തിരുവനന്തപുരം: ദളിതരടക്കമുള്ള പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് എയ്ഡഡ് മേഖലയിലും സ്വകാര്യ സംരംഭക മേഖലയിലും പ്രാതിനിധ്യം നൽകണമെന്ന് മന്ത്രി കെ.രാജു പറഞ്ഞു. കെ.പി.എം.എസ് 48ാം സംസ്ഥാന സമ്മേളനം പുത്തരിക്കണ്ടം ഇ.കെ.നായനാർ പാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടന ഉറപ്പ് നൽകുന്ന സാമൂഹ്യനീതി നൽകാൻ രാജ്യം ഭരിക്കുന്നവർക്ക് കഴിഞ്ഞിട്ടില്ല. ആ സ്ഥിതി ഇനി തുടരരുത്. സാമൂഹ്യനീതിക്ക് വേണ്ടി കെ.പി.എം.എസ് നടത്തുന്ന പോരാട്ടങ്ങൾ ശക്തമായി തുടരണമെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.എം.എസ് പ്രസിഡന്റ് മുണ്ടുകോട്ടയ്ക്കൽ സുരേന്ദ്രൻ അദ്ധ്യക്ഷനായി. ഒ.രാജഗോപാൽ എം.എൽ.എ, കെ.പി.എം.എസ് ഖജാൻജി ടി.കെ.പുരുഷൻ, വർക്കിംഗ് പ്രസിഡന്റ് കെ.കെ.പുരുഷോത്തമൻ, കെ.പി.എം.എഫ് ജനറൽ സെക്രട്ടറി പി.സിന്ധു, കെ.പി.വൈ.എം ജനറൽ സെക്രട്ടറി കെ.ആർ.രാജേഷ്, ജില്ലാപ്രസിഡന്റ് അമ്പലത്തറ ശ്രീരംഗനാഥ് തുടങ്ങിയവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി പി.എം.വിനോദ് സ്വാഗതവും സി.ഒ.രാജൻ നന്ദിയും പറഞ്ഞു. വെള്ളയമ്പലം അയ്യൻകാളി സ്ക്വയറിൽ നിന്ന് കിഴക്കേകോട്ടയിലേക്ക് ആയിരക്കണക്കിനാളുകൾ പങ്കെടുത്ത പ്രകടനം നടന്നു.