കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ട് പറമ്പ് സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയുടെ സുരക്ഷാ ക്രമീകരണങ്ങളിൽ കനത്ത സുരക്ഷയാണ് അധികൃതർ ഒരുക്കിയത്. പാലയിൽ ജൂനിയർ അത്ലറ്റിക് മീറ്റിന് ഇടയിലുണ്ടായ ഹാമർ ത്രോ അപകടത്തിൽ മരിച്ച അഫീൽ ജോൺസന്റെ കണ്ണീരോർമ്മ മായാതെ നിൽക്കുന്ന സാഹചര്യത്തിൽ ഒരുക്കങ്ങളുടെ ആദ്യഘട്ടം മുതൽ സുരക്ഷയായിരുന്നു മുഖ്യ ചർച്ച.
ഹാമർ ത്രോ, ഷോട്ട് പുട്ട്, ജാവലിൻ ത്രോ തുടങ്ങിയവക്കായി ട്രാക്കിന് നടുവിലാണ് 105 മീറ്റർ നീളത്തിൽ ത്രോ ഫീൽഡ് സജ്ജീകരിച്ചത്. ത്രോ ഇനങ്ങളിൽ സുരക്ഷാ പ്രശ്നമുള്ളതിനാൽ ഒരുസമയത്ത് ഒരുമത്സരം മാത്രമേ നടത്തിയുള്ളൂ. ആദ്യദിനം പതിനെട്ട് ഫൈനലുകളാണ് നടന്നത്. സ്ഥലപരിമിതിയെ തുടർന്ന് ട്രാക്കിലും ഫീൽഡിലും നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു.