ന്യൂയോർക്ക്: സർവകലാശാലാ ക്യാമ്പസിൽ വച്ച് മയക്കുമരുന്ന് നിർമിക്കുകയും ഉപയോഗിക്കുകയും ചെയ്ത കെമിസ്ട്രി പ്രൊഫസർമാരെ പൊലീസ് പിടികൂടി. അമേരിക്കയിലെ അർക്കൻസാസിലെ ഹെൻഡേഴ്സൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലാണ് സംഭവം നടന്നത്. ലീവിലായിരുന്ന യൂണിവേഴ്സിറ്റി പ്രൊഫസർമാരായ ടെറി ഡേവിഡ് ബേറ്റ്മാൻ, ബ്രാഡ്ലി അല്ലൻ റോലൻഡ് എന്നിവരെയാണ് വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 11 മുതൽ ഇരുവരും അവധിയിലായിരുന്നു. ഇവർ ലീവിൽ പോകുന്നതിന് മൂന്ന് ദിവസം മുൻപ് യൂണിവേഴ്സിറ്റിയുടെ സയൻസ് സെന്ററിൽ നിന്നും കെമിക്കലുകളുടെ ഗന്ധം ഉയർന്നിരുന്നു. ഇതിനെ തുടർന്ന് യൂണിവേഴ്സിറ്റി ചീഫ് ഒഫ് പൊലീസ് ആരംഭിച്ച അന്വേഷണത്തിന് ഒടുവിലാണ് ഇരുവരും കുടുങ്ങിയത്.
വൻ വീര്യമുള്ള മെത്ത് എന്ന് അറിയപ്പെടുന്ന മെത്താംഫെറ്റമിൻ ആണ് ഇരുവരും യൂണിവേഴ്സിറ്റിക്കകത്ത് നിർമിച്ചിരുന്നത്. മെത്ത് സമന്വയിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ബെൻസിൽ ക്ലോറൈഡ് എന്ന രാസവസ്തു യൂണിവേഴ്സിറ്റിയിലെ ലാബിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഏതാനും നാളുകളായി അറ്റകുറ്റപണികൾ നടത്തുന്നതിനായി യൂണിവേഴ്സിറ്റി ലാബ് സ്ഥിതി ചെയ്യുന്ന കെട്ടിടം അടച്ചിട്ടിരുന്നു. ഇത് മുതലെടുത്താണ് പ്രൊഫസർമാർ ഇവിടം മയക്കുമരുന്ന് നിർമാണത്തിനായി ഉപയോഗിച്ചത്.
അമേരിക്കയിൽ മെത്ത് നിർമിക്കുന്നത് 40 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇത് ഉപയോഗിച്ചാൽ 20 വർഷമാണ് ശിക്ഷയായി ലഭിക്കുക. 10 വർഷമായി യൂണിവേഴ്സിറ്റിയിൽ അസോസിയേറ്റ് പ്രൊഫസറും അണ്ടർഗ്രാജുവേറ്റ് റീസേർച്ച് വിഭാഗം ഡയറക്ടറുമായി ജോലി നോക്കുന്നയാളായിരുന്നു ബേറ്റ്മാൻ. റോലൻഡ് 2014ലാണ് യൂണിവേഴ്സിറ്റിയിൽ കെമിസ്ട്രി പ്രൊഫസറായി ചേരുന്നത്. പ്രശസ്ത ടെലിവിഷൻ സീരീസായ 'ബ്രേക്കിംഗ് ബാഡി'നോട് സാമ്യമുള്ള സംഭവമെന്നാണ് അമേരിക്കൻ മാദ്ധ്യമങ്ങൾ ഈ കേസിനെ വിശേഷിപ്പിക്കുന്നത്. ഒരു കെമിസ്ട്രി പ്രൊഫസർ മയക്കുമരുന്ന് രാജാവായി മാറുന്നതാണ് ടി.വി സീരീസിന്റെ കഥ.