മലപ്പുറം: ജില്ലയ്ക്കായി അനുവദിച്ച വനിതാ പൊലീസ് സ്റ്റേഷൻ ഡിസംബറിനകം പ്രവർത്തനം തുടങ്ങും. സ്റ്റേഷന്റെ പ്രവർത്തന പരിധിയും സ്വഭാവവും നിശ്ചയിച്ചുള്ള സർക്കാർ ഉത്തരവായി. മലപ്പുറം വനിതാസെൽ കെട്ടിടത്തിന്റെ മുകൾനിലയിൽ സജ്ജീകരിച്ച സ്റ്റേഷന് ഇനി ഫർണ്ണീച്ചറുകൾ കൂടിയൊരുക്കിയാൽ മതി. മലപ്പുറത്തിനൊപ്പം പ്രഖ്യാപിച്ച ഇരിങ്ങാലക്കുട, കണ്ണൂർ, കൊല്ലം, ആലപ്പുഴ, കോട്ടയം വനിതാസ്റ്റേഷനുകൾ പ്രവർത്തനം തുടങ്ങിയിട്ട് ഏറെനാളായി. 2014 മേയ് 17നാണ് സംസ്ഥാനത്ത് ആറിടത്ത് വനിത പൊലീസ് സ്റ്റേഷൻ സ്ഥാപിക്കാൻ സർക്കാർ ഉത്തരവിറങ്ങിയത്.
സ്റ്റേഷന് കണ്ടെത്തിയ കെട്ടിടത്തിൽ ചെയ്യേണ്ട പ്രവൃത്തികളുടെ പേരിലാണ് സ്റ്റേഷൻ യാഥാർത്ഥ്യമാവുന്നത് ഇത്രയേറെ നീണ്ടത്. മലപ്പുറം സ്റ്റേഷനിലേക്ക് 26 തസ്തികയാണ് ആഭ്യന്തര വകുപ്പ് അനുവദിച്ചത്. നിലവിൽ വനിതാ സെല്ലിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച പരാതികളും മൊഴിയെടുക്കലുമാണ് പ്രധാനമായും നടക്കുന്നത്. കേസെടുക്കാൻ അതത് പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറും. വനിതാ സ്റ്റേഷൻ വരുന്നതോടെ ഇതിന് മാറ്റം വരും. കേസുകളുടെ നടത്തിപ്പിലും വേഗമേറും.
സി.ഐ ഇല്ല, വാഹനവും
ഒമ്പതുമാസമായി വനിതാ സെല്ലിൽ സി.ഐയില്ല. സി.ഐ ഷാർലെറ്റ് മണി മേയിൽ വിരമിച്ചശേഷം പുതിയ സി.ഐയെ നിയമിച്ചിട്ടില്ല. ഇവർ ഫെബ്രുവരി മുതൽ ലീവായിരുന്നു. എസ്.ഐ ടി.വി. ഏലിയാമ്മയ്ക്കാണ് പകരം ചുമതല. സി.ഐയുടെ കുറവ് വനിതാസെല്ലിന്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
രണ്ട് എസ്.ഐമാരടക്കം 33 പേരാണ് ഇവിടെയുള്ളത്.
സി.ഐ വിരമിച്ചതോടെ രണ്ട് ഹെൽപ്പ് ലൈൻ വണ്ടികളിലൊന്ന് നഷ്ടപ്പെട്ടു. പകരം കാലപ്പഴക്കം ഏറെയുള്ള വാഹനമാണിപ്പോൾ ഉപയോഗിക്കുന്നത്. മൊഴിയെടുക്കാനും മറ്റും ജില്ലയിലൊന്നാകെ സഞ്ചരിക്കേണ്ടതിനാൽ ഇതേറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
പരാതികളിൽ അന്വേഷണം നടത്തുന്നതിനൊപ്പം സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ബോധവത്കരണവും സ്വയംപ്രതിരോധ ക്ലാസുകളും വനിതാസെല്ലിന്റെ ചുമതലയാണ്.
അതിക്രമത്തിൽ ഒട്ടുംപിറകിലല്ല
ഗാർഹിക പീഡന കേസുകളാണ് ജില്ലയിൽ കൂടുതലും, 315 കേസുകൾ. ഉപദ്രവവും പീഡനവും സംബന്ധിച്ച് 268 കേസുകളും ലൈംഗിക പീഡനവും സംബന്ധിച്ച് 150 കേസുകളുമുണ്ടായി. തട്ടിക്കൊണ്ടുപോവൽ - 5 , പൂവാലശല്യം - 24 കേസുകളും മറ്റ് പരാതികളിൽ 303 കേസുകളും റിപ്പോർട്ട് ചെയ്തു.
ആറ് വർഷത്തെ കേസുകൾ
2019ൽ 1,065 കേസുകൾ
2018 - 1,355
2017- 1,323
2016 - 1,419
2015 - 1476
2014 - 1461
വനിതാ സ്റ്റേഷൻ ഉടൻ തുടങ്ങും. കെട്ടിടം സജ്ജീകരിച്ചു കഴിഞ്ഞു. സ്റ്റേഷനായി സർക്കാർ ഉത്തരവ് നേരത്തെ കിട്ടിയിരുന്നെങ്കിലും കെട്ടിടം ലഭ്യമായിരുന്നില്ല.
യു.അബ്ദുൾ കരീം, ജില്ലാ പൊലീസ് മേധാവി
വനിതാ സെല്ലിന് കേസെടുക്കാൻ അധികാരമില്ല. പരാതിക്കാരുടെ മൊഴിയെടുക്കലാണ് പ്രധാനമായും ചെയ്യുന്നത്. വനിതാസ്റ്റേഷൻ വരുന്നതോടെ ഇതിൽ മാറ്റമുണ്ടാവും.
ടി.വി. ഏലിയാമ്മ, വനിതാ സെൽ എസ്.ഐ