിസ്ക് കാറ്റഗറിയിൽ പെടുത്തേണ്ടതാണെന്നാണ് ഇതുസംബന്ധിച്ച അടിയന്തരപ്രമേയ നോട്ടീസ് നൽകി സംസാരിച്ച കെ.എസ്. ശബരീനാഥൻ പറഞ്ഞുവന്നതിന്റെ വിവക്ഷ. മുഖ്യമന്ത്രിക്ക് പോലും കാണാനാവാത്ത രേഖകളാണത്രേ ഊരാളുങ്കലിന് കൊടുക്കാൻ ഉത്തരവിറക്കിയിരിക്കുന്നത്. കാംബ്രിഡ്ജ് അനലിറ്റിക്കയുടെ കേരള പതിപ്പായി ഊരാളുങ്കൽ മാറിയാൽ അദ്ഭുതപ്പെടേണ്ടെന്ന് ശബരീനാഥൻ പറഞ്ഞു. കേന്ദ്രസർക്കാരിന് അംബാനിയെന്നത് പോലെയാണ് കേരളസർക്കാരിന് ഊരാളുങ്കലെന്നും ഊരാളുങ്കലിന് കൊടുക്കാനിനി ബാക്കി മുഖ്യമന്ത്രിയുടെ കസേര മാത്രമാണെന്നും ശബരീനാഥൻ പരിഹസിച്ചു.
രേഖകൾ ചോർന്നുപോകുന്നതിന്റെ ഒരാശങ്കയും വേണ്ടെന്ന് പറഞ്ഞാണ് ശബരീനാഥന്റെ കടൽ കടന്നുപോയ ആശങ്കകളെ തല്ലിക്കെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോക്കിയത്. കാര്യക്ഷമതയുള്ള ഊരാളുങ്കൽ സൊസൈറ്റി മൊബൈലാപ്പുണ്ടാക്കാനൊരുങ്ങിയാൽ ആ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികൾക്കും വ്യക്തികൾക്കും അസൂയയുണ്ടാവുന്നത് സ്വാഭാവികമാണെന്ന് മുഖ്യമന്ത്രി വിശ്വസിക്കുന്നു. അപ്പോൾ അത്തരക്കാരുടെ വക്താവാകണോയെന്ന ഘടാഘടിയൻ ചോദ്യമുതിർത്ത് ശബരീനാഥനെ ഇരുത്താൻ മുഖ്യമന്ത്രി ശ്രമിച്ചു.
സർവരോഗ സംഹാരിയായി കാളൻ നെല്ലായി എന്ന് പറയുമ്പോലെ എല്ലാ പണികളും ഊരാളുങ്കലിനെ ഏല്പിക്കുന്നത് ശരിയോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംശയിച്ചു. സംശയം സംശയമായി നിൽക്കട്ടെ.
ഒരു മാസമായി തുടരുന്ന കിഫ്ബി ആഡിറ്റ് വിവാദത്തിന് വിരാമമിടാമെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ സ്വപ്നം മലർപ്പൊടിക്കാരന്റേതായി അവശേഷിക്കുമെന്നുറപ്പായി. കിഫ്ബിയുടെ സമ്പൂർണ ആഡിറ്റിംഗ് സി.എ.ജിയെ ഏല്പിക്കുന്നില്ലെന്ന് സബ്മിഷനിലൂടെ ഉന്നയിച്ച്, കഴിഞ്ഞദിവസം അടിയന്തരപ്രമേയ നോട്ടീസ് അനുവദിച്ചുകിട്ടാത്തതിന്റെ ക്ഷീണം പ്രതിപക്ഷ നേതാവ് തീർത്തു. കിഫ്ബി ആഡിറ്റിംഗ് സി.എ.ജിക്ക് കൊടുത്തിട്ടുണ്ടെന്ന് ധനമന്ത്രി പറയുന്നു. അങ്ങനെയല്ല ഏല്പിക്കേണ്ടതെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. അങ്ങനെയേ ഏല്പിക്കാൻ നിയമമുള്ളൂവെന്ന് ഐസക് തിരിച്ചുംപറയുന്നു. സമഗ്രപരിശോധന തന്നെ സി.എ.ജിക്ക് നടത്താമെന്നും അതൊരിക്കലും നിറുത്തില്ലെന്നുമെല്ലാം ഐസക് പറഞ്ഞിട്ടും പ്രതിപക്ഷം തൃപ്തിപ്പെടാതെ ഇറങ്ങിപ്പോയി.
പ്രവാസി പ്രാഞ്ചിയേട്ടന്മാർക്ക് കുട പിടിച്ചുകൊടുക്കലല്ല പ്രവാസിക്ഷേമമെന്ന് പ്രവാസി കേരളീയരുടെ ക്ഷേമ ഭേദഗതി ബിൽ ചർച്ചയിൽ വി.ഡി. സതീശൻ കുറ്റപ്പെടുത്തിയത് ലോകകേരളസഭയെ ലാക്കാക്കിയാണ്. ഒരു പ്രാഞ്ചിയേട്ടനെയും പ്രോത്സാഹിപ്പിക്കലല്ല സർക്കാർ സമീപനമെന്നും സർഗധനരായ പ്രവാസിസഹോദരങ്ങളുടെ സർഗശേഷി പ്രയോജനപ്പെടുത്തലാണുദ്ദേശ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ നേതാവിന് പിന്നിലിരുന്ന് മൈക്കില്ലാതെ ചിലർ നടത്തുന്ന ജല്പനങ്ങളെന്ന് കഴിഞ്ഞൊരുദിവസത്തെ ബഹളത്തിനിടയിൽ മുഖ്യമന്ത്രി പറഞ്ഞത് ഇഷ്ടപ്പെട്ടെന്നാണ് സതീശൻ പറയുന്നത്. അതിനാൽ അത് കടമെടുത്ത സതീശൻ, മുഖ്യമന്ത്രി കുറേക്കാലമായി മൈക്കിലൂടെ നടത്തുന്നത് ജല്പനങ്ങളാണെന്ന് തിരിച്ചടിക്കാൻ നോക്കി. പ്രവാസികൾക്ക് വേണ്ടി പറയുന്നത് ജല്പനമാകുന്നതെങ്ങനെയെന്ന് ചോദിച്ച മുഖ്യമന്ത്രിക്ക്, തന്റെ 'ജല്പനപ്രയോഗം' സതീശന് വല്ലാതെ കൊണ്ടുവെന്ന് ബോദ്ധ്യമായി!