തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവിൽ അവ്യക്തതയുണ്ടെന്ന് കാട്ടി നിയമോപദേശം തേടാനുള്ള സർക്കാർ തീരുമാനത്തെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് സ്വാഗതം ചെയ്തു.
സുപ്രീംകോടതി വിധിയിലെ ആശയക്കുഴപ്പം പരിഹരിക്കാൻ കേന്ദ്ര സർക്കാരിന്റെ അറ്റോർണി ജനറലിന്റെ നിയമോപദേശം സർക്കാർ തേടുന്നതാവും ഉചിതമെന്ന സെക്രട്ടറി കാനം രാജേന്ദ്രന്റെ അഭിപ്രായം യോഗം അംഗീകരിച്ചു.വിധിയിലെ വ്യക്തതക്കുറവ് പരിഹരിച്ച ശേഷം അതിൽ നിഷ്കർഷിക്കുന്നത് നടപ്പാക്കുകയാണ് സർക്കാരിന്റെ ചുമതലയെന്ന് സി.പി.എം സെക്രട്ടേറിയറ്റ് വിലയിരുത്തിയിരുന്നു. ഇത് പക്വതയുള്ള സമീപനമെന്നാണ് സി.പി.ഐയുടെയും വിലയിരുത്തൽ.ശബരിമല വിധിയുടെ കാര്യത്തിൽ അനാവശ്യ വാദപ്രതിവാദങ്ങളും വിവാദങ്ങളും ഒഴിവാക്കാൻ ഇടതുപക്ഷ നേതാക്കൾ ജാഗ്രത കാട്ടണം.
എന്നാൽ, അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ട വ്യാജ ഏറ്റുമുട്ടൽ തന്നെയെന്ന നിലപാടിൽ മാറ്റമില്ല. മാവോയിസ്റ്റ് വേട്ടയും യു.എ.പി.എ വിവാദവും സംബന്ധിച്ച് സി.പി.എം പോളിറ്റ്ബ്യൂറോയിൽ നടന്ന ചർച്ചകൾ സി.പി.ഐയുടെ ഇക്കാര്യത്തിലുള്ള നിലപാട് ശരി വയ്ക്കുന്നതാണെന്ന് എക്സിക്യൂട്ടീവ് യോഗത്തിൽ ചിലർ അഭിപ്രായപ്പെട്ടു.
കിഫ്ബിയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിലുള്ള സംശയങ്ങൾ ദൂരീകരിക്കണം. . വിവാദങ്ങൾ കിഫ്ബിയെ നന്നാക്കാനോ അതോ പദ്ധതി പ്രവർത്തനങ്ങളുടെ വേഗത കുറയ്ക്കാനോ എന്നും പരിശോധിക്കണം. ഇനിയങ്ങോട്ട് ജനാഭിപ്രായങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം കൊടുത്തുകൊണ്ടും വിവാദങ്ങൾ ഒഴിവാക്കിയും സർക്കാരിന്റെ പ്രവർത്തനങ്ങൾ സജീവമാക്കണം. കാലാവധി തികയ്ക്കാൻ ഒന്നരവർഷം ബാക്കിയിരിക്കെ, ഊർജ്ജിതമായി പ്രവർത്തിക്കാൻ സി.പി.ഐ മന്ത്രിമാർക്കും നിർദ്ദേശം നൽകി.
തദ്ദേശഭരണ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളിലേക്ക് കടക്കാനും തീരുമാനിച്ചു. പാർട്ടിയുടെ തദ്ദേശഭരണ ഡിപ്പാർട്ട്മെന്റൽ കമ്മിറ്റി യോഗം ഈ മാസം 28ന് ചേരും. അതിന് മുന്നോടിയായി ജില്ലകളിൽ ബന്ധപ്പെട്ട സംഘടനായോഗങ്ങൾ പൂർത്തിയാക്കും. .