SignIn
Kerala Kaumudi Online
Saturday, 07 December 2019 12.17 AM IST

എയർ ഇന്ത്യ,​ ബി.പി.സി.എൽ ഓഹരി വിറ്രൊഴിയൽ ഈവർഷം പൂർത്തിയാക്കും: നിർമ്മല സീതാരാമൻ

nirmala-

ന്യൂഡൽഹി: എയർ ഇന്ത്യയ്ക്കും ഭാരത് പെട്രോളിയം കോർപ്പറേഷനും (ബി.പി.സി.എൽ)​ പൊതുമേഖലയിൽ ഇനി ആയുസ് ഏതാനും മാസങ്ങൾ മാത്രം. നടപ്പു സാമ്പത്തിക വർഷം (2019-20)​ മാർച്ചിനകം തന്നെ ഇരു കമ്പനികളുടെയും ഓഹരികൾ വിറ്റൊഴിയുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.

എയർ ഇന്ത്യയുടെ 100 ശതമാനവും ബി.പി.സി.എല്ലിന്റെ 53.29 ശതമാനവും ഓഹരികൾ കേന്ദ്രസർക്കാരിന്റെ കൈവശമാണ്. ഇവ പൂർണമായും വിറ്രൊഴിയുകയാണ് ലക്ഷ്യം. നഷ്‌ടവും കടബാദ്ധ്യതയും മൂലം നട്ടംതിരിയുന്ന എയർ ഇന്ത്യയെ വിറ്രൊഴിയാനായി വിദേശത്ത് സർക്കാർ സംഘടിപ്പിച്ച റോഡ്ഷോകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ധനമന്ത്രി പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്രഴിച്ച്,​ ക്ഷേമപദ്ധതികൾക്കായി പണം കണ്ടെത്തുകയും ധനക്കമ്മി നിയന്ത്രിക്കുകയുമാണ് നരേന്ദ്ര മോദി സർക്കാർ ഉദ്ദേശിക്കുന്നത്.

നടപ്പുവർഷം പൊതുമേഖലാ ഓഹരി വില്‌പനയിലൂടെ 1.05 ലക്ഷം കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യമെന്ന് ജൂലായ് അഞ്ചിന് അവതരിപ്പിച്ച ബഡ്‌ജറ്റിൽ നിർമ്മല സീതാരാമൻ വ്യക്തമാക്കിയിരുന്നു. എയർ ഇന്ത്യ,​ ബി.പി.സി.എൽ എന്നിവ വിറ്രൊഴിയുന്നതിലൂടെ തന്നെ ഇതിന്റെ 50 ശതമാനത്തിലേറെ തുക ലഭിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. നടപ്പു സാമ്പത്തിക വർഷം ധനക്കമ്മി ജി.ഡി.പിയുടെ 3.3 ശതമാനമായി നിയന്ത്രിക്കുകയാണ് ലക്ഷ്യമെന്നും ബഡ്‌ജറ്രിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ധനക്കമ്മി നിയന്ത്രണ ലക്ഷ്യം കാണാനായി പൊതുമേഖലയിലെ ഏറ്രവും വലിയ എണ്ണവിതരണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (ഐ.ഒ.സി)​ നിശ്‌ചിത ഓഹരികൾ വിറ്രൊഴിയുന്നതും കേന്ദ്രം പരിഗണിക്കുന്നുണ്ട്. നിലവിൽ ഐ.ഒ.സിയിൽ 51.5 ശതമാനം ഓഹരി പങ്കാളിത്തമാണ് സർക്കാരിന് നേരിട്ടുള്ളത്. ഇതുവഴി കമ്പനിയുടെ നിയന്ത്രണവും സർക്കാരിനാണ്. ഇതിൽ 33,​000 കോടി രൂപ വിലമതിക്കുന്ന 26.4 ശതമാനം ഓഹരികൾ വരെ വിറ്രൊഴിയാൻ സർക്കാരിന് കഴിയും.

ഓഹരി പങ്കാളിത്തം 51 ശതമാനത്തിന് താഴെയായി ഇതുവഴി കുറയുമെങ്കിലും കമ്പനിയുടെ നിയന്ത്രണം സർക്കാരിന് നിലനിറുത്താൻ കഴിയും. കാരണം,​ എൽ.ഐ.സി.,​ ഒ.എൻ.ജി.സി.,​ ഓയിൽ ഇന്ത്യ എന്നിവ മുഖേന ഐ.ഒ.സിയുടെ 25.9 ശതമാനം ഓഹരിപങ്കാളിത്തവും സർക്കാരിനുണ്ട്. നേരത്തേ,​ പൊതുമേഖലാ എണ്ണവിതരണ കമ്പനിയായ എച്ച്.പി.സി.എല്ലിന്റെ 51 ശതമാനം ഓഹരികൾ സർക്കാർ ഒ.എൻ.ജി.സിക്ക് കൈമാറിയിരുന്നു.

സമാനമാതൃകയിൽ പൊതുമേഖലാ കമ്പനികളെക്കൊണ്ട് തന്നെ ബി.പി.സി.എൽ ഓഹരികൾ ഏറ്റെടുപ്പിക്കാൻ സർക്കാർ ശ്രമിച്ചേക്കുമെന്നായിരുന്നു ആദ്യ സൂചനകൾ. എന്നാൽ,​ ആഭ്യന്തര പെട്രോളിയം രംഗത്ത് ആഗോള കമ്പനികളെ എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ കേന്ദ്രം നടത്തുന്നത്. ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി ആരാംകോ ഇന്ത്യയിൽ നിക്ഷേപ താത്പര്യം അറിയിച്ചിട്ടുണ്ട്.

റഷ്യയുടെ റോസ്‌നെഫ്‌റ്റിന് ഇന്ത്യയിൽ നിക്ഷേപമുണ്ട്. മറ്റു വൻകിട കമ്പനികളായ ബ്രിട്ടീഷ് പെട്രോളിയം (ബി.പി)​.,​ ടോട്ടൽ,​ ഷെൽ എന്നിവയും ഇന്ത്യയിൽ റീട്ടെയിൽ ഇന്ധന വിതരണത്തിന് ഒരുങ്ങുകയാണ്. ഈ കമ്പനികളുമായാകും കേന്ദ്രസർക്കാർ ബി.പി.സി.എൽ ഓഹരി വില്‌പനയ്ക്കായി ലക്ഷ്യമിടുക.

സ്വകാര്യച്ചിറകിലേക്ക് എയർ ഇന്ത്യ

കടബാദ്ധ്യതയും നഷ്‌ടവും മൂലം നട്ടംതിരിയുകയാണ് എയർ ഇന്ത്യ. കേന്ദ്രസർക്കാർ 2012ൽ പ്രഖ്യാപിച്ച 30,000 കോടി രൂപയുടെ രക്ഷാപാക്കേജിന്റെ പിൻബലത്തിലാണ് ഇപ്പോൾ പ്രവർത്തനം. എയർ ഇന്ത്യ കൂടുതൽ ബാദ്ധ്യതയാകുന്നത് ഒഴിവാക്കുകയാണ് ഓഹരി വിറ്രൊഴിയലിലൂടെ സർക്കാരിന്റെ പ്രധാന ലക്ഷ്യം.

എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും സർക്കാരിന്റെ കൈവശം

 കമ്പനിയുടെ മൊത്തം കടബാദ്ധ്യത ₹58,​000 കോടി

 30,​000 കോടിയുടെ രക്ഷാപാക്കേജിന്റെ പിൻബലത്തിലാണ് പ്രവർത്തനം

 കഴിഞ്ഞ സാമ്പത്തികവർഷം നഷ്‌ടം 7,​635 കോടി

 13.5% വിപണി വിഹിതവുമായി രാജ്യത്തെ മൂന്നാമത്തെ വലിയ വിമാനക്കമ്പനിയാണ് എയർ ഇന്ത്യ (കഴിഞ്ഞവർഷത്തെ കണക്കുപ്രകാരം)​

പാളിയ നീക്കവും കടം വീട്ടലും

എയർ ഇന്ത്യയുടെ 74% ഓഹരികൾ വിറ്റൊഴിയാൻ കഴിഞ്ഞവർഷം സർക്കാർ താത്പര്യപത്രം ക്ഷണിച്ചെങ്കിലും ആരുമെത്തിയില്ല. ഓഹരി വാങ്ങിയാലും 26 ശതമാനം പങ്കാളിത്തം സർക്കാർ തുടരുന്നതിനോട് ആയിരുന്നു നിക്ഷേപകർക്ക് എതിർപ്പ്. ഇതു പരിഗണിച്ചാണ്,​ 100 ശതമാനം ഓഹരികളും വിറ്റഴിക്കാനുള്ള പുതിയ നീക്കം.

ഓഹരി വിറ്റൊഴിയലിന് മുമ്പായി എയർ ഇന്ത്യയുടെ വായ്‌പാ ബാദ്ധ്യതയുടെ മുഖ്യപങ്കും തീർക്കാനുള്ള നീക്കം സർക്കാർ തുടങ്ങിയിട്ടുണ്ട്. ഉപസ്ഥാപനമായ എയർ ഇന്ത്യ അസറ്ര് ഹോൾഡിംഗ് ലിമിറ്റഡ് (എ.ഐ.എ.എച്ച്.എൽ) മുഖേന കടപ്പത്രങ്ങളിലൂടെ 30,000 കോടി രൂപ സർക്കാർ സമാഹരിച്ചിട്ടുണ്ട്. ഈ പണം കടം വീട്ടാൻ ഉപയോഗിക്കും.

പൊതുമേഖലാ ഓഹരി വില്‌പന

(വരുമാനം ഇങ്ങനെ)​

 പൊതുമേഖലാ ഓഹരി വിൽപനയിലൂടെ 2017-18ൽ ലക്ഷ്യമിട്ടത് സർക്കാർ 72,500 കോടി രൂപ. സമാഹരിച്ചത് ഒരു ലക്ഷം കോടി രൂപ

 2018-19ൽ ലക്ഷ്യം ₹80,​000 കോടി,​ സമാഹരണം ₹85,​000 കോടി.

2015-16ൽ ₹69,500 കോടിയും 2016-17ൽ ₹56,500 കോടിയും നേടി.

 നടപ്പുവർഷം ലക്ഷ്യം ₹1.05 ലക്ഷം കോടി

''രാജ്യത്ത് സമ്പദ്‌സ്ഥിതി മെച്ചപ്പെടുന്നുണ്ട്. ഉപഭോക്തൃ വിപണിയും ഉഷാറാകുന്നു. ഇതു വരും മാസങ്ങളിൽ ജി.എസ്.ടി സമാഹരണം ഉയരാൻ വഴിയൊരുക്കും""

നിർമ്മല സീതാരാമൻ,​

കേന്ദ്ര ധനമന്ത്രി

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, AIR INDIA, BPCL, AIR INDIA SALE, NIRMALA SITHARAMAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.