Kerala Kaumudi Online
Saturday, 25 May 2019 3.05 PM IST

ഈ സർബത്ത് കുടിക്കണം എന്നുള്ളവർ ഇവിടെ വരും, കുന്നിറങ്ങി നെടുമങ്ങാട് വരും... സംശയമുണ്ടോ ?

sarbath

നമ്മുടെ തലസ്ഥാനമായ സ്വന്തം തിരുവനന്തപുരത്തിന്റെ സിറ്റിയിൽ നിന്നും കുറച്ച് മാറി നെടുമങ്ങാട്ടേയ്ക്ക് വണ്ടി പിടിച്ചാൽ ഒരു അഡാർ ഫ്രൂട്ട് സർബത്ത് കുടിക്കാം. വെറുതെ പറയുന്നതല്ല ഈ സർബത്ത് കട തേടിച്ചെന്ന് കണ്ടെത്തി സർബത്ത് കുടിച്ച വിഷ്ണു സാക്ഷിയായി പറയാം ഇത് ഒരു അഡാർ സർബത്ത് കടയാണെന്ന്. എങ്കിൽ പിന്നെ ബാക്കി വിഷ്ണു തന്നെ പറയട്ടെ അതല്ലെ ശരി.

വിഷ്ണു എ .എസ്. നായർ എഴുതുന്നു

ഒരു അഡാർ സർബത്ത് സ്റ്റാൾ നെടുമങ്ങാട് ഉണ്ടെന്നറിഞ്ഞാണ് നേരെ അങ്ങോട്ടയ്ക്ക് വച്ചു പിടിച്ചത്...
നെടുമങ്ങാട് പഴകുറ്റി ജംഗ്ഷനിൽ നിന്നും നേരെയുള്ള വഴി... അതായത് കൊല്ലങ്കാവ് - പുത്തൻപാലം റൂട്ട്.

ആ വഴി നേരെ വിട്ടാൽ രണ്ടു രണ്ടര കിലോമീറ്റർ കഴിഞ്ഞു വലതു വശത്തായി മിൽക്ക് മെയ്ഡിന്റെ ചിത്രമുള്ള ഒരു സ്റ്റാൾ കാണാം...
അൽ-അമീൻ ഫ്രൂട്ട് സർബത്ത്....
( ആദ്യമായി പോകുന്നവർ കൊല്ലങ്കാവ് കഴിഞ്ഞു വണ്ടി ഒന്ന് സ്ലോ ചെയ്തു പോവുക. നല്ല റോഡാണ് സ്പീഡിൽ പോയാൽ ചിലപ്പോൾ കട കണ്ടില്ലെന്ന് വരാം. തത്തൻകോട് വണ്ടികളുടെയൊക്കെ ടെസ്റ്റ് എടുക്കുന്ന ഒരു സ്ഥലമുണ്ട് അതിന് അടുത്തായാണ് ഈ കട...)

ഒരു താത്തയാണ് കട നടത്തുന്നത്.

വഴിയിൽ നിന്നും ലിഫ്റ്റ് ചോദിച്ച ഒരു പയ്യനെയും പൊക്കികൊണ്ടാണ് സർബത്ത് കടയിൽ പോയത്.
"ഇത്ത, രണ്ടു സർബത്ത്"
പറഞ്ഞ പാടെ ഒരു ചരുവത്തിൽ എവിടെ നിന്നെക്കൊയോ നുറുക്കിയ ഫ്രഷ് പഴങ്ങളും ,കഷ്ണിച്ച പാളയംകോടൻ പഴവും, മിൽക്ക് മെയ്ഡും തേങ്ങാ പാലും എല്ലാം വീണ് ഒരു മൂന്നു-മൂന്നര മിനിറ്റിനുള്ളിൽ സാധനം റെഡി..!!
എന്റെ ഒരു അഭിപ്രായത്തിൽ Worlds fastest Workers ലിസ്റ്റിൽ ഈ ഇത്തയെക്കൂടി ഉൾപ്പെടുത്തണം എന്നാണ് എന്റെ ഒരിത്.. അമ്മാതിരി സ്‌പീഡല്ലേ...

സാധാരണ കടകളിൽ ഉദാഹരണത്തിന് ഒരു ഗ്ലാസ് സർബത്തിൽ ഇരുപത് ഗ്രാം കപ്പലണ്ടി ഇടണമെങ്കിൽ അവർ പതിനഞ്ചു ഗ്രാം ഇടും ബാക്കി അഞ്ചു ഗ്രാം അവർ മനസ്സിൽ ഇട്ടതായി സങ്കല്പിക്കും.. അത്തരം പരിപാടികളൊന്നും ഇവിടില്ല... എല്ലാം ഒരു പൊടിക്ക് കൂടുതലെങ്കിലെയുള്ളൂ..

സാധനം നല്ലതാണോ ഫ്രഷാണോ എന്നൊന്നും സംശയിക്കേണ്ട... നമ്മുടെ മുന്നിൽ തന്നെയാണ് സർബത്ത് ഉണ്ടാക്കുന്നത്. അതിനു വേണ്ടിയുള്ള സാധനങ്ങൾ നുറുക്കുന്നതും കലക്കുന്നതും തേങ്ങാപ്പാൽ പിഴിയുന്നതുമെല്ലാം അതിനോട് ചേർന്നുള്ള ഒരു പീടികയിൽ തന്നെ..

