തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന കേസ് വിശാലബെഞ്ചിന് വിട്ട സുപ്രീം കോടതി വിധിയിൽ പ്രതികരണവുമായി പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ. വളരെയേറെ സന്തോഷത്തോടെയാണ് സുപ്രീം കോടതിയുടെ നിർദേശം സ്വീകരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
'അയ്യപ്പഭക്തൻമാരുടെ വികാരം ഉൾക്കൊണ്ടുകൊണ്ട് അഞ്ചംഗ ബെഞ്ചിൽ നിന്ന് വളരെ വിശാലമായ ഏഴംഗ ബെഞ്ചിലേക്ക് മാറ്റുവാൻ സുപ്രീം കോടതി തീരുമാനിച്ചു. 2018 സെപ്തംബർ 28ന് സുപ്രീം കോടതി പ്രഖ്യാപിച്ച വിധി പുനപരിശോധിക്കണമെന്ന് തീരുമാനിച്ചതാണ് ഏറ്റവും സന്തോഷകരമായ കാര്യം. തീരുമാനം പുനപരിശോധിക്കുക എന്ന് പറഞ്ഞാൽ എടുത്ത തീരുമാനത്തിൽ എന്തോ തെറ്റിപ്പോയെന്നാണ്'-ശശികുമാർ വർമ പറഞ്ഞു.
ശബരിമല യുവതിപ്രവേശനത്തിനെതിരെ സമർപ്പിച്ച പുനപരിശോധന ഹർജി വിശാല ബെഞ്ചിന് വിട്ട സുപ്രീം കോടതി വിധി പ്രതീക്ഷ നൽകുന്നതാണെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര് പ്രതികരിച്ചു. ശബരിമല വിധിക്ക് മുസ്ളീം സ്ത്രീകളുടെ പള്ളി പ്രവേശവുമായി ബന്ധമുണ്ടെന്ന് പ്രസ്താവിച്ച കോടതി, കേസ് ഉയർന്ന ബെഞ്ച് പരിഗണിക്കേണ്ട വിഷയമാണെന്ന് പറഞ്ഞ് ഏഴംഗ ബെഞ്ചിന് വിട്ടു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, രോഹിന്റൺ നരിമാൻ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദുമൽഹോത്ര എന്നിവരുൾപ്പെട്ട ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.