മുംബയ്: മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പിന് ശേഷം രൂപമെടുത്ത കോൺഗ്രസ്-ശിവസേന- എൻ.സി.പി സഖ്യത്തിന്റെ നീക്കത്തെ ഏറെ സംശയത്തോടെയാണ് ബി.ജെ.പി കാണുന്നത്. കർണാടകയിൽ അധികാരത്തിലെത്താൻ ബി.ജെ.പി ഉയോഗിച്ച 'ഓപ്പറേഷൻ ലോട്ടസ്' ഇപ്പോൾ തിരിച്ചടിക്കുമോ എന്ന ഭയത്തിലാണ് പാർട്ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ബി.ജെ.പിയുമായുള്ള ബന്ധം പൂർണ്ണമായി അവസാനിപ്പിക്കാനാണ് ശിവസേന തീരുമാനിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ശിവസേന-എൻ.സി.പി-കോൺഗ്രസ് സഖ്യം തങ്ങളുടെ കൗൺസിലർമാരെ റാഞ്ചിയേക്കുമോ എന്ന ഭയവും ബി.ജെ.പിക്കുണ്ട്.
സഖ്യത്തിന്റെ നീക്കത്തെ തടയാനായി മുന്നൊരുക്കങ്ങൾ ബി.ജെ.പി തുടങ്ങിയിട്ടുണ്ട്. ബി.ജെ.പി ഭരിക്കുന്ന നാസിക് മുനിസിപ്പൽ കോർപ്പറേഷനിലെ തിരഞ്ഞെടുപ്പ് നവംബർ 22നാണ്. ബി.ജെ.പി കൗണസിലർമാരെ ശിവസേന-എൻ.സി.പി-കോൺഗ്രസ് സഖ്യം റാഞ്ചുമോ എന്ന ഭയത്തിൽ കൗൺസിലർമാരെ സിന്ധുദുർഗ് ജില്ലയിലെ റിസോർട്ടിലേക്ക് മാറ്റിയിട്ടുണ്ട്. ആകെയുള്ള 65 കൗൺസിലർമാരിൽ12 പേരൊഴികെ ഉള്ളവരെ നാസികിൽ നിന്ന് 600 കിലോമീറ്റർ ദൂരത്തുള്ള റിസോർട്ടിലേക്കാണ് മാറ്റിയത്.
എന്നാൽ റിസോർട്ടിൽ പോകാതിരുന്ന 12 കൗൺസിലർന്മാരുടെ നീക്കത്തെയും ബി.ജെ.പി നീരീക്ഷിക്കുന്നുണ്ട്. അതേസമയം ഇടഞ്ഞ് നിൽക്കുന്ന ശിവസേനയെ അനുനയിപ്പിക്കാൻ പുതിയ നിർദ്ദേശവുമായി എൻ.ഡി.എ ഘടകക്ഷിയായ ആർ.പി.ഐ രംഗത്തെത്തി. മൂന്ന് വർഷം ബിജെപിക്കും രണ്ട് വർഷം ശിവസേനയ്ക്കും മുഖ്യമന്ത്രി പദം വീതിച്ച് നൽകാമെന്ന നിർദ്ദേശവുമായി കേന്ദ്രമന്ത്രി രാംദാസ് അത്തെവാല ശിവസേന നേതാവ് സഞ്ജയ് റാവത്തുമായി കൂടിക്കാഴ്ച നടത്തി. ബി.ജെ.പിക്ക് സമ്മതമാണെങ്കിൽ ഇക്കാര്യം ആലോചിക്കുമെന്ന് സഞ്ജയ് റാവത്ത് മറുപടി നൽകിയെന്നാണ് മന്ത്രി പറഞ്ഞത്.