ഇരുന്ന് കുടിക്കാൻ രണ്ടുമൂന്നു കസേരകൾ സ്റ്റാളിനോട് ചേർന്നുള്ള മറ്റൊരു പീടികയിൽ ഇട്ടിട്ടുണ്ട്... അതൊക്കെ നമുക്കെന്തിന് ??? സ്റ്റാളിനോട് ചേർന്നുള്ള പടിക്കെട്ടിൽ ഇരുന്നു ആകാശവും റോഡിലെ വണ്ടികളെയും നോക്കി സർബത്ത് കോരി കുടിക്കുമ്പോൾ ഉള്ളൊരു ഫീൽ...
ചന്നം പിന്നം കിടുക്കാച്ചി...
നല്ല ഫ്രഷ് പഴങ്ങളും തേങ്ങാപ്പാലും മിൽക്ക് മെയ്ഡും ഒന്നൊന്നര സ്വയമ്പൻ കോമ്പിനേഷൻ...
ഇതൊരു അഹങ്കാരമാണ്...
നെടുമങ്ങാടിന്റെ സ്വകാര്യ അഹങ്കാരം.. തത്തൻകോടത്തെ സർബത്ത്...

പത്തു-പതിനഞ്ചു മിനുട്ടെടുത്ത് ആസ്വദിച്ചു കുടിച്ചു കഴിഞ്ഞു കാശ് കൊടുക്കാൻ പോയപ്പോൾ എന്നോടൊരു ചോദ്യം
"എവിടെ പോണ് ?? ഈ ഇരിക്കുന്നത് ആര് കുടിച്ചു തീർക്കും??" സ്തബ്ധനായി പോയി ഞാൻ... ജയിച്ചു കിട്ടാനായി പരീക്ഷ എഴുതിയിട്ട് റിസൾട്ട് വന്നപ്പോൾ റാങ്ക് കിട്ടിയ അവസ്ഥ...
അതിലുമുപരി എന്നെ ആകർഷിച്ചത് ഇത്തയുടെ ആ ശകാരമാണ്.. വീട്ടിലൊക്കെ നമ്മൾ ആഹാരം പകുതി വച്ചിട്ട് പോയാൽ വഴക്ക് പറയില്ലേ.. അതു പോലെ..
കുടിക്കാൻ ഒരിഞ്ച് സ്ഥലം വയറ്റിൽ ഇല്ലാത്തത് കൊണ്ട് ബാക്കി പാർസൽ കെട്ടി വാങ്ങി...

Mark my words...
തിരുവനന്തപുരത്ത് ഒരുപാട് കടകളിൽ നിന്നും സർബത്ത് കുടിച്ചിട്ടുണ്ടെങ്കിലും ടേസ്റ്റും ക്വാന്റിറ്റിയും ഇത്രയുമുള്ള സർബത്ത് ഞാൻ ഇതുവരെ കുടിച്ചിട്ടില്ല... Highly recommended...

ഫ്രൂട്ട് സർബത്ത് - Rs.40/-
(ഒരു ഗ്ലാസ്സാണോ രണ്ടു ഗ്ലാസ്സാണോ എന്നത് പോയി കുടിച്ചിട്ട് തീരുമാനിക്കുക)

വഴിയോരക്കടയാണ് , വൃത്തി കാണില്ല, പൊടി പടലം, മുദ്രയില്ലാത്ത തേങ്ങാപ്പാൽ എന്നൊക്കെയുള്ള കൂലംകഷിതമായ ആരോപണം ഉള്ളവർ ഈ സ്റ്റാളിന്റെ എതിർ വശം ഒരു കുന്നുണ്ട്... നേരെ ഓടി കയറിക്കോണം...
കസബയിൽ മമ്മൂക്ക പറയും പോലെ "ഈ സർബത്ത് കുടിക്കണം എന്നുള്ളവർ ഇവിടെ വരും, കുന്നിറങ്ങി നെടുമങ്ങാട് വരും..."

പാർസൽ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് വാങ്ങിയിട്ട് എത്രയും പെട്ടെന്ന് ഉപയോഗിക്കുക.. തേങ്ങാപ്പാൽ ചേർന്ന സർബത്താണ് കൂടുതൽ സമയം കഴിഞ്ഞാൽ രുചി മാറും... pls note the point

( നല്ല ഭക്ഷണം ലഭിക്കുന്ന ഇടത്തേയ്ക്ക് ദൂരം മറന്ന് സഞ്ചരിക്കുന്നവരാണ് നമ്മൾ മലയാളികൾ. ഭക്ഷണശാലകളിൽ നിന്നും നാവിന് ലഭിച്ച രുചിയറിവുകൾ ഫേസ്ബുക്കിലൂടെ പങ്ക് വച്ചതിലൂടെ പ്രശസ്തമായ നിരവധി ഭക്ഷണശാലകൾ നമ്മുടെ കേരളത്തിലുണ്ട്. അത്തരത്തിൽ രസമുകുളങ്ങളെ ഉണർത്തിയ രുചിയറിവുകൾ നാടാകെ അറിയിക്കാൻ കേരളകൗമുദി ഓൺലൈൻ അവസരമൊരുക്കുന്നു. മനസ് നിറഞ്ഞ് കഴിച്ച വിഭവത്തെക്കുറിച്ചും, ലഭിച്ച ഭക്ഷണശാലയെ കുറിച്ചും മനോഹരമായി ഒരു കുറിപ്പും ഫോട്ടോകളും ഞങ്ങൾക്ക് ഈ നമ്പരിൽ (+91 9188448983) വാട്സാപ്പ് ചെയ്യൂ .)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: FOOD, TASTE, NEDUMANGADU
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY