ലഖ്നൗ: ഉത്തർപ്രദേശിലെ ഉന്നാവോയിൽ സ്മാർട്ട് സിറ്റി പദ്ധതിക്കുവേണ്ടി ഭൂമി ഏറ്റെടുത്തതിനെ തുടർന്നുണ്ടായ തർക്കം കർഷകരും പൊലീസും തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചു. സ്മാർട്ട് സിറ്റി നിർമാണത്തിനുവേണ്ടി എത്തിച്ച യന്ത്രസാമഗ്രികൾ പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. ലഖ്നൗവിൽനിന്ന് 40 കിലോമീറ്റർ അകലെയാണ് ട്രാൻസ് ഗംഗ സിറ്റി സർക്കാർ വികസിപ്പിക്കാനൊരുങ്ങുന്നത്. യോഗി ആദിത്യനാഥ് സർക്കാർ ബലപ്രയോഗത്തിലൂടെയാണ് പദ്ധതിക്കുവേണ്ടി സ്ഥലം ഏറ്റെടുത്തതെന്നും സ്ഥലം ഏറ്റെടുത്തതിന്റെ നഷ്ടപരിഹാരം നൽകാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ലെന്നും കർഷകർ ആരോപിച്ചു.
പൊലീസിനുനേരെ കല്ലേറ് നടത്തിയ പ്രതിഷേധക്കാർ പ്രദേശത്തെ പവർ സ്റ്റേഷനിലേക്കുള്ള പൈപ്പും അഗ്നിക്കിരയാക്കി. ഇതോടെ കർഷകർക്കുനേരെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നു.
അതേസമയം, പൊലീസ് ലാത്തിച്ചാർജിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സ്ത്രീകൾ അടക്കമുള്ളവരെ പൊലീസ് ഓടിച്ചിട്ട് തല്ലുന്നത് ദൃശ്യങ്ങളിൽ കാണാം.