തിരുവനന്തപുരം: ശബരിമല ക്ഷേത്ര പ്രവേശനം സംബന്ധിച്ച് സുപ്രീംകോടതിയുടെ ഭൂരിപക്ഷ വിധിയുമായി ബന്ധപ്പെട്ട് ഉയർന്ന അവ്യക്തതകൾ പരിഹരിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് പ്രമേയത്തിൽ ആവശ്യപ്പെട്ടു. വിധിയിലെ ആശയക്കുഴപ്പം കോടതി തന്നെ തീർക്കണമെന്ന സി.പി.എം നിലപാടിൽ നിന്നുള്ള വ്യതിചലനമാണ് പ്രമേയം.
എല്ലാ മേഖലയിലും സ്ത്രീസമത്വം എന്നതാണ് സി.പി.എം നിലപാടെന്നും അതിനാൽ വിധിയിൽ വ്യക്തത വരുത്തിയുള്ള കൃത്യമായ നിലപാട് കോടതിയിൽ നിന്നുണ്ടാകണമെന്നുമാണ് ഇന്നലെ സി.പി.എം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടത്. അതേസമയം, ശബരിമലയും അയോദ്ധ്യയുമടക്കം വിധികളെ തള്ളിപ്പറയുന്നില്ലെങ്കിലും അവയെ സംശയദൃഷ്ടിയോടെ സമീപിക്കാനുള്ള സാദ്ധ്യത സി.പി.ഐ അടയ്ക്കുന്നില്ല. സുപ്രീംകോടതി വിധികൾ ഭരണഘടനയ്ക്ക് മുകളിൽ വിശ്വാസത്തെ പ്രതിഷ്ഠിക്കാനുള്ള ശ്രമമായി വ്യാഖ്യാനിക്കപ്പെടാമെന്ന് സി.പി.ഐ പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
സി.പി.ഐ പറയുന്നത്
ഭരണഘടനയുടെ അന്തഃസത്ത ഉയർത്തിപ്പിടിച്ചാണ് 2018 സെപ്തംബർ 28ലെ സുപ്രീംകോടതി വിധി
മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ ഏറ്റവും ബാദ്ധ്യതപ്പെട്ട സ്ഥാപനമാണ് സുപ്രീംകോടതി. ഇതിന് ഇടിവ് തട്ടരുത്
സുപ്രീംകോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകൾ അവ്യക്തതയും ആശയക്കുഴപ്പവും ഇല്ലാത്തതായിരിക്കണം
ശബരിമലയുമായി ബന്ധപ്പെട്ടുണ്ടായ വിധി നിയമവൃത്തങ്ങളിൽ പോലും ആശയക്കുഴപ്പം സൃഷ്ടിച്ചു
വ്യവസ്ഥാപിത മാർഗത്തിലൂടെ ആശയക്കുഴപ്പം പരിഹരിച്ച് മുന്നോട്ട് പോകാൻ സർക്കാർ തയ്യാറാകണം
സി.പി.എം പി.ബി ഇന്നലെ പറഞ്ഞത്
2018ലെ വിധി ഉയർത്തിപ്പിടിക്കുന്നതിൽ ഇപ്പോഴത്തെ ഭൂരിപക്ഷബെഞ്ച് പരാജയപ്പെട്ടത് ആശയക്കുഴപ്പം സൃഷ്ടിച്ചു
എല്ലാ രംഗത്തും സ്ത്രീസമത്വം എന്നതാണ് സി.പി.എം നിലപാട്.
കോടതി തന്നെ ഇക്കാര്യത്തിൽ എത്രയും വേഗം വ്യക്തവും കൃത്യവുമായ നിലപാട് പറയണം
സി.പി.എം സെക്രട്ടേറിയറ്റ് നേരത്തേ പറഞ്ഞത്
സ്ത്രീ-പുരുഷ സമത്വം എല്ലാ രംഗത്തുമുണ്ടാകണം
സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്വം സർക്കാർ നിർവഹിച്ചു
ഇപ്പോഴത്തെ സുപ്രീംകോടതി വിധിയും നടപ്പാക്കലാണ് സർക്കാരിന്റെ ഉത്തരവാദിത്വം
ഈ വിധി വലിയ ആശയക്കുഴപ്പമുള്ളതാണെന്ന പൊതു അഭിപ്രായം നിയമവൃത്തങ്ങളിലടക്കമുണ്ട്
'വിധി വന്നപ്പോൾ ആശയക്കുഴപ്പം കൂടി. അത് പരിഹരിക്കാൻ ശ്രമിക്കും. എന്നിട്ട് നിലപാടെടുക്കാം.'-
(വിധി വന്ന ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.)