പ്രഗത്ഭയായ നടി, ഛായാഗ്രാഹക, ഉലകനായകൻ കമലഹാസന്റെ അനന്തിരവൾ, പാൻ ഇന്ത്യൻ സംവിധായകൻ മണിരത്നത്തിന്റെ ഭാര്യ. നിരവധി വിശേഷണങ്ങളാണ് സുഹാസിനിക്കുള്ളത്. നടൻ കമൽഹാസന്റെ ജ്യേഷ്ഠസഹോദരനായ ചാരുഹാസന്റെ മകളായ സുഹാസിനി തന്റെ അമ്മാവന്റെ 65ആം ജന്മദിനവേളയിൽ പറഞ്ഞ വാക്കുകകളാണ് ഇപ്പോൾ സിനിമാമേഖല ഏറ്റെടുത്തിരിക്കുന്നത്. തന്റെ ജീവിതത്തിൽ ഉണ്ടായ എല്ലാ നന്മയ്ക്കും കാരണം കമലഹസനാണെന്നു പറഞ്ഞുകൊണ്ടാണ് സുഹാസിനി അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നത്. സുഹാസിനി കമലിന് മേൽ സ്നേഹം വാരിച്ചൊരിയുന്നതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. കമലഹാസൻ കാരണം തന്റെ ജീവിതത്തിൽ ഉണ്ടായ നല്ലകാര്യങ്ങളെ കുറിച്ച് വിശദീകരിക്കുകയാണ് സുഹാസിനി ഈ വീഡിയോയിൽ.
'നിങ്ങൾ ഇല്ലെങ്കിൽ സിനിമാ ഇൻഡസ്ട്രിയിൽ ഞാനില്ല. നിങ്ങളാണ് എന്നെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വിട്ട് സിനിമ ടെക്നിക്കലായി പഠിക്കാൻ നിർബന്ധിച്ചത്, അതിനു ഫീസ് കൊടുത്തതും നിങ്ങളാണ്. എനിക്കും സഹോദരിമാർക്കും വളരെ ചെറുപ്പത്തിൽ സ്വയം പര്യാപ്തത നേടേണ്ടതിന്റെയും സ്വയം സുരക്ഷ ഉറപ്പുവരുത്തേണ്ടതിന്റെയും ആവശ്യകതയെ കുറിച്ച് പറഞ്ഞു തന്നതും നിങ്ങളാണ് കമൽ. എന്റെ ഭർത്താവ് മണിരത്നത്തിനെപ്പോലും നിങ്ങൾ തന്നതാണ് കമൽ, നിങ്ങളെ തേടി വന്നതു കൊണ്ടാണ് അദ്ദേഹം എന്റെ ജീവിതത്തിലേക്ക് വന്നത്. നിങ്ങളില്ലെങ്കിൽ എനിക്ക് ജീവിതത്തിൽ ഒന്നുമില്ല. അതു കൊണ്ട് ഇതു വരെ ജീവിതത്തിൽ കമലിനോട് ചെയ്യാത്ത രണ്ടു കാര്യങ്ങൾ ഞാൻ ചെയ്യാൻ പോകുന്നു.' ഇത്രയും പറഞ്ഞുകൊണ്ട് സുഹാസിനി കമലഹാസന്റെ കാലുകൾ തൊട്ട് വന്ദിക്കുകയും കവിളത്ത് ചുംബിക്കുകയും ചെയ്തു.
തന്നെ ചെറിയച്ഛൻ എന്ന് വിളിക്കാൻ പാടില്ലെന്നും കമൽ എന്ന് വിളിച്ചാൽ മതിയെന്നും ചെറുപ്പത്തിൽ കമലഹാസൻ ഉപദേശിച്ചതും സുഹാസിനി ഓർമിച്ചു. കമലഹാസന്റെ ഉപദേശം സ്വീകരിച്ചാണ് സുഹാസിനി അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ക്യാമറ പഠിക്കുന്നതിനായി ചെല്ലുന്നത്. തുടർന്ന് ഛായാഗ്രാഹകൻ അശോക് കുമാറിന്റെ സഹായിയായി മാറിയ സുഹാസിനി 'നെഞ്ചത്തെ കിള്ളാതെ' എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് വരുന്നത്. കമലഹാസന്റെ ജന്മനാടായ പരമകുടിയിൽ വച്ചായിരുന്നു ജന്മദിനാഘോഷ ചടങ്ങുകൾ നടന്നത്. ചാരു ഹാസൻ, ശ്രുതി ഹാസൻ, അക്ഷര ഹാസൻ, പ്രഭു തുടങ്ങി നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു. കമലഹാസന്റെയും ചാരുഹാസന്റെയും അച്ഛനായ ഡി.ശ്രീനിവാസന്റെ പ്രതിമയും ചടങ്ങിൽ അനാച്ഛാദനം ചെയ്തു. പേരുകേട്ട സ്വാതന്ത്ര്യ സമരസേനാനിയും അറിയപ്പെടുന്ന ക്രിമിനൽ അഭിഭാഷകനുമായിരുന്നു ഡി. ശ്രീനിവാസൻ.