തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിധി തൽക്കാലം നടപ്പിലാക്കേണ്ടെന്ന് സർക്കാരിന് മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത നിയമോപദേശം നൽകി. ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച വിധിക്കെതിരായ പുനഃപരിശോധന ഹർജികൾ സുപ്രീം കോടതി വിശാല ബെഞ്ചിന് മാറ്റിവച്ച പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിയമോപദേശം. അന്തിമ വിധി വരുന്നതുവരെ പഴയ സാഹചര്യം തുടരണമെന്നാണ് അദ്ദേഹം സർക്കാരിന് നിർദേശം നൽകിയിരിക്കുന്നത്.
അതേസമയം ശബരിമല ദർശനത്തിനായി 36 യുവതികൾ ഓൺലൈനായി അപേക്ഷ നൽകിയിട്ടുണ്ട്. മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ദർശനത്തിനായി പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഓൺലൈൻ സംവിധാനം വഴി യുവതികൾ അപേക്ഷ നൽകിയ വിവരം പുറത്തുവരുന്നത്. എന്നാൽ ശബരിമല യുവതീ പ്രവേശത്തിൻമേലുള്ള പുനഃപരിശോധന ഹർജിയിൽ തീരുമാനമെടുക്കാതെയും വിധി സ്റ്റേ ചെയ്യാതെയും വിശാല ബെഞ്ചിലേക്ക് വിഷയം പോയതോടെ സർക്കാരിന് ആശയകുഴപ്പമുണ്ടായി. തുടർന്നാണ് നിയമോപദേശം തേടിയത്.
ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച പുനപരിശോധന ഹർജികൾ ഏഴംഗ വിശാല ബെഞ്ചിന് വിട്ടുകൊണ്ടുള്ള വിധിയാണ് കഴിഞ്ഞദിവസം സുപ്രീം കോടതിയിൽ നിന്നുമുണ്ടായത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, രോഹിന്റൺ നരിമാൻ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദുമൽഹോത്ര എന്നിവരുൾപ്പെട്ട ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഇതിൽ തന്നെ ചീഫ് ജസ്റ്റിസിനൊപ്പം ജ. എ.എം. ഖാൻവിൽക്കർ, ജ. ഇന്ദുമൽഹോത്ര എന്നിവർ വിശാല ബെഞ്ച് എന്ന ആവശ്യത്തിൽ ഉറച്ച് നിന്നപ്പോൾ മറ്റ് രണ്ടു പേരായ ജ.എ വൈ ചന്ദ്രചൂഡ്,റോഹിന്റൺ നരിമാൻ എന്നിവർ വിയോജനവിധി കുറിക്കുകയായിരുന്നു. വിശാല ബെഞ്ചിന് വിടണമെന്ന വിധിക്കുറിപ്പ് ഒമ്പത് പേജിൽ ഒതുങ്ങിയപ്പോൾ, വിയോജനം അറുപത്തിയെട്ടു പേജിലാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.