മഹാരാഷ്ട്രയില്‍ അനിശ്ചിതത്വം തുടരവേ സോണിയ ഗാന്ധിയും ശരദ് പവാറും കൂടിക്കാഴ്ച നടത്തി
1. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കവേ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറും കൂടിക്കാഴ്ച നടത്തി. ശിവസേനയും, എന്‍.സി.പിയും, കോണ്‍ഗ്രസും പൊതു മിനിമം പരിപാടിയില്‍ ധാരണയില്‍ എത്തി ഇരുന്നു. ഇത് സംബന്ധിച്ച് ഇരു നേതാക്കളും ചര്‍ച്ച നടത്തി. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ തുടരാന്‍ എന്‍.സി.പി- കോണ്‍ഗ്രസ് തീരുമാനം ആയി. സോണിയാ ഗാന്ധിയെ രാഷ്ട്രീയ സാഹചര്യം ധരിപ്പിച്ചു എന്ന് പവാര്‍. ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ അടുത്ത ദിവസം സോണിയ ഗാന്ധിയെ കാണുമെന്ന് സൂചന ഉണ്ട്.
2. അതേസമയം, ബി.ജെ.പി ശിവസേന സഖ്യത്തിന് പുതിയ ഫോര്‍മുലയും ആയി കേന്ദ്രമന്ത്രി രാംദാസ് അത്തെവാല. 3 വര്‍ഷം ബി.ജെ.പിക്കും 2 വര്‍ഷം ശിവസേനയ്ക്കും മുഖ്യമന്ത്രി പദം വീതിച്ചു നല്കുന്ന നിര്‍ദേശം മുന്നോട്ട് വച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്തുമായി കൂടിക്കാഴ്ച നടത്തി. ബി.ജെ.പിക്ക് സമ്മതമാണെങ്കില്‍ ഇക്കാര്യം ആലോചിക്കുമെന്ന് സഞ്ജയ് റാവത്ത് മറുപടി നല്കി എന്ന് രാംദാസ് അത്തെവാല. ബി.ജെ.പി.യുമായും വിഷയം ചര്‍ച്ച ചെയ്യുമെന്നും അത്തെവാല പറഞ്ഞു.
3. ജെ.എന്‍.യു വിദ്യാര്‍ത്ഥി സമരം ശക്തമായി മുന്നോട്ട് പോകുന്നതിനിടെ അനുനയ നീക്കവും ആയി മാനവ വിഭവ ശേഷി മന്ത്രാലയം. ദിവസങ്ങളോളം നീണ്ട സമരത്തിന് ഒടുവില്‍ വിദ്യാര്‍ത്ഥി പ്രതിനിധികളെ അധികൃതര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കാന്‍ ആണ് നീക്കം. വിദ്യാര്‍ത്ഥി യൂണിയന് ചെയര്‍പേഴ്സണും എസ്.എഫ്.ഐ നേതാവും ആയ ഐഷ ഘോഷ് അടക്കമുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. അതേസമയം, ജെ.എന്‍.യു വിദ്യാര്‍ത്ഥി സമരവും ആയി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുത്ത വിദ്യാര്‍ത്ഥികളെ വിട്ടയച്ചു. ഡല്‍ഹി പൊലീസ് കന്റോണ്‍മെന്റ് സ്റ്റേഷനില്‍ കൊണ്ടു പോയ വിദ്യാര്‍ത്ഥികളെ ആണ് വിട്ടയച്ചത്.
4. രാവിലെ പാര്‍ലമെന്റിലേക്ക് വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ പ്രധാനഗേറ്റില്‍ സംഘര്‍ഷാവസ്ഥ നില നിന്നിരുന്നു. പൊലീസ് ബാരിക്കേഡുകള്‍ മറിച്ചിടാന്‍ വിദ്യാര്‍ഥികള്‍ ശ്രമിച്ചു. പൊലീസ് ഭീതി പരത്താന്‍ ശ്രമിക്കുകയാണെന്നും കസ്റ്റഡിയില്‍ എടുത്തവര്‍ക്ക് മര്‍ദനമേറ്റതായും വിദ്യാര്‍ഥികള്‍ ആരോപിച്ചു. മാര്‍ച്ചിനെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതിനിടെ ജെ.എന്‍.യു സമരത്തില്‍ സര്‍ക്കാര്‍ ഉന്നതാധികാര സമിതിയെ നിയോഗിച്ചു. യു.ജി.സി മുന്‍ ചെയര്മാന് അടങ്ങുന്ന മൂന്നംഗ സമിതി വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നിലവിലെ ഫീസ് അംഗീകരിക്കാന്‍ കഴിയില്ലെന്നും സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും വിദ്യാര്‍ഥികള്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ച ആയാണ് പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്ന ദിവസം പ്രതിഷേധ മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്.
5. കിഫ്ബിയില്‍ സമ്പൂര്‍ണ്ണ ഓഡിറ്റിന് ഉള്ള അനുമതി നിഷേധിച്ച് സര്‍ക്കാര്‍. സി.എ.ജിയുടെ കത്തിന് സര്‍ക്കാര്‍ മറുപടി നല്കി. ചട്ടം 20 (2) പ്രകാരമുള്ള സമ്പൂര്‍ണ്ണ ഓഡിറ്റിന് ആണ് അനുമതി നിഷേധിച്ചുള്ള സര്‍ക്കാര്‍ നടപടി. അതേസമയം, ചട്ടം 14 (1) പ്രകാരം ഉള്ള നിലവിലെ ഓഡിറ്റ് തുടരും എന്ന് സര്‍ക്കാര്‍. ചട്ടം 14 (2) പ്രകാരമുള്ള ഓഡിറ്റിന് സര്‍ക്കാര്‍ അനുമതി നല്കി. അഡീഷണല്‍ ചീഫ് സെക്രട്ടറി മനോജ് ജോഷിയാണ് സി.എ.ജിയുടെ കത്തിന് മറുപടി നല്‍കിയത്. 20 (2) പ്രകാരം ഓഡിറ്റ് ആവശ്യപ്പെട്ട് 4 കത്തുകള്‍ ആയിരുന്നു സി.എ.ജി നല്‍കിയത്. ആദ്യമായാണ് സി.എ.ജിക്ക് മറുപടി നല്കി സര്‍ക്കാര്‍ രംഗത്ത് വന്നിരിക്കുന്നത്.
6. മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ത്ഥി ഫാത്തിമയുടെ മരണത്തില്‍ ആഭ്യന്തര അന്വേഷണം നടത്താന്‍ ആകില്ല എന്ന് ഐ.ഐ.ടി. പൊലീസ് അന്വേഷണം നടക്കുന്നതിനാല്‍ ആഭ്യന്തര അന്വേഷണം നടക്കില്ല. അന്വേഷണത്തിന് ഉള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യം തള്ളിക്കൊണ്ട് ഇ-മെയിലിലൂടെ ആണ് ഐ.ഐ.ടി.യുടെ മറുപടി. സമഗ്ര അന്വേഷണം ആവശ്യപ്പെട്ടുള്ള തങ്ങളുടെ സമരം തുടരും എന്ന് വിദ്യാര്‍ത്ഥികളും അറിയിച്ചിട്ടുണ്ട്. അതേസമയം, ഐ.ഐ.ടിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയും ആയി നാളെ സംയുക്ത പ്രതിഷേധം സംഘടിപ്പിക്കും. പ്രതിഷേധ പരിപാടിയില്‍ എ.ബി.വി.പിയും അണ്ണാ ഡി.എം.കെയുടെ വിദ്യാര്‍ത്ഥി സംഘടനയും ഒഴികെ ഉള്ളവര്‍ പങ്കെടുക്കും.
7. ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പാര്‍ലമെന്റിന് ആവശ്യപ്പെട്ട് പ്രതിപക്ഷവും. എന്‍.കെ.പ്രേമചന്ദ്രന്, കനിമൊഴി എന്നിവരാണ് വിഷയം ലോക്സഭയില്‍ ഉന്നയിച്ചത്. മദ്രാസ് ഐ.ഐ.ടിയിലെ മൂന്ന് പ്രഫസര്‍മാര്‍ക്ക് എതിരേ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും എഫ്.ഐ.ആര് പോലും ഇടാന്‍ പൊലീസ് തയാറായിട്ടില്ലെന്ന് എം.പിമാര്‍ ആരോപിച്ചു.
8. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യുന്ന സംഭവം തുടര്‍ക്കഥ ആയിരിക്കുക ആണെന്നും ഇക്കാര്യത്തില്‍ സി.ബി.ഐ പോലുള്ള ഏജന്‍സികളെ കൊണ്ട് അന്വേഷണം നടത്തണം എന്നും പ്രേമചന്ദ്രനും കനിമൊഴിയും ആവശ്യപ്പെട്ടു. സംഭവത്തില്‍ അന്വേഷണം നടക്കുക ആണെന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്കി. എന്നാല്‍ മറുപടിയില്‍ തൃപ്തരാകാതെ വന്നതോടെ പ്രതിപക്ഷ അംഗങ്ങള്‍ ലോക്സഭയില്‍ ബഹളം വച്ചു
9. ശബരിമല സ്ത്രീപ്രവേശനത്തിലെ സുപ്രീംകോടതി വിധിയില്‍ ദേവസ്വം ബോര്‍ഡിനും അവ്യക്തത. വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് ലഭിച്ചത് രണ്ട് തരം നിയമോപദേശങ്ങള്‍. വിധിയ്ക്ക് സ്റ്റേ ഇല്ലെന്നും അവ്യക്തത ഉണ്ടെന്നും ഉപദേശങ്ങള്‍. ഏക ഉപദേശം അല്ലാത്തതിനാല്‍ വിഷയത്തില്‍ നിലപാട് എടുക്കാന്‍ ആവാതെ ദേവസ്വം ബോര്‍ഡ്. വിധിയില്‍ അവ്യക്തത ഉണ്ട് എന്ന നിലപാട് സ്വീകരിക്കാന്‍ ആണ് നിലവിലെ തീരുമാനം. വിധിയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിന് ഒപ്പം നില്ക്കും എന്നും അവ്യക്തതയുടെ പേരില്‍ യുവതീ പ്രവേശനത്തെ പിന്തുണയ്ക്കില്ല എന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